Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റങ്ങളെ വരവേറ്റ് ഇന്ത്യൻ കാർ വിപണി: ഗോയങ്ക

pawan-goenka Pawan Goenka

അതിവേഗമുള്ള പരിവർത്തനങ്ങൾക്കാണ് ഇന്ത്യൻ കാർ വിപണി സാക്ഷ്യം വഹിക്കുന്നതെന്ന് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക. ടാക്സി അഗ്രിഗേറ്റർമാരുടെ പെരുപ്പം, കർശന മലിനീകരണ നിയന്ത്രണങ്ങൾ, ചരക്ക് സേവന നികുതി(ജി എസ് ടി), സ്വയം ഓടുന്ന കാറുകൾ തുടങ്ങിയവയാകും സമീപ ഭാവിയിൽ ഇന്ത്യൻ വാഹന വ്യവസായത്തിന്റെ ഗതി നിർണയിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഘടകങ്ങൾ അടുത്ത നാലഞ്ചു വർഷത്തിനിടെ ആഗോള കാർ വ്യവസായത്തിന്റെ തന്നെ ജാതകം തിരുത്തിക്കുറിക്കുമെന്നും അദ്ദേഹം വിലയിരുത്തി.

മത്സരം സൃഷ്ടിക്കുന്ന സമ്മർദം മൂലം ആഗോളതലത്തിലെ പോലെ ഇന്ത്യൻ വാഹന നിർമാതാക്കളും ലയന — സഖ്യ സാധ്യത തേടുമെന്നും അദ്ദേഹം കരുതുന്നു. അതേസമയം, മഹീന്ദ്രയും ഫോഡുമായുള്ള ലയന സാധ്യതെക്കുറിച്ചു പ്രചരിക്കുന്ന ഊഹാപോഹങ്ങൾ തള്ളാനോ കൊള്ളാനോ ഗോയങ്ക തയാറായില്ല. മാറുന്ന സാഹചര്യത്തിൽ സുസ്ഥിര സഞ്ചാര സ്വാതന്ത്യ്രം ഉറപ്പാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ഗോയങ്ക വിശദീകരിച്ചു. കൂടാതെ വൈദ്യുത വാഹനങ്ങളുടെ പ്രചാരം വർധിപ്പിക്കാനുള്ള രാസത്വരകമായി പ്രവർത്തിക്കാനും മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. ഇതോടൊപ്പം വിൽപ്പനയിലും വിപണി വിഹിതത്തിലും വരുമാനത്തിലും ലാഭത്തിലുമൊക്കെയുള്ള വളർച്ചയും കമ്പനി ലക്ഷ്യമിടുന്നു.

ഓലയും യൂബറും പോലുള്ള ടാക്സി അഗ്രിഗേറ്റർമാരുടെ വ്യാപനമാണ് ഇന്ത്യൻ വാഹന വ്യവസായത്തിൽ ഏറ്റവും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നത്. വ്യവസായ മേഖലയിൽ ഇത്തരം കമ്പനികൾ സൃഷ്ടിക്കുന്ന ആഘാതം വില നിർണയത്തിനുള്ള അവകാശം വാഹന നിർമാതാക്കളിൽ നിന്ന് ഉപയോക്താക്കളിലത്തിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം വിലയിരുത്തി. വിൽപ്പനക്കാരനെ അപേക്ഷിച്ച് വാങ്ങാനെതത്തുന്നവർ കരുത്തനാവുന്നു എന്നതാണു പ്രധാന മാറ്റം; ഇതോടെ വിലയും വാഹനം വാങ്ങുന്നവർ നിർണയിക്കുമെന്ന സ്ഥിതിയാവുമെന്ന് ഗോയങ്ക വിശദീകരിച്ചു.

Your Rating: