Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ 20 പുതിയ മോഡൽ അവതരിപ്പിക്കാൻ ഷെവർലെ

chevrolet-logo

നാലു വർഷത്തിനകം ചൈനയിൽ ഇരുപതോളം പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നു യു എസ് നിർമാതാക്കളായ ഷെവർലെ. പുതിയവയ്ക്കൊപ്പം നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളും ഇതിൽപെടുമെന്നു കമ്പനി അറിയിച്ചു. ഷെവർലെയെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ വലിയ വിപണിയാണു ചൈന. ചൈനയിൽ ബ്രാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മോഡൽ ശ്രേണി യാഥാർഥ്യമാക്കാനാണു ശ്രമമെന്ന് ജനറൽ മോട്ടോഴ്സ് നോർത്ത് അമേരിക്ക പ്രസിഡന്റും ഷെവർലെയുടെ ആഗോള മേധാവിയുമായ അലൻ ബാറ്റി അറിയിച്ചു. മികച്ച സുരക്ഷയും പ്രകടനക്ഷമതയും ഇന്ധനക്ഷമതയുമൊക്കെ ഉറപ്പാക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഉൽപന്നങ്ങൾ വരുംവർഷങ്ങളിൽ കമ്പനി അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ചൈനയ്ക്കായി അവതരിപ്പിക്കുന്ന പുതുമോഡലുകളിൽ 30 ശതമാനത്തോളം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാവും; പകുതിയോളം തികച്ചും പുതിയ വാഹനങ്ങളും. ശേഷി കുറഞ്ഞ ടർബോ ചാർജ്ഡ് എൻജിൻ, ഡീസൽഎൻജിൻ, ഹൈബ്രിഡ് — പ്ലഗ് ഇൻ വൈദ്യുത സാങ്കേതികവിദ്യ തുടങ്ങിയവയൊക്കെ ചൈനയിൽ അവതരിപ്പിക്കാൻ ഷെവർലെ തയാറെടുക്കുന്നുണ്ട്. ഇക്കൊല്ലം ആദ്യം അരങ്ങേറ്റം കുറിച്ചതും ചൈനയ്ക്കായി അണിയിച്ചൊരുക്കിയ സെഡാനുമായ ‘മാലിബു എക്സ് എൽ’, ചൈനയ്ക്കുള്ള ആദ്യ സങ്കര ഇന്ധന മോഡലായ ‘മാലിബു എക്സ് എൽ ഹൈബ്രിഡ്’, ചൈനയിൽ മാത്രമല്ല ആഗോളതലത്തിലും മികച്ച വിൽപ്പന നേടിയ ‘ക്രൂസി’ന്റെ പുതുതലമുറ, ഇടത്തരം കോംപാക്ട് ഫാമിലി സെഡാനായ ‘കവലിയർ’, സ്പോർട്സ് കാറായ ‘കമാറൊ’യുടെ ആറാംതലമുറ തുടങ്ങിയവയൊക്കെ ചൈനയിലേത്തിക്കാൻ ഷെവർലെ തീരുമാനിച്ചിട്ടുണ്ട്.

എസ് എ ഐ സിയുമായുള്ള സംയുക്ത സംരംഭമാവും ചൈനീസ് വിപണിക്കായി ഷെവർലെയുടെ പുതുമോഡലുകൾ നിർമിക്കുക. ഒപ്പം ആഭ്യന്തര വിപണിക്ക് അനുയോജ്യമായ വിധത്തിൽ പാൻ ഏഷ്യ ടെക്നിക്കൽ ഓട്ടമോട്ടീവ് സെന്ററിന്റെ സഹായത്തോടെ വാഹനങ്ങളിൽ വേണ്ട മാറ്റം വരുത്താനും ജി എമ്മിനു പദ്ധതിയുണ്ട്. എസ് എ ഐ സി — ജി എം സഖ്യം 2005 മുതൽ ചൈനയിൽ ഷെവർലെ ബ്രാൻഡിലുള്ള വാഹനങ്ങൾ വിൽക്കുന്നുണ്ട്. രാജ്യത്തെ ഇരുനൂറോളം നഗരങ്ങളിൽ അറുനൂറോളം ഡീലർഷിപ്പുകൾ വഴിയാണു ഷെവർലെയുടെ വിൽപ്പന. തുടക്കത്തിൽ രണ്ടു മോഡലായിരുന്നു ഷെവർലെ ശ്രേണിയിലുള്ളത്; ഇപ്പോഴത് 12 മോഡലുകളിലായി 53 വകഭേദത്തിലെത്തി നിൽക്കുന്നു. ചെറു കാറും കോംപാക്ട് കാറും ഇടത്തരം കാറും എസ് യു വികളും സ്പോർട്സ് കാറുമൊക്കെ ഷെവർലെ ബ്രാൻഡിലുണ്ട്. ചൈനയിൽ ഇതുവരെ 40 ലക്ഷത്തോളം വാഹനം വിൽക്കാനും ഷെവർലെയ്ക്കു കഴിഞ്ഞിട്ടുണ്ട്.