Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകാത്ത: 3.75 ലക്ഷം പിക് അപ് തിരിച്ചുവിളിക്കാൻ ജി എം

GM to recall 3.7 lakh pickups

തകാത്ത കോർപറേഷൻ ലഭ്യമാക്കിയ നിർമാണ പിഴവുള്ള എയർബാഗ് ഉപയോഗിച്ചതിന്റെ പേരിൽ 3.75 ലക്ഷം ഹെവിഡ്യൂട്ടി പിക് അപ് ട്രക്ക് തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു യു എസിലെ ജനറൽ മോട്ടോഴ്സ്(ജി എം). പരിശോധിക്കേണ്ടി വരുന്ന 2007, 2008 മോഡൽ ഷെവർലെ ‘സിൽവറാഡൊ’, ‘സിയറ’ പിക് അപ് ട്രക്കുകളിൽ യാത്രക്കാരുടെ വശത്താണു തകാത്ത കോർപറേഷനിൽ നിന്നുള്ള എയർബാഗുകൾ ഉപയോഗിച്ചിരിക്കുന്നതെന്നു ജി എം വിശദീകരിച്ചു.

അതിനിടെ തകാത്തയുടെ എയർബാഗിന്റെ പേരിലുള്ള പരിശോധന വിപുലീകരിക്കാൻ ഫ്യുജി ഹെവി ഇൻഡസ്ട്രീസിനു കീഴിൽ പ്രവർത്തിക്കുന്ന സുബാരു തീരുമാനിച്ചു. 2004 — 2005 മോഡൽ ‘ഇംപ്രെസ’ കോംപാക്ട് കാറുകളാണു കമ്പനി തിരിച്ചുവിളിക്കുന്നത്; നേരത്തെ 20,000 കാറുകൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത് 80,000 ആയി വിപുലീകരിച്ചെന്നാണു സുബാരുവിന്റെ പ്രഖ്യാപനം.

അപ്രതീക്ഷിതമായി എയർബാഗ് വിന്യസിക്കപ്പെട്ടതായോ തുടർന്ന് അപകടം സംഭവിച്ചതായോ വിവരമില്ലെന്നും ജി എമ്മും സുബാരുവും വിശദീകരിച്ചിട്ടുണ്ട്. നിർമാണതകരാറുള്ളതെന്നു സംശയിക്കുന്ന എയർബാഗ് ഇൻഫ്ളേറ്ററുകൾ ഘടിപ്പിച്ച വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതു സംബന്ധിച്ച് തകാത്തയും യു എസ് സുരക്ഷാ നിയന്ത്രണ സംവിധാനമായ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനു(എൻ എച്ച് ടി എസ് എ)മായി ധാരണയിലെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണു സുബാരുവിന്റെയും ജി എമ്മിന്റെയും പ്രഖ്യാപനം.

വിന്യാസവേളയിൽ ശക്തമായ സ്ഫോടനം സൃഷ്ടിക്കാനും ഇതുവഴി മൂർച്ചയേറിയ വസ്തുക്കൾ വിതറി യാത്രക്കാരെ അപകടത്തിൽപെടുത്താനുമുള്ള സാധ്യത മുൻനിർത്തി തകാത്ത കോർപറേഷന്റെ എയർബാഗ് ഘടിപ്പിച്ച ലക്ഷക്കണക്കിനു കാറുകളാണു വിവിധ നിർമാതാക്കൾ ആഗോളതലത്തിൽ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. നിർമാണ പിഴവുള്ള തകാത്ത കോർപറേഷന്റെ എയർബാഗുകൾ പൊട്ടിത്തെറിച്ച് ആറു മരണം സംഭവിച്ചെന്നാണു കണക്ക്; ഇവ ആറും ഹോണ്ടയുടെ കാറുകളിലായിരുന്നു എന്നും പറയപ്പെടുന്നു.

കഴിഞ്ഞ നാലു വർഷത്തിനിടെ ജപ്പാനിൽ തകാത്ത എയർബാഗുകൾ 12 തവണ തെറ്റായ രീതിയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ നിക്കി റിപ്പോർട്ട് ചെയ്തിരുന്നു; ഇവയെല്ലാം ടൊയോട്ട, ഹോണ്ട വാഹനങ്ങളിലായിരുന്നെന്നും ജപ്പാൻ ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ അപകടങ്ങളിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും നിക്കി വ്യക്തമാക്കുന്നു.

നിർമാണ പിഴവുള്ള തകാത്ത കോർപറേഷൻ എയർബാഗുൾ കഴിഞ്ഞ വർഷം അവസാനത്തോടെ യു എസ് കോൺഗ്രസിലും ചർച്ചാവിഷയമായിരുന്നു. വാണിജ്യത്തിനും നിർമാണത്തിനും വ്യാപരത്തിനുമുള്ള കോൺഗ്രസ് ഉപസമിതി അടുത്ത ചൊവ്വാഴ്ച ഈ വിഷയത്തിൽ തെളിവെടുപ്പു പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ അഞ്ചു വാഹന നിർമാതാക്കൾ തകാത്ത കോർപറേഷന്റെ എയർബാഗുകൾ ഘടിപ്പിച്ച ലക്ഷക്കണക്കിനു വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാനും തീരുമാനിച്ചിരുന്നു.

എയർബാഗ് തകരാറിനുള്ള മൂലകാരണം കണ്ടെത്താൻ തകാത്ത കോർപറേഷനോ വാഹന നിർമാതാക്കൾക്കോ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എയർബാഗുകൾ ശരിയായി പ്രവർത്തിക്കാത്തതിന്റെ ഉത്തരവാദിത്തം വാഹന നിർമാതാക്കൾ കൂടി ഏറ്റെടുക്കണമെന്ന നിലപാടിലാണു തകാത്ത. ഒപ്പം ഈ പ്രശ്നത്തിന്റെ പേരിലുള്ള നഷ്ടപരിഹാര ബാധ്യതയും വാഹന നിർമാതാക്കൾ പങ്കിടണമെന്നു തകാത്ത കരുതുന്നു.