Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോ ജയ്പൂർ ആർ ആൻഡ് ഡി കേന്ദ്രം ഉദ്ഘാടനം 14ന്

Hero MotoCorp

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ പുതിയ ഗവേഷണ, വികസന(ആർ ആൻഡ് ഡി) കേന്ദ്രം രാജസ്ഥാനിലെ ജയ്പൂരിൽ 14ന് ഉദ്ഘാടനം ചെയ്യും. 450 കോടിയിലേറെ രൂപ ചെലവിലാണു കമ്പനി ഹീറോ സെന്റർ ഓഫ് ഗ്ലോബൽ ഇന്നൊവേഷൻ ആൻഡ് റിസർച് ആൻഡ് ഡിസൈൻ സ്ഥാപിച്ചത്. പുതിയ സംവിധാനം പ്രവർത്തനക്ഷമമാവുന്നതോടെ നിലവിൽ ഗുഡ്ഗാവിലെയും ധാരുഹേരയിലെരും നിർമാണശാലകളിൽ പ്രവർത്തിക്കുന്ന ആർ ആൻഡ് ഡി കേന്ദ്രങ്ങൾ ജയ്പൂരിലേക്കു മാറ്റും. ജയ്പൂർ നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ ഭാവി മോഡലുകളുടെ വികസനത്തിനായി നാനൂറോളം എൻജിനീയർമാരുടെ സേവനമാണു ഹീറോ മോട്ടോ കോർപ് ലഭ്യമാക്കുക.

Hero Duet Hero Duet

അതേസമയം ഹീറോയുടെ ഭാവി ഉൽപന്ന ശ്രേണിയുടെ സ്വഭാവം സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ജാപ്പനീസ് പങ്കാളിയായ ഹോണ്ടയുമായി വഴി പിരിഞ്ഞ ശേഷം ഗവേഷണ, വികസന രംഗങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഹീറോ തീവ്രശ്രമം നടത്തുന്നുണ്ട്. എങ്കിലും വൻവിൽപ്പനയുള്ള മോഡലുകളിൽ ഹീറോ ഇപ്പോഴും ഹോണ്ടയുടെ സാങ്കേതികവിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്; ഹോണ്ടയ്ക്ക് റോയൽറ്റി നൽകുന്നതു തുടർന്നാണ് ഹീറോ ഈ സാധ്യത നിലനിർത്തിയത്. ഇതിനിടയിൽ ‘മാസ്ട്രോ എഡ്ജ്’, ‘ഡ്യുവറ്റ്’ എന്നീ പുത്തൻ സ്കൂട്ടറുകൾ പുറത്തിറക്കി കമ്പനി ഗവേഷണ, വികസന രംഗങ്ങളിൽ കമ്പനിക്കുള്ള മികവ് വ്യക്തമാക്കുകയും ചെയ്തു.

hero-Maestro Hero Maestro

ഇതിനു പുറമെ പുത്തൻ സാങ്കേതികവിദ്യകൾക്കായി ഇരുചക്രവാഹന വ്യവസായത്തിലെ മുൻനിര കമ്പനികളുമായി ഹീറോ മോട്ടോ കോർപ് നടപടി സ്വീകരിച്ചിട്ടുണ്ട്. ബി എം ഡബ്ല്യുവിന്റെ ചീഫ് എൻജിനീയറും ആർ ആൻഡ് ഡി വിഭാഗം മേധാവിയുമായിരുന്ന മാർകസ് ബ്രൗൺസ്പെർജറെ കഴിഞ്ഞ വർഷം ഹീറോ ചീഫ് ടെക്നോളജി ഓഫിസർ(സി ടി ഒ) ആയി നിയമിച്ചിരുന്നു. ബി എം ഡബ്ല്യുവിനൊപ്പം കാൽ നൂറ്റാണ്ടായി തുടരുന്ന ബ്രൗൺസ്പെർജർക്കായിരുന്നു മോട്ടോറാഡ് ഡിവിഷന്റെ ആർ ആൻഡ് ഡി വിഭാഗത്തിന്റെ ചുമതല. ഇന്ത്യയിലെത്തുമ്പോൾ കമ്പനിയുടെ ആർ ആൻഡ് ഡി വിഭാഗത്തിന്റെ പൂർണ ചുമതലയാണു ഹീറോ ബ്രൗൺസ്പെർജറെ ഏൽപ്പിച്ചത്. ഇതിനു പുറമെ 2013ൽ എൻജിനുകളുടെ വികസനത്തിനു നേതൃത്വം നൽകാൻ ഈ മേഖലയിൽ വൈദഗ്ധ്യമുള്ള മാർകസ് ഫെയ്ച്റ്റ്നറെയും ഹീറോ തിരഞ്ഞെടുത്തിരുന്നു. ഓസ്ട്രിയൻ എൻജിൻ നിർമാതാക്കളായ എ വി എല്ലിനൊപ്പമുള്ള പ്രവർത്തന പരിചയമാണ് അദ്ദേഹത്തെ ഹീറോയിലെത്തിച്ചത്.

hero karizma Hero Karizma

ഇതിനിടെ യു എസ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ എറിക് ബ്യുവെൽ റേസിങ്ങി(ഇ ബി ആർ)ൽ നിന്നു ഹീറോ പിൻമാറുകയും ചെയ്തു; ഈ കമ്പനിയിൽ 49.2% ഓഹരി പങ്കാളിത്തമാണു ഹീറോയ്ക്ക് ഉണ്ടായിരുന്നത്. ഹീറോയുടെ എൻജിനുകളുടെ ട്യൂണിങ് പരിഷ്കരിച്ചു കൂടുതൽ കരുത്തും കാര്യക്ഷമതയുമൊക്കെ സൃഷ്ടിക്കുകയായിരുന്നു ഇ ബി ആറിനെ ഏൽപ്പിച്ച ദൗത്യം. എന്നാൽ കടബാധ്യതയെ തുടർന്നു കമ്പനി പാപ്പരായതോടെ ഇ ബി ആറിന്റെ കൺസൽറ്റൻസി ജോലികൾ ഹീറോ ഏറ്റെടുത്തു. ഗവേഷണ, വികസന രംഗത്തു മികവു തെളിയിച്ചവരെ ഒപ്പം നിർത്തി ഹീറോ ഭാവിയിൽ ശ്രദ്ധേയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷ ശക്തമാണ്. 2014 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച 250 സി സി ബൈക്കായ ‘എച്ച് എക്സ് 250 ആർ’, 620 സി സി ‘ഹസ്തൂർ’ എന്നിവയൊക്കെ ഭാവിയിൽ കമ്പനി യാഥാർഥ്യമാക്കിയേക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.