Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഫലപ്പട്ടിക: വനിതാ മേധാവികളിൽ മേരി ബാര മൂന്നാമത്

mary-barra

യു എസിലെ കമ്പനി മേധാവികളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വനിതകളുടെ പട്ടികയിൽ ജനറൽ മോട്ടോഴ്സ്(ജി എം) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സി ഇ ഒ) മേരി ബാരയ്ക്കു മൂന്നാം സ്ഥാനം. കമ്പനിയുടെ ആദ്യ വനിതാ മേധാവിയായ ബാരയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 3.63 കോടി ഡോളർ(ഏകദേശം 243.10 കോടി രൂപ) ആണു ജി എം പ്രതിഫലം നൽകിയതെന്നാണു കണക്ക്. 2014ൽ സി ഇ ഒ സ്ഥാനത്തെത്തും മുമ്പ് ജി എണ്മിന്റെ പ്രോഡക്ട് ഡവലപ്മെന്റ് വിഭാഗം ജനറൽ മാനേജരായിരുന്നു ബാര. അതേസമയം, ഒറക്ൾ കോർപറേഷൻ കോ ചീഫ് എക്സിക്യൂട്ടീവായ സഫ്ര കാറ്റ്സാണു വൻപ്രതിഫലം വാങ്ങുന്ന വനിതാ കമ്പനി മേധാവികളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത്.

കഴിഞ്ഞ വർഷം 5.69 കോടി ഡോളർ(ഏകദേശം 381.06 കോടി രൂപ) വരുമാനം നേടിയാണു കാറ്റ്സ് യു എസിൽ ഓഹരി വ്യാപാരം നടക്കുന്ന കമ്പനികളിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന 200 പേരെ ഉൾപ്പെടുത്തിയ ബ്ലൂംബർഗ് പേ ഇൻഡക്സിലെ പ്രഥമ വനിതയായത്. കാറ്റ്സിന്റെ പ്രതിഫലത്തിൽ 1.05 കോടി ഡോളർ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ആനുകൂല്യമാണ്; വാർഷിക ഓഹരി ഗ്രാന്റുകൾക്കു പുറമെ 10 ലക്ഷം ഡോളറാണു ശമ്പളം.ഗുഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായ റൂത്ത് പോററ്റ് ആണ് ഏറ്റവുമധികം വാർഷിക വരുമാനമുള്ള വനിതകളിൽ രണ്ടാം സ്ഥാനത്ത്. മോർഗൻ സ്റ്റാൻലിയിലെ സി എഫ് ഒ പദത്തിൽ നിന്ന് ആൽഫബെറ്റിലേക്കു ചേക്കേറിയ പോററ്റിന് 4.11 കോടി ഡോളർ(275.12 കോടിയോളം രൂപ)യാണു കഴിഞ്ഞ വർഷം ലഭിച്ചത്.

ഇതിൽ പുതിയ കമ്പനിയിൽ ചേർന്ന വകയിൽ ലഭിച്ച സൈൻ ഓൺ ബോണസായ 50 ലക്ഷം ഡോളറും ഉൾപ്പെടും.ഉയർന്ന ശമ്പളം വാങ്ങുന്ന 200 എക്സിക്യൂട്ടീവുകളുടെ പട്ടികയിൽ 17 വനിതകളാണ് ഇടം പിടിച്ചത്; സ്റ്റാൻഡേഡ് ആൻഡ് പുവറിന്റെ 500 ഇൻഡക്സിലെ കമ്പനികളുടെ എക്സിക്യൂട്ടീവ് ഓഫിസർമാരാണ് ഇതിൽ 15 പേർ. ഉന്നത പദവികളിലെത്തുന്ന വനിതകളുടെ എണ്ണം വർധിപ്പിക്കുന്നതു വെല്ലുവിളിയാണെന്ന് 1999ൽ ഒറക്ളിന്റെ സീനിയർ വൈസ് പ്രസിഡന്റായി ജോലിയിൽ പ്രവേശിച്ചകാറ്റ്സ്(54) അഭിപ്രായപ്പെട്ടു. 2014ൽ കോ പ്രസിഡന്റും സി എഫ് ഒയുമായി ജോലി നോക്കവെ കാറ്റ്സിനെ കലിഫോണിയ ആസ്ഥാനമായ ഡേറ്റാബേസ് കമ്പനിയായ റെഡ്വുഡ് സിറ്റിയുടെ കോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിച്ചിരുന്നു. പുതിയ തസ്തികയിൽ കമ്പനിയുടെ ഫിനാൻസ്, മാനുഫാക്ചറിങ്, ലീഗൽ ഓപ്പറേഷൻസ് വിഭാഗങ്ങളുടെ ചുമതലയാണു കാറ്റ്സിനു നൽകിയിട്ടുള്ളത്.