Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ്: ജർമൻ ശാലകളുടെ പ്രവർത്തനം ചുരുക്കാൻ ജി എം

general-motors-us

യൂറോപ്യൻ യൂണിയനിൽ നിന്നു പിൻമാറാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന്റെ ഫലമായി ‘കോഴ്സ’, ‘ഇൻസിഗ്നിയ’ മോഡലുകൾക്ക് ആവശ്യം ഇടിഞ്ഞതായി യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ഉപസ്ഥാപനമായ ഒപെൽ. ഈ സാഹചര്യത്തിൽ ജർമനിയിലെ രണ്ടു നിർമാണശാലകളുടെ പ്രവർത്തനസമയം വെട്ടിക്കുറയ്ക്കുമെന്നും ഒപെൽ വ്യക്തമാക്കി. ‘കോഴ്സ’യുടെയും ‘ഇൻസിഗ്നിയ’യുടെയും ഏറ്റവും വലിയ വിപണിയാണു യു കെ.

ഇക്കൊല്ലം റസൽഷീമിലെയും ഐസനാഷിലെയും നിർമാണശാലകളുടെ പ്രവർത്തനസമയം വെട്ടിക്കുറയ്ക്കുമെന്നാണ് ഒപെലിന്റെ നിലപാട്. യു കെയിൽ ‘കോഴ്സ’യും ‘ഇൻസിഗ്നി’യും കൈവരിക്കുന്ന വിൽപ്പന അടിസ്ഥാനമാക്കിയാവും ഇരുശാലകളും ഇക്കൊല്ലം എത്ര ദിവസം പ്രവർത്തിക്കണമെന്ന് തീരുമാനിക്കുകയെന്നും കമ്പനി വ്യക്തമാക്കി. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന അഭിപ്രായവോട്ടെടുപ്പ് ഫലം യു കെയിൽ ബിസിനസ് താൽപര്യമുള്ള കമ്പനികൾക്കെല്ലാം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് ഒപെൽ വിശദീകരിച്ചു. വിനിമയ നിരക്കിൽ പൗണ്ട് നിലവിലുള്ള നിലവാരത്തിൽ തുടർന്നാൽ ഇക്കൊല്ലം കമ്പനിയുടെ യൂറോപ്പിലെ പ്രകടനത്തെ ബാധിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ ഒപെൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബ്രെക്സിറ്റ് വോട്ടെടുപ്പ് ഫലം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കർശന ചെലവു ചുരുക്കൽ നടപടികളിലൂടെ യൂറോപ്പിൽ 40 കോടി ഡോളർ (ഏകദേശം 2685.53 കോടി രൂപ) കണ്ടെത്തേണ്ടി വരുമെന്നാണ് ജനറൽ മോട്ടോഴ്സ് കണക്കാക്കുന്നത്. യൂറോയുമായുള്ള വിനിമയത്തിൽ പൗണ്ട് മൂല്യത്തകർച്ച നേരിടുന്നതിനാൽ യൂറോപ്യൻ നിർമിച്ച വാഹനഘടകങ്ങൾ യു കെയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് ഗണ്യമായി വർധിച്ചിട്ടുണ്ട്.

ഉൽപ്പാദന ചെലവ് വീണ്ടും ഉയർന്നാൽ ജി എം ബ്രിട്ടനിലെ വാഹന ഉൽപ്പാദനം പൂർണമായും അവസാനിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ‘ആസ്ട്ര’, ‘ഒപെൽ സ്പോർട്സ് ടൂറർ’ എന്നിവയാണു കമ്പനി എല്ലിസ്മെയർ പോർട് ശാലയിൽ നിർമിക്കുന്നത്; ഈ വാഹനങ്ങൾക്കുള്ള എൻജിനുകളാവട്ടെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണെത്തുന്നത്. ഇതിനു പുറമെ ഇംഗ്ലണ്ടിലെ ല്യൂട്ടനിലെ ശാലയിൽ ജി എം ‘വിവാരൊ’ വാനും നിർമിക്കുന്നുണ്ട്. ഇതിനു പുറമെ സ്പെയിനിലെ സരഗോസ, ജർമനിയിലെ റസൽഷീം, ഐസനാഷ്, പോളണ്ടിലെ ഗ്ലിവൈസ് എന്നിവിടങ്ങളിലും ജി എമ്മിനു നിർമാണ ശാലകളുണ്ട്.

Your Rating: