Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൈഡ് ഹെയ്ലിങ് കമ്പനിയായ സൈഡ്കാറിനെ ജി എം വാങ്ങി

sidecars Sidecar

പ്രവർത്തനം നിലച്ച റൈഡ് ഹെയ്ലിങ് കമ്പനിയായ സൈഡ്കാർ ടെക്നോളജീസ് ഇൻകോർപറേറ്റഡിനെ യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് കമ്പനി (ജി എം) ഏറ്റെടുത്തു. കഴിഞ്ഞ ഡിസംബർ 31നു പ്രവർത്തനം നിർത്തിയ സൈഡ്കാറിനെ ജി എം സ്വന്തമാക്കിയതിന്റെ സാമ്പത്തിക വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. മൂന്നു മൊബൈൽ ആപ്ലിക്കേഷനുകൾ അടിസ്ഥാനമാക്കിയായിരുന്നു 2012ൽ സ്ഥാപിതമായ സൈഡ്കാറിന്റെ പ്രവർത്തനം: റൈഡ് ഹെയ്ലിങ്, കാർ പൂളിങ്, ഡെലിവറി. സിയാറ്റിലും ബോസ്റ്റനുമടക്കം 10 യു എസ് നഗരങ്ങളിൽ പ്രവർത്തിച്ചിരുന്ന സൈഡ്കാറിനു പക്ഷേ ഈ രംഗത്തെ മുൻനിരക്കാരായ യൂബറും ലിഫ്റ്റുമായി പോരാടാനാവാതെ പോയതാണു തിരിച്ചടി സൃഷ്ടിച്ചത്.

സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ സൈഡ്കാറിന്റെ ജീവനക്കാരെയും ആസ്തികളെയുമൊക്കെ കമ്പനിയുടെ അർബൻ മൊബിലിറ്റി ടീമിൽ ലയിപ്പിക്കാനാണു ജി എമ്മിന്റെ നീക്കം. സൈഡ്കാർ സഹ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫിസറുമായ ജഹാൻ ഖന്ന ഈ ടീമിൽ ചേരുമെങ്കിലും മറ്റൊരു സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സുനിൽ പോൾ ജി എമ്മിലേക്കു വരില്ലെന്നാണു സൂചന. സൈഡ്കാറിലുണ്ടായിരുന്ന ഇരുപതോളം ജീവനക്കാരെയാവും ജി എം അർബൻ മൊബിലിറ്റി ടീമിനൊപ്പം ചേർക്കുക. പോരെങ്കിൽ എതിരാളികളായ യൂബറും ലിഫ്റ്റുമായുള്ള പോരാട്ടം ശക്തമാക്കാൻ സൈഡ്കാർ സമാഹരിച്ച 3.9 കോടി ഡോളറി(ഏകദേശം 265.34 കോടി രൂപ)ലും കുറവാണ് കമ്പനി ഏറ്റെടുക്കാനായി ജി എം മുടക്കിയതെന്ന അഭ്യൂഹവും ശക്തമാണ്. പോരെങ്കിൽ ലിഫ്റ്റുമായി ജി എമ്മിനുള്ള സഖ്യത്തെയും മറ്റും പിന്തുണയ്ക്കാനാവും ഇനി സൈഡ്കാർ സംഘത്തിന്റെ നിയോഗം.

പരമ്പരാഗത വാഹന വ്യവസായത്തിന് യൂബർ ടെക്നോളജീസ് ഇൻകോർപറേറ്റഡ് ഉയർത്തുന്ന വെല്ലുവിളി കനത്തതാണ് സൈഡ്കാർ ഏറ്റെടുക്കൽ പോലുള്ള നടപടികൾ സ്വീകരിക്കാൻ ജി എമ്മിനെയും മറ്റും പ്രേരിപ്പിക്കുന്നത്. മൊബിലിറ്റി മേഖലയിൽ ഈ മാസം തന്നെ ജി എം നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കലാണ് സൈഡ്കാറിന്റേത്; ജനുവരി നാലിന് ലിഫ്റ്റ് ഇൻകോർപറേറ്റഡിലും ജി എം 50 കോടി ഡോളർ(ഏകദേശം 3401.77 കോടി രൂപ) നിക്ഷേപിച്ചിരുന്നു. തുടർന്ന് ജി എം പ്രസിഡന്റായ ഡാനിയൽ അമ്മാൻ ലിഫ്റ്റിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗവുമായി. അതിനിടെ സ്വന്തം നിലയിൽ റൈഡ് ഷെയറിങ് സർവീസ് തുടങ്ങാൻ കമ്പനി ആലോചിക്കുന്നുണ്ടെന്നു ഫോഡ് മോട്ടോർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർക്ക് ഫീൽഡ്സും വെളിപ്പെടുത്തിയിട്ടുണ്ട്. ഡെയ്മ്ലർ എ ജിയാവട്ടെ 2014ൽ ജർമൻ റൈഡ് ഷെയറിങ് ആപ്ലിക്കേഷനുകളായ റൈഡ്സ്കൗട്ടും മൈ ടാക്സിയും ഏറ്റെടുത്തിരുന്നു.