Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ട്രീറ്റ് 500 ഇന്ത്യയിലേയ്ക്കില്ല

street-500-2 Harley Davidson Street 500

എൻട്രി ലവൽ മോഡലായ ‘സ്ട്രീറ്റ് 500’ ഇന്ത്യയിലെത്താൻ തൽക്കാലം സാധ്യതയില്ലെന്ന് അമേരിക്കൻ ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ. 2014ൽ വിപണിയിലെത്തിയ ‘സ്ട്രീറ്റ് 750’ ആണു നിലവിൽ ഹാർലി ഡേവിഡ്സൻ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കുറഞ്ഞ മോഡൽ. നാലു ലക്ഷത്തോളം രൂപ വിലയ്ക്കാണു ഹാർലി ഡേവിഡ്സൻ ഇന്ത്യ ‘സ്ട്രീറ്റ് 750’ വിൽക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വിൽപ്പന മെച്ചപ്പെടുത്താൻ ഇതിലും വില കുറഞ്ഞ ‘സ്ട്രീറ്റ് 500’ ഈ വിപണിയിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 2013ൽ മിലാനിൽ നടന്ന ഇ ഐ സി എം എ ഷോയിലാണു ഹാർലി ഡേവിഡ്സൻ ‘സ്ട്രീറ്റ് 750’, ‘സ്ട്രീറ്റ് 500’ എന്നിവ അനാവരണം ചെയ്തത്. ‘സ്ട്രീറ്റ് 500’ ഇന്ത്യൻ വിപണിക്ക് അനുയോജ്യമല്ലെന്നാണ് ഹാർലി ഡേവിഡ്സൻ ഏഷ്യ പസഫിക് മാനേജിങ് ഡയറക്ടർ മാർക് മക്അലിസ്റ്ററുടെ വിലയിരുത്തൽ. മാത്രമല്ല, ‘സ്ട്രീറ്റ് 750’ ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഉപയോക്താക്കളെ ആകർഷിക്കാനും വിൽപ്പന നേടാനും ‘സ്ട്രീറ്റ് 750’ പര്യാപ്തമാണെന്നിരിക്കെ ‘സ്ട്രീറ്റ് 500’ ഇന്ത്യയിൽ അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കരുതുന്നു.

street-500-1 Harley Davidson Street 500

അതേസമയം ഇന്തൊനീഷയിലും ഓസ്ട്രേലിയയിലും വിൽപ്പനയ്ക്കുള്ള ‘സ്ട്രീറ്റ് 500’ നിർമിക്കുന്നത് ഇന്ത്യയിലാണ്. എൻജിൻ ശേഷി സംബന്ധിച്ച് ഈ രാജ്യങ്ങളിൽ നിലവിലുള്ള വ്യവസ്ഥകൾ പരിഗണിച്ചാണ് ഇന്തൊനീഷയിലും ഓസ്ട്രേലിയയിലും ‘സ്ട്രീറ്റ് 500’ ലഭ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ആറു വർഷം മുമ്പ് 2010ൽ ഇന്ത്യയിലെത്തിയ ഹാർലി ഡേവിഡ്സൻ പന്തീരായിരത്തിലേറെ ബൈക്കുകൾ ഇതുവരെ വിറ്റിട്ടുണ്ട്. പോരെങ്കിൽ വിൽപ്പന കണക്കെടുപ്പിൽ മികച്ച വളർച്ച നേടാനും കമ്പനിക്കു കഴിയുന്നുണ്ട്. ഇന്ത്യയിൽ 21 ഡീലർഷിപ്പുകൾ തുറന്ന ഹാർലി ഡേവിഡ്സന്റെ വാഹന ഉടമാ കൂട്ടായ്മയായ ‘എച്ച് ഒ ജി’യിലും ആറായിരത്തലേറെ അംഗങ്ങളുണ്ട്.

street-500 Harley Davidson Street 500

ഏഷ്യ പസഫിക് മേഖലയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണി സുപ്രധാനമാണെന്നു മക്അലിസ്റ്റർ വ്യക്തമാക്കുന്നു. ഈ മേഖലയിൽ മികച്ച വിൽപ്പന വളർച്ച കൈവരിക്കാൻ ഇന്ത്യയിലെ പ്രകടനം ശക്തമാവേണ്ടത് അനിവാര്യമാണ്. ലോകമെങ്ങുമുള്ള, നഗരവാസികളായ യുവ ഇടപാടുകാരെ ലക്ഷ്യമിട്ടാണ് ‘സ്ട്രീറ്റ് 750’ അവതരിപ്പിച്ചത്; എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ ഈ ബൈക്കിനു സവിശേഷ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കരുതുന്നു. ഭാരം കുറഞ്ഞതും മികച്ച ഹാൻഡ്ലിങ് ഉള്ളതുമായ ബൈക്കിന്റെ എൻജിൻ ജലം ഉപയോഗിച്ചാണു തണുപ്പിക്കുന്നത്; താപനില 33 ഡിഗ്രി വരെ ഉയരുന്ന നാട്ടിൽ ഈ സൗകര്യവും ഏറെ പ്രധാനമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള പാഠങ്ങളുടെ പിൻബലമുള്ള ബൈക്ക് ഏഷ്യയിലും യൂറോപ്പിലുമൊക്കെ ആരാധകരെ നേടി മുന്നേറുന്നുണ്ടെന്നും മക്അലിസ്റ്റർ വെളിപ്പെടുത്തി.