Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരാത്രി — ദസറ ആഘോഷമാക്കി ഹീറോ മോട്ടോ കോർപ്

Hero

നവരാത്രി — ദസറ ഉത്സവാഘോഷ വേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞതോടെ ഒക്ടോബറിൽ ആറു ലക്ഷം യൂണിറ്റിന്റെ വിൽപ്പന നേടാനാവുമെന്നു ഹീറോ മോട്ടോ കോർപിനു പ്രതീക്ഷ. സ്കൂട്ടറുകൾക്കുള്ള ആവശ്യം ഉയരുന്നതു പരിഗണിച്ചു വാർഷിക ഉൽപ്പാദനശേഷി 10 ലക്ഷം യൂണിറ്റിൽ നിന്ന് 13 ലക്ഷമായി കമ്പനി ഉയർത്തിയിട്ടുമുണ്ട്.

മുൻവർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനത്തിലേറെ വർധനയോടെ നാലു ലക്ഷത്തോളം യൂണിറ്റാണ് 10 നാൾ നീണ്ട ദസറ ആഘോഷ വേളയിൽ നേടാനായതെന്നു ഹീറോ മോട്ടോ കോർപ് ദേശീയ സെയിൽസ് മേധാവി എ ശ്രീനിവാസു അറിയിച്ചു. ഈ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഒക്ടോബറിലെ മൊത്തം വിൽപ്പന ആറു ലക്ഷം യൂണിറ്റ് പിന്നിടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഉത്സവ കാലത്ത് ‘ഗ്ലാമർ’, ‘പാഷൻ പ്രോ’, ‘സ്പ്ലെൻഡർ’ തുടങ്ങി മോട്ടോർ സൈക്കിളുകൾക്ക് ആവശ്യക്കാരേറെയായിരുന്നു. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ‘സ്പ്ലെൻഡർ പ്രോ’യും മികച്ച വിൽപ്പനയാണു കൈവരിച്ചതെന്നു ശ്രീനിവാസു അറിയിച്ചു.

പൂർണമായും ലോഹ നിർമിതമായ ബോഡിയുള്ള ‘ഡ്യുവറ്റ്’ കൂടിയെത്തുന്നതോടെ സ്കൂട്ടർ വിഭാഗത്തിലും കമ്പനി ശക്തമായ സാന്നിധ്യമാവുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സ്കൂട്ടർ വിഭാഗത്തിലെ വാർഷിക ഉൽപ്പാദന ശേഷി 10 ലക്ഷമായിരുന്നത് രണ്ടാം പാദത്തോടെ 13 ലക്ഷമായി ഉയർത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.

അടുത്തയിടെ അനാവരണം ചെയ്ത ‘മാസ്ട്രോ എഡ്ജി’നു ന്യൂഡൽഹി ഷോറൂമിൽ 49,500 രൂപയാണു വില. ഇതോടൊപ്പം പുറത്തിറക്കിയ ‘ഡ്യുവറ്റി’ന്റെ വിലയടക്കമുള്ള വിവരങ്ങൾ ദീപാവലിക്കു മുമ്പ് പ്രഖ്യാപിക്കുമെന്നാണു കമ്പനി നൽകുന്ന സൂചന. മുൻ പങ്കാളിയായ ഹോണ്ടയിൽ നിന്നു പിരിഞ്ഞശേഷം സ്വന്തമായി വികസിപ്പിച്ച പ്ലാറ്റ്ഫോം ആധാരമാക്കി ഹീറോ അവതരിപ്പിച്ച സ്കൂട്ടറുകളാണു ‘മാസ്ട്രോ എഡ്ജും’ ‘ഡ്യുവറ്റും’.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള സ്കൂട്ടർ കയറ്റുമതിയിൽ ഹീറോ മോട്ടോ കോർപ് ആയിരുന്നു ഒന്നാം സ്ഥാനത്ത്; 80,000 സ്കൂട്ടറുകളാണു 2014 — 15ൽ കമ്പനി വിദേശത്തു വിറ്റത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.