Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവകാലത്ത് 10 ലക്ഷം യൂണിറ്റ് വിൽക്കാൻ എച്ച് എം എസ് ഐ

activa

ഇക്കൊല്ലത്തെ നവരാത്രി — ദീപാവലി ഉത്സവാഘോഷ വേളയിൽ 10 ലക്ഷത്തിലേറെ ഇരുചക്രവാഹനങ്ങൾ വിൽക്കാനാവുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യ്ക്കു പ്രതീക്ഷ. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മിഷൻ ശുപാർശ നടപ്പായതും രാജ്യത്തു മികച്ച മഴ ലഭിച്ചതുമൊക്കെ വിൽപ്പന മെച്ചപ്പെടുത്തുമെന്ന കണക്കുകൂട്ടലിലാണു ഹോണ്ട. ഇക്കൊല്ലം 10 ലക്ഷത്തിലേറെ യൂണിറ്റാണ് ഉത്സവകാല വിൽപ്പന ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) വൈ എസ് ഗുലേറിയ വെളിപ്പെടുത്തി. മുൻവർഷത്തെ നവരാത്രി — ദീപാവലി ഉത്സവകാലത്തെ അപേക്ഷിച്ച് 25 ശതമാനത്തോളം അധികമാണിത്.

ഉത്സവകാല വിൽപ്പനയിൽ 35 ശതമാനത്തോളമാണു ബൈക്കുകളുടെ വിഹിതമായി പ്രതീക്ഷിക്കുന്നത്. ഗ്രാമീണ മേഖലയിൽ ബൈക്കുകൾക്കുള്ള ആവശ്യം ഉയർന്നത് ഉത്സവകാല വിൽപ്പനയിലും പ്രതിഫലിക്കുമെന്നു ഗുലേറിയ പ്രതീക്ഷ പ്രകടിപ്പിച്ചു.
ശമ്പള കമ്മിഷൻ ആനുകൂല്യം നേടിയ കേന്ദ്ര സർക്കാർ, പൊതുമേഖല സ്ഥാപന ജീവനക്കാരെ ആകർഷിക്കാനായി ഈ വിഭാഗക്കാർക്കു മോട്ടോർ സൈക്കിളുകളുടെ വിലയിൽ 2,000 രൂപയുടെ ആനുകൂല്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള കുടിശിക ലഭിക്കുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരും റയിൽവേ ജീവനക്കാരുമൊക്കെ ഇരുചക്രവാഹനങ്ങൾ വാങ്ങാനെത്തുമെന്നു ഗുലേറിയ പ്രത്യാശിച്ചു. സൈനിക മേഖലയിൽ നടപ്പാക്കിയ ‘ഒറ്റ റാങ്ക്, ഒറ്റ പെൻഷൻ’ പദ്ധതിയും ഗുണകരമാവുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. 

ഏഴാം ശമ്പള കമ്മിഷൻ പ്രഖ്യാപനവും ‘ഒറ്റ റാങ്ക്, ഒറ്റ പെൻഷൻ’ പദ്ധതിയും മികച്ച മഴ ലഭിച്ചതുമൊക്കെ ചേർന്ന് രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്കു തന്നെ ഉണർവേകിയിട്ടുണ്ട്; ഇതിന്റെ പ്രതിഫലനമാണ് ഇരുചക്രവാഹന വിപണിയിലും ദൃശ്യമാകുന്നതെന്ന് ഗുലേറിയ കരുതുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ അദ്യ പകുതിയിലെ വിൽപ്പനയിൽ 24% വളർച്ച നേടാൻ എച്ച് എം എസ് ഐയ്ക്കു കഴിഞ്ഞു. 2016 — 17ലെ മൊത്തം വിൽപ്പന 22% വളർച്ചയോടെ 54 ലക്ഷം യൂണിറ്റിലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എച്ച് എം എസ് ഐയുടെ വിൽപ്പനയിൽ 70 ശതമാനത്തോളം സ്കൂട്ടറുകളുടെ സംഭാവനയാണെന്നും അദ്ദേഹം വിശദീകരിച്ചു. കയറ്റുമതിയിലാവട്ടെ 34% വളർച്ചയാണു കമ്പനി നേടിയത്; നേപ്പാളും ശ്രീലങ്കയും പോലുള്ള സാർക് രാജ്യങ്ങളിലെ ആവശ്യമേറിയതാണ് എച്ച് എം എസ് ഐയ്ക്കു നേട്ടമായത്.
 

Your Rating: