Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെവർലെ ക്രൂസ് തിരിച്ചുവിളിച്ചു

chevrolet-cruze

വേഗം കുറയുമ്പോൾ എൻജിന്റെ പ്രവർത്തനം നിലയ്ക്കാനുള്ള സാധ്യത മുൻനിർത്തി യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം) ഇന്ത്യയിൽ വിറ്റ 22,000 ‘ഷെവർലെ ക്രൂസ്’ തിരിച്ചുവിളിക്കുന്നു. 2009 മുതൽ 2011 വരെ നിർമിച്ച ‘ക്രൂസ്’ കാറുകൾക്കാണു പരിശോധന ആവശ്യമെന്നു ജനറൽ മോട്ടോഴ്സ് ഇന്ത്യ അറിയിച്ചു. ഡീലർഷിപ്പുകളിലെത്തിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണി സൗജന്യമായി പൂർത്തിയാക്കി നൽകാമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. 2009 — 2011 മോഡൽ ‘ക്രൂസി’ന്റെ ഉടമകൾ ഡീലർഷിപ്പുമായി ബന്ധപ്പെട്ടു മുൻകൂട്ടി സമയം നിശ്ചയിച്ച ശേഷം കാറുകൾ വർക്ഷോപ്പിലെത്തിക്കാനെന്നും കമ്പനി അറിയിച്ചു.

ഉപഭോക്തൃ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ വാഹനങ്ങൾ ലഭ്യമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ജനറൽ മോട്ടോഴ്സ് ഇന്ത്യ വൈസ് പ്രസിഡന്റ്(ആഫ്റ്റർ സെയിൽസ്) മാർകസ് സ്റ്റെൺബർഗ് വ്യക്തമാക്കി. അപകട സാധ്യത സംബന്ധിച്ചു സൂചന ലഭിച്ചാലുടൻ ആ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതും ഈ പ്രതിബദ്ധത മൂലമാണ്.

എൻജിൻ നിശ്ചലമാവുന്നതു സുരക്ഷാപ്രശ്നമായി മാറുകയോ അപകടം സംഭവിക്കുകയോ ചെയ്തിട്ടില്ലെങ്കിലും വാഹനങ്ങളുടെ പ്രവർത്തന മികവ് ഉറപ്പാക്കാനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമായാണു ‘ക്രൂസ്’ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ‘ക്രൂസ്’ കാറുകളുടെ പരിശോധന കാര്യക്ഷമവും സമയബന്ധിതവുമായി പൂർത്തിയാക്കാൻ കമ്പനി സർവീസ് സെന്ററുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. സാധ്യമെങ്കിൽ ഉടമസ്ഥരുടെ വീട്ടിൽ നിന്നു കാർ ഏറ്റെടുത്ത് അറ്റകുറ്റപ്പണി പൂർത്തിയാക്കി മടക്കി നൽകാനുള്ള സംവിധാനവും ജി എം ഒരുക്കും.