Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണ കമ്പനി ലയനം: ചർച്ചയാവാമെന്നു കേന്ദ്ര സർക്കാർ

Refinery

പൊതുമേഖല എണ്ണ വിപണന സംരംഭങ്ങളെ ലയിപ്പിച്ചു വമ്പൻ കമ്പനി രൂപീകരിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കു സർക്കാർ സന്നദ്ധമാണെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യത്തെ എണ്ണ പര്യവേഷണ, ഉത്പാദന(ഇ ആൻഡ് പി) കമ്പനികളെയും പൊതുമേഖലയിലെ ഇന്ധന വിപണന സംരംഭങ്ങളെയും ലയിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് സർക്കാർ ആലോചിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്(ഐ ഒ സി എൽ), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(എച്ച് പി സി എൽ), എണ്ണ, പ്രകൃതിവാതക കോർപറേഷൻ(ഒ എൻ ജി സി), ഓയിൽ ഇന്ത്യ ലിമിറ്റഡ്(ഓയിൽ) എന്നിവയാണ് ഈ മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഇടിഞ്ഞതോടെ പര്യവേഷണ — ഉൽപ്പാദന മേഖലകളിൽ പ്രവർത്തിക്കുന്ന ഒ എൻ ജി സിയുടെും ഓയിൽ ഇന്ത്യയുടെയും ലാഭക്ഷമത വെല്ലുവിളി നേരിടുകയാണെന്നു പ്രധാൻ വിശദീകരിച്ചു. ഈ പ്രതിസന്ധി മറികടക്കാൻ എണ്ണ വിപണന കമ്പനികളുമായി ഇവയെ ലയിപ്പിക്കുകയാണ് മാർഗമെന്നു കമ്പനി ഡയറക്ടമാരിൽ ഒരാൾ നിർദേശിച്ചിരുന്നു. നിലവിൽ സാഹചര്യം പരിഗണിക്കുമ്പോൾ ഈ നിർദേശം ചർച്ച ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്നു പ്രധാൻ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ പശ്ചിമ തീരത്തു സ്ഥാപിക്കുന്ന വമ്പൻ എണ്ണ ശുദ്ധീകരണശാലയ്ക്കുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. രണ്ടു ഘട്ടങ്ങളിലായി പ്രതിവർഷം ആറു കോടി ടൺ ശുദ്ധീകരണ ശേഷിയുള്ള ശാല മഹാരാഷ്ട്രയിലാണു സ്ഥാപിതമാവുക. ഐ ഒ സിഎല്ലും ബി പി സി എല്ലും എച്ച് പി സി എല്ലും ചേർന്നു രൂപീകരിക്കുന്ന എസ് പി വിക്കാവും പദ്ധതിയുടെ നടത്തിപ്പ് ചുമതല. കമ്പനിയുടെ ഓഹരി ഘടനയും പദ്ധതിക്ക് ആവശ്യമുള്ള ഭൂമിയുടെ വ്യാപ്തിയും മൊത്തം നിക്ഷേപവുമൊക്കെ ഈ പങ്കാളികളാവും നിശ്ചയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.  

Your Rating: