Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ ഞെട്ടിക്കും ഈ വിമാനവാഹിനി കപ്പല്‍

hms-queen-elizabeth-1 HMS Queen Elizabeth

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നു നിർമിച്ച് ശത്രുക്കളെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടന്റെ റോയൽ നേവി. 65,000 ടൺ ഭാരവും 280 മീറ്റർ നീളവും 73 മീറ്റർ പൊക്കവുമുള്ള ഈ ഭീമാകാരൻ കപ്പലിന്റെ പേര് എച്ച്എംഎസ് ക്യൂൻ എലിസബത്ത്. 2017-ൽ പരീക്ഷണയോട്ടത്തിനു തയാറാകുമെന്നാണു നിർമാതാക്കളുടെ പ്രതീക്ഷ. 40 വരെ എഫ്-35ബി ലൈറ്റിംഗ് ഫൈറ്റർ ജെറ്റുകളും ഹെലികോപ്ടറുകളും വഹിക്കുന്ന ഈ ഭീമൻ കപ്പൽ 2020 ൽ റോയൽ നേവിയുടെ ഭാഗമാകും.

hms-queen-elizabeth-2 HMS Queen Elizabeth

ദിവസവും 108 യുദ്ധവിമാനങ്ങളെ പറപ്പിക്കാൻ ശേഷിയുള്ള കപ്പിലിൽ 700 ജീവനക്കാരാണുണ്ടാകുക. ജീവനക്കാരെ കൂടാതെ റോയൽ നേവിയുടേയും എയർഫോഴ്സിന്റേയുമായി ഏകദേശം 900 ആളുകളെക്കൂടി ഈ വിമാനവാഹിനിക്ക് വഹിക്കാനാവും. മൂവായിരത്തിലധികം കംപാർട്ടുമെന്റുകളുണ്ട് ഈ കപ്പലിൽ. റോയൽ നേവി കഴിഞ്ഞ വർഷം ഡീകമ്മീഷൻ ചെയ്ത വിമാനവാഹനി കപ്പലിനു പകരമായാണു ക്യൂൻ എലിസബത്ത് നേവിയിലെത്തുക.

hms-queen-elizabeth HMS Queen Elizabeth

ടെന്നിസ് ബോളിന്റെ വലിപ്പമുള്ള വസ്തുക്കൾ ശബ്ദത്തെക്കാൾ മൂന്നു മടങ്ങു വേഗതയിൽ സഞ്ചരിച്ചാലും അവയുടെ സാന്നിധ്യം തിരിച്ചറിയാൻ തക്ക ശേഷിയുള്ള റെ‍ഡാറാണു കപ്പലിലുള്ളത്. ബ്രിട്ടൻ ഇന്നു വരെ നിർ‌മിച്ചതിൽവെച്ച് ഏറ്റവും വലിയ കപ്പലായ ക്യൂൻ എലിസബത്തിനു 10000 നോട്ടിക്കൽ മൈൽ‌ വരെ സഞ്ചരിക്കാനാവും. 1600 പേർക്കു ഏകദേശം 45 ദിവസത്തേയ്ക്കുള്ള ഭക്ഷണസാധനങ്ങൾ വരെ കപ്പലിൽ സൂക്ഷിക്കാനാവും. ദിവസേന ഏകദേശം 500 ടൺ കടൽ വെള്ളം ശുദ്ധിക്കരിക്കാനുള്ള സൗകര്യങ്ങളും ഈ കപ്പലിലുണ്ട്. 70600 ടൺ ഡിസ്പ്ലെയ്സ്മെന്റുള്ള എൻജിനാണ് എലിസബത്തിനെ ചലിപ്പിക്കുക. മണിക്കൂറിൽ 46 കിലോമീറ്ററാണു പരമാവധി വേഗത. 73 മീറ്റർ ഉയരമുള്ള കപ്പലിന്റെ 39 മീറ്റർ വെള്ളത്തിന് അടിയിലായിരിക്കും. ഏകദേശം 47000 കോടി രൂപയാണു മുടക്കുമുതൽ പ്രതീക്ഷിക്കുന്നത്.