Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എം ഇഗ്നീഷൻ സ്വിച് തകരാർ: മരിച്ചത് 124 പേർ

GM

നിർമാണ തകരാറുള്ള ഇഗ്നീഷൻ സ്വിച്ചുകൾ ഘടിപ്പിച്ചു ജനറൽ മോട്ടോഴ്സ്(ജി എം) വിറ്റ കാറുകൾ അപകടത്തിൽപെട്ടു 124 പേർ മരിക്കുകയും 266 പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നു നഷ്ടപരിഹാര വിതരണത്തിനായി അറ്റോണി കെന്നത്ത് ഫെയ്ൻബർഗിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഫണ്ട്. ജീവഹാനി സംഭവിച്ചവർക്ക് കുറഞ്ഞത് 10 ലക്ഷം ഡോളർ(ഏകദേശം 6.34 കോടി രൂപ)യാണു കുറഞ്ഞ നഷ്ടപരിഹാരത്തുക.

നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയായ ജനുവരി 31നകം ലഭിച്ച 4,342 അപേക്ഷകളും ഫണ്ട് തീർപ്പാക്കി. അപേക്ഷകരിൽ 91 ശതമാനത്തിനും നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നാണു ഫെയ്ൻബർഗിന്റെ നിഗമനം. ഫണ്ടിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാനും അപേക്ഷകർക്ക് അവസരമുണ്ടാവില്ല.

കഴിഞ്ഞ മാർച്ച് 31 വരെ ഫെയ്ൻബെർഗ് അംഗീകരിച്ച അപേക്ഷകർക്കുള്ള നഷ്ടപരിഹാരമായി ജി എം 20 കോടി ഡോളർ(ഏകദേശം 12.70 കോടി രൂപ) വിതരണം ചെയ്തെന്നാണു കണക്ക്. അവശേഷിക്കുന്ന അപേക്ഷകർക്ക് 60 കോടി ഡോളർ കൂടി അനുവദിക്കേണ്ടി വരുമെന്നും ജി എം വിലയിരുത്തുന്നു.

നിർമാണ തകരാറുള്ള ഇഗ്നിഷൻ സ്വിച്ചുകൾ ഘടിപ്പിച്ചതിന്റെ പേരിൽ മാത്രം കഴിഞ്ഞ വർഷം 59 ലക്ഷം കാറുകളാണു ജനറൽ മോട്ടോഴ്സ് തിരിച്ചുവിളിച്ചത്. ഇത്തരം സ്വിച്ചുകൾ ഘടിപ്പിച്ച കാറുകൾ അപകടത്തിൽപെട്ടതിനാൽ ചുരുങ്ങിയത് 57 പേർ കൊല്ലപ്പെട്ടെന്നും 90 പേർക്കു പരുക്കേറ്റെന്നുമാണു കണക്ക്.

അപ്രതീക്ഷിതമായി എൻജിൻ നിർത്താനും പവർ സ്റ്റീയറിങ്, പവർ ബ്രേക്ക്, എയർ ബാഗ് എന്നിവ പ്രവർത്തനരഹിതമാക്കാനും സാധ്യതയുള്ള ഇഗ്നീഷൻ സ്വിച്ചുകൾ ഘടിപ്പിച്ചതിന്റെ പേരിൽ 2014 ഫെബ്രുവരിയിലാണു ജി എം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിച്ചു തുടങ്ങിയത്. തുടക്കത്തിൽ 2005 — 2007 കാലത്തു നിർമിച്ച ‘ഷെവർലെ കൊബാൾട്ട്’, 2003 — 2007 മോഡൽ ‘സാറ്റേൺ അയോൺ’ തുടങ്ങി 27 ലക്ഷത്തോളം കാറുകളാണു കമ്പനി തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്. തുടർന്നു ഘട്ടം ഘട്ടമായി പരിശോധന വ്യാപിപ്പിച്ചത്തോടെ ആഗോളതലത്തിൽ തിരിച്ചുവിളിച്ച വാഹനങ്ങളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.

ദശാബ്ദത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇഗ്നീഷൻ സ്വിച് തകരാറിന്റെ പേരിൽ വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ജി എം തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. 2005 — 2007 കാലത്തു നിർമിച്ച ‘ഷെവർലെ കൊബാൾട്ട്’, 2003 — 2007 മോഡൽ ‘സാറ്റേൺ അയോൺ’ തുടങ്ങിയവ കഴിഞ്ഞ വർഷം മാത്രമാണു കമ്പനി തിരിച്ചു വിളിച്ചത്. ഇതോടെ പ്രശ്നത്തെപ്പറ്റി സർക്കാർ തലത്തിൽ സിവിൽ — ക്രിമിനൽ അന്വേഷണം ആരംഭിച്ചതിനൊപ്പം വിഷയം കോൺഗ്രസിൽ ചർച്ചയാവുകയും യു എസിലെയും കാനഡയിലെയും കോടതികളിൽ നഷ്ടപരിഹാര കേസുകൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. 2001ൽ തിരിച്ചറിഞ്ഞ പ്രശ്നം പരിഹരിക്കാൻ ഇത്രയും കാലതാമസം നേരിട്ടത് എന്തുകൊണ്ടെന്ന ചോദ്യമാണു ജി എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.