Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോ മോട്ടോ കോർപ് ടീം 2017 ഡാകർ റാലിക്ക്

hero-motorsports

അടുത്ത വർഷമാദ്യം നടക്കുന്ന ഡാകർ റാലിയിൽ മത്സരിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ഒരുങ്ങുന്നു. ഇന്ത്യയിലെ ഓഫ് റോഡ് റേസർമാരിൽ മുൻനിരയിലുള്ള സി എസ് സന്തോഷും പോർചുഗലിൽ നിന്നുള്ള റൈഡർ ജോവാക്കിം റോഡ്റിഗസും ഉൾപ്പെടുന്ന ടീമാണു റാലിയിൽ ഹീറോ മോട്ടോ കോർപിനായി മത്സരിക്കുക. ലോകത്തിലെ ഏറ്റവും കഠിനമായ ക്രോസ് കൺട്രി റാലി എന്ന നിലയിലാണു ഡാകറിന്റെ പ്രശസ്തി. സൗത്ത് അമേരിക്കയിൽ ജനുവരി നാലിന് ആരംഭിക്കുന്ന റാലി മൊത്തം ഒൻപതിനായിരത്തോളം കിലോമീറ്ററാണു പിന്നിടുക.

ഇന്ത്യയുടെ ത്രിവർണ പതാകയ്ക്കു കീഴിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നു കഴിഞ്ഞ വർഷം ഡാകർ റാലി പൂർത്തിയാക്കിയ സന്തോഷ് അഭിപ്രായപ്പെട്ടു. ഇക്കൊല്ലം ഹീറോയ്ക്കൊപ്പം മികച്ച മത്സരം കാഴ്ചവയ്ക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മികച്ച നിലവാരമുള്ള ഫാക്ടറി ടീമിനൊപ്പം പോരാട്ടത്തിനിറങ്ങുന്നതിനൊൽ ഈ വർഷത്തെ മത്സരം വ്യത്യസ്തമാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ആദ്യ യോഗ്യതാ നിർണയ ഘട്ടത്തിൽ മികച്ച ഫിനിഷ് സാധ്യമായതിനാൽ ഒക്ടോബറിൽ നടക്കുന്ന ഒയ്ലിബിയ റാലിയെ അവേശപൂർവമാണു സമീപിക്കുന്നതെന്നും സന്തോഷ് വ്യക്തമാക്കി.

ഡാകർ റാലിയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരനായ സന്തോഷ് 2015ൽ 36—ാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. ബൈക്കിനു നേരിട്ട സാങ്കേതിക തകരാർ മൂലം ഇക്കൊല്ലത്തെ റാലി അദ്ദേഹത്തിനു പൂർത്തിയാക്കാനായില്ല. റാലിയിൽ വിജയിക്കാനുള്ള ഘടകങ്ങളെല്ലാം ടീമിലുണ്ടെന്നായിരുന്നു സന്തോഷിന്റെ സഹ റൈഡർ റോഡ്റിഗസിന്റെ പ്രതികരണം. ഇക്കൊല്ലം ആദ്യം നടന്ന ആഫ്രിക്യ മെഴ്സോഗ റാലിയിൽ ഹീറോ ടീം മികച്ച പ്രകടനമാണു കാഴ്ചവച്ചത്. റോഡ്റിഗസ് ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ 16—ാമനായിട്ടായിരുന്നു സന്തോഷിന്റെ ഫിനിഷ്.