Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1.60 ലക്ഷം കാർ തിരിച്ചുവിളിക്കാൻ ജി എം ഇന്ത്യ

Beat

ബാറ്ററിയുമായി ബന്ധപ്പെട്ട തകരാറുകളുടെ പേരിൽ ഇന്ത്യയിൽ ഒന്നര ലക്ഷത്തിലേറെ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ). 2007 — 2014 കാലത്തു നിർമിച്ചു വിറ്റ ഷെവർലെ ‘സ്പാർക്’, ‘ബീറ്റ്’, ‘എൻജോയ്’ മോഡലുകൾക്കാണു പരിശോധന ആവശ്യമായി വരിക. പരമ്പരാഗത രീതിയിലുള്ള താക്കോലിനു പകരം റിമോട്ട് കീലെസ് എൻട്രി എന്ന സൗകര്യം ലഭ്യമാവുന്ന മോഡലുകളിലാണു തകരാർ സംശയിക്കുന്നതെന്ന് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുള്ള കാർ നിർമാതാക്കളായ ജി എം അറിയിച്ചു. ഇത്തരത്തിൽപെട്ട 1.60 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു കമ്പനിയുടെ തീരുമാനം.

ബാറ്ററി വയറിങ്ങിന് അറ്റകുറ്റപ്പണി ആവശ്യമുള്ള വാഹനങ്ങളുടെ ഉടമകൾക്ക് ജി എം ഇന്ത്യ വിൽപ്പനാന്തര സേവന വിഭാഗം ഡയറക്ടർ ആനന്ദ് കുമാർ കത്തയയ്ക്കുമെന്നാണു സൂചന. ഓട്ടോകോപ് നിർമിച്ചു നൽകിയ കീലെസ് എൻട്രി ഘടിപ്പിച്ച കാറുകൾക്കു മാത്രമാണ് പരിശോധന വേണ്ടി വരികയെന്നും ജി എം ഐ വ്യക്തമാക്കുന്നു. ബാറ്ററിങ് വയറിങ്ങിലെ അപാകത മൂലം ഷോർട്ട് സർക്യൂട്ടിനും അതുവഴി അഗ്നിബാധയ്ക്കും സാധ്യതയുണ്ടെന്നാണു ജി എമ്മിന്റെ നിഗമനം. ചിലപ്പോഴാവട്ടെ വയറിങ്ങിലെ ഈ തകരാർ മൂലം ഉടമകൾക്ക് കാറിന്റെ ലോക്ക് തുറക്കാനോ വാഹനത്തിനുള്ളിൽ കടക്കാനോ കഴിയാതെ പോകാനുള്ള സാധ്യതയും ജി എം സംശയിക്കുന്നുണ്ട്.

തകരാറുള്ള വാഹനങ്ങളിലെ ബാറ്ററി വയറിങ് ഹാർണെസ് സൗജന്യമായി അറ്റകുറ്റപ്പണി നടത്തിക്കൊടുക്കുമെന്നാണു ജി എം ഐയുടെ വാഗ്ദാനം. അംഗീകൃത സർവീസ് സെന്ററിൽ എത്തിച്ചാൽ രണ്ടു മണിക്കൂറിനകം തകരാർ പരിഹരിച്ചു നൽകാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

നിർമാണ തകരാർ സംശയിച്ചു സ്വന്തം നിലയിൽ വാഹനം തിരിച്ചുവിളിക്കുന്ന സംവിധാന പ്രകാരം ജി എം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ പരിശോധനയാണ് ഇപ്പോഴത്തേത്. വാഹന നിർമാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച് 2012 മുതൽ ഇതുവരെ എട്ടു ലക്ഷത്തിലേറെ കാറുകളാണ് ഇന്ത്യയിൽ വിവിധ നിർമാതാക്കൾ സ്വന്തം നിലയിൽ തിരിച്ചുവിളിച്ചു പരിശോധിച്ചത്. ഇക്കൊല്ലം തന്നെ ഇതുവരെ അഞ്ചു തവണയായി എഴുപതിനായിരത്തിലേറെ വാഹനങ്ങൾ തിരിച്ചുവിളിച്ചു കഴിഞ്ഞു.

നിർമാണ തകരാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് 2013ൽ ജി എം ഐ 1.14 ലക്ഷത്തോളം ഷെവർലെ ‘ടവേര’ എം പി വികൾ തിരിച്ചുവിളിച്ചിരുന്നു. 2005 മുതൽ 2013 വരെയുള്ള മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട നിലവാരങ്ങൾ കൈവരിക്കുന്നതിൽ പോരായ്മ കണ്ടെത്തിയ സാഹചര്യത്തിലാണ് 2005 — 2013 കാലത്തു നിർമിച്ചു വിറ്റ വാഹനങ്ങൾ ജി എം തിരിച്ചു വിളിച്ചു പരിശോധിച്ചത്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് മൂന്ന്, ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന ‘ടവേര’ മോഡലുകൾക്കായിരുന്നു അന്നത്തെ പരിശോധന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.