Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവിയിലെ ഗതാഗതം എങ്ങനെ?

522333533 Representative Image

എപ്പോൾ സംഭവിക്കുമെന്നു വ്യക്തതയില്ലെങ്കിലും സ്വന്തം കാർ എന്ന സങ്കൽപ്പത്തിന് ഇനി ആയുസ് അധികമില്ലെന്നു പ്രമുഖ കൺസൽറ്റൻസിയായ ഡിയോലിറ്റ്. സ്വന്തമായി കാർ വാങ്ങി ഓടിച്ചു നടക്കുന്ന ഇപ്പോഴത്തെ രീതി ചരിത്രമാവുമ്പോൾ പകരമെത്തുക സ്വയം ഓടുന്ന (ഡ്രൈവർ രഹിത) കാറുകളും കാർ പങ്കുവച്ചുള്ള (ഷെയേഡ് മൊബിലിറ്റി) യാത്രകളുമൊക്കെയാവും.
പ്രമുഖ വാഹന നിർമാതാക്കളെ പോലെ തന്നെ പഴയ പ്രവണതകൾ തകർത്തെറിയാൻ ശ്രമിക്കുന്ന സംരംഭകരും ഒരേ പോലെ വ്യക്തിഗത യാത്രാ മേഖലയിലെ പുതുസാധ്യതകളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ സജീവമാണെന്നും ഡിയോലിറ്റ് ഓർമിപ്പിക്കുന്നു. പരസ്പരം പോരാടുന്നത് നിരർഥകമാണെന്ന തിരിച്ചറവു മൂലമാവാം ലിഫ്റ്റ്, മാവെൻ, വെലോഡൈൻ, സിവിൽ മാപ്സ്, മൂവെൽ, കാർ ടു ഗോ തുടങ്ങിയ ‘ഡിസ്റപ്റ്റർ’മാരുമായി സഹകരിക്കാൻ പ്രമുഖ നിർമാതാക്കളായ ജനറൽ മോട്ടോഴ്സും ഫോഡും ഡെയ്മ്ലറുമൊക്കെ തീരുമാനിച്ചത്.

ചെലവു കുറഞ്ഞതും വേഗമേറിയതും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ യാത്രാമാർഗങ്ങൾ ഉൾപ്പെടുന്ന ‘സ്മാർട് സിറ്റി’കൾ യാഥാർഥ്യമാക്കാൻ വെല്ലുവിളിച്ച് യു എസ് ഗതാഗത വകുപ്പ്(ഡി ഒ ടി) പോലെ സർക്കാരുകളും ഈ മേഖലയെ പ്രോത്സാഹിപ്പിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്. അതുപോലെ നിയമങ്ങളിൽ തന്നെ പരിഷ്കാരം വരുത്തി നെവാഡ, മിചിഗൻ, പെൻസിൽവാനിയ, ഫ്ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഭാവിയുടെ സഞ്ചാര സംവിധാനങ്ങൾ അവതരിപ്പിക്കാൻ അരങ്ങൊരുക്കിക്കഴിഞ്ഞു. അടുത്ത വർഷത്തിനുള്ളിൽ തന്നെ ഭാവി യാത്രാസാധ്യതകളുടെ വിപുലമായ ആവിഷ്കാരങ്ങൾ ലോകത്തിന്റെ പലഭാഗത്തും യാഥാർഥ്യമായേക്കുമെന്നാണു ഡിലോയിറ്റിന്റെ വിലയിരുത്തൽ.
ഗതാഗത മേഖലയിൽ മാറ്റങ്ങൾ ഗതിവേഗമാർജിക്കുമ്പോഴും പുത്തൻ സാങ്കേതികവിദ്യകൾ എപ്പോഴേക്കു സ്വീകാര്യത കൈവരിക്കുമെന്നു പ്രവചിക്കുക പ്രായോഗികമല്ലെന്ന് ഡിലോയിറ്റ് കരുതുന്നു. ടെലിവിഷനും റേഡിയോയും സ്വീകാര്യത കൈവരിച്ചതിന്റെ വേഗവും ഇന്റർനെറ്റും സെൽഫോണുകളും പ്രചാരം നേടിയതിന്റെ വേഗവുമായി താരതമ്യമില്ലാത്തതു പോലെ ഉപയോക്താക്കളുടെ അഭിരുചി എപ്പോൾ എപ്രകാരമാവുമെന്ന് പൂർണമായും പ്രവചിക്കാനാവാത്തതാണ് പ്രശ്നം. എങ്കിലുംഅഞ്ചു വർഷത്തിനകം ഗതാഗത രംഗത്തു പ്രകടമായ മാറ്റങ്ങൾ സംഭവിക്കുമെന്ന കാര്യത്തിൽ ഡിലോയിറ്റിനു തർക്കമേയില്ല.

യു എസിലുള്ളവർ പ്രതിദിനം ശരാശരി 46 മിനിറ്റ് യാത്രയ്ക്കായി ചെലവഴിക്കുന്നെന്നാണു ഗവേഷണങ്ങളിൽ തെളിയുന്നത്; ഈ സമയം ഗുണപമായി വിനിയോഗിക്കാനുള്ള മാർഗങ്ങളാവും ഭാവിയിൽ വാഹന നിർമാതാക്കൾ തേടുകയെന്നു ഡിലോയിറ്റ് കരുതുന്നു. നെറ്റ്ഫ്ളിക്സുമായി സഹകരിച്ചു യാത്രയ്ക്കിടെ സ്ട്രീമിങ് സാധ്യമാക്കാൻ സ്വീഡിഷ് നിർമാതാക്കളായ വോൾവോ ശ്രമിക്കുന്നത് ഇത്തരം ഉദ്യമങ്ങൾക്കുള്ള ഉദാഹരണമാണ്. യാത്രാവേളയിൽ തത്മയ ഓഡിയോ സ്ട്രീമിങ്ങിനുള്ള സാധ്യത മറ്റു പല നിർമാതാക്കളും പരിശോധിക്കുന്നുണ്ട്. യാത്രയ്ക്കിടയിലെ ഷോപ്പിങ് ആണു മറ്റൊരു വാണിജ്യ സാധ്യത: യു കെയിൽ ഓൺലൈൻ ഷോപ്പിങ്ങിന്റെ 20% സംഭവിക്കുന്നതു യാത്രകൾക്കിടയിലാണെന്നാണു കണക്ക്. അഭിരുചികൾ തിരിച്ചറിഞ്ഞു നിങ്ങളുടെ യാത്ര ക്രമീകരിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നാണു ഡിലോയിറ്റ് നൽകുന്ന സൂചന. മുൻയാത്രകളുടെ പശ്ചാത്തലം, സോഷ്യൽ മീഡിയ, കണ്ടന്റ് ഉപയോഗ ക്രമം തുടങ്ങിയവയൊക്കെ വിലയിരുത്തിയാവും ഭാവി യാത്രകൾ നിശ്ചയിക്കപ്പെടുക.

Your Rating: