Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ ബി ആർ ആസ്തികൾ ഏറ്റെടുത്ത് ഹീറോ

Hero MotoCorp

കടക്കെണിയിലായ യു എസ് കമ്പനിയായ എറിക് ബ്യുവൽ റേസിങ്ങി(ഇ ബി ആർ)ന്റെ ചില ആസ്തികൾ ഇന്ത്യൻ പങ്കാളിയായ ഹീറോ മോട്ടോ കോർപ് ഏറ്റെടുക്കുന്നു. കോടതി നിയോഗിച്ച റീസീവർമാരുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായാണ് ഇ ബി ആറിൽ നിന്ന് 28 ലക്ഷം ഡോളർ(ഏകദേശം 17.90 കോടി രൂപ) മൂല്യമുള്ള ആസ്തികൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് വാങ്ങുന്നത്.

കമ്പനി പ്രതിനിധികളായി എച്ച് എം സി എൽ (എൻ എ) ഇൻകോർപറേറ്റഡ്, എച്ച് എം സി എൽ അമേരിക്കാസ് ഇൻകോർപറേറ്റഡ് എന്നിവയും ഇ ബി ആർ സമർപ്പിച്ച പാപ്പർ ഹർജിയിൽ യു എസിലെ വിസ്കോൺസിൻ സർക്യൂട്ട് കോർട്ട് നിയോഗിച്ച റിസീവറും എറിക് ബ്യുവൽ എൽ എൽ സിയുമാണു ധാരണാപത്രം ഒപ്പിട്ടതെന്നു ഹീറോ മോട്ടോ കോർപ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. ഇതുപ്രകാരം എല്ലാ വിധ ബാധ്യതകളും ഒഴിവാക്കിയാണ് ഇ ബി ആറിന്റെ ചില ആസ്തികൾ 28 ലക്ഷം ഡോളറിന് എച്ച് എം സി എൽ അമേരിക്കാസ് ഏറ്റെടുക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

സ്വന്തമായി ഏറ്റെടുത്ത ഗവേഷണ, വികസന മേഖലകളിൽ മുന്നേറാൻ ഈ നടപടി കമ്പനിയെ സഹായിക്കുമെന്നാണ് ഹീറോ മോട്ടോ കോർപിന്റെ അവകാശവാദം. ഹീറോ മോട്ടോ കോർപിനായി ഇ ബി ആർ ഏറ്റെടുത്തു നടത്തിയിരുന്ന കൺസൽറ്റിങ് പദ്ധതികൾക്കും ഈ നടപടി ഗുണകരമാവുമെന്നാണു പ്രതീക്ഷ.

ഹീറോ മോട്ടോ കോർപിനു ഗണ്യമായ ഓഹരി പങ്കാളിത്തമുള്ള ഇ ബി ആർ കഴിഞ്ഞ ഏപ്രിലിലാണു പാപ്പർ ഹർജി സമർപ്പിച്ചത്. 2013ൽ 2.50 കോടി ഡോളർ(ഏകദേശം 148 കോടി രൂപ) മുടക്കിയാണു ഹീറോ മോട്ടോ കോർപ്, ഇ ബി ആറിൽ 49.2% ഓഹരി പങ്കാളിത്തം നേടിയത്. ഇ ബി ആർ ശൃംഖല പ്രയോജനപ്പെടുത്തി സ്വന്തം മോഡലുകൾ യു എസ് വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കാനായിരുന്നു ഹീറോയുടെ പദ്ധതി. ഇതിനു പുറമെ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുമായി വഴി പിരിഞ്ഞ പശ്ചാത്തലത്തിൽ സാങ്കേതികവിദ്യാ വിഭാഗത്തിലും റേസിങ് പാരമ്പര്യമുള്ള ഇ ബി ആറുമായുള്ള സഖ്യം ഗുണകരമാവുമെന്നു കമ്പനി കണക്കുകൂട്ടി.

എൻജിൻ ശേഷിയേറിയ ബൈക്കുകൾ പുറത്തിറക്കാനായി 2012 മുതൽ തന്നെ ഹീറോ മോട്ടോ കോർപും ഇ ബി ആറുമായി സഹകരിക്കുന്നുണ്ട്. സ്വന്തം ഗവേഷണ, വികസന വിഭാഗങ്ങൾ ശക്തമാക്കുന്നതിനൊപ്പം വ്യത്യസ്ത വിഭാഗത്തിൽപെട്ട ബൈക്കുകൾക്കുള്ള സാങ്കേതികവിദ്യകൾക്കായി വിഭിന്ന സ്രോതസ്സുകളെ ആശ്രയിക്കുകയെന്ന തന്ത്രമാണു ഹീറോ മോട്ടോ കോർപ് സ്വീകരിച്ചിരുന്നത്.