Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർച്ചയായി എട്ടാം മാസവും ആക്ടീവ തന്നെ ഒന്നാമത്

honda-activa

വിൽപ്പനയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് മുന്നേറുകയാണ് ഹോണ്ടയുടെ ഗിയർലെസ് സ്കൂട്ടർ ആക്ടീവ. തുടർച്ചയായി എട്ടാം മാസവും ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള ഇരുചക്രവാഹനം എന്ന ഖ്യാതിയാണ് ആക്ടീവ സ്വന്തമാക്കിയിരിക്കുന്നത്. ജനുവരിയിൽ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആക്ടീവ, ഓഗസ്റ്റ് വരെയുള്ള വിൽപ്പനയിൽ വരെ ഒന്നാം സ്ഥാനത്താണ്. 2,80,790 യൂണിറ്റ് വിൽപ്പനയുമായാണ് ആക്ടീവ വീണ്ടും ഒന്നാമതെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 29 ശതമാനം വളർച്ച നേടി ആക്ടീവ.

ഇരുചക്രവാഹന വിൽപ്പനയിൽ 17 വർഷമായി ഹീറോ മോട്ടോർ സൈക്കിളുകൾ കയ്യടക്കിയ റെക്കോർഡാണ് ആക്ടീവയിലൂടെ ഹോണ്ട സ്വന്തമാക്കിയത്. അടുത്തിടെ ആക്ടീവയുടെ വിൽപ്പന ഒരു കോടി പിന്നിട്ടിരുന്നു. അതേസമയം കഴിഞ്ഞ വർഷം ജനുവരി — ജൂൺ കാലത്ത് ‘സ്പ്ലെൻഡറി’ന്റെ വിൽപ്പന 12,34,559 യൂണിറ്റും ‘ആക്ടീവ’യുടേത് 11,40,720 യൂണിറ്റുമായിരുന്നു. അർധവാർഷിക വിൽപ്പനയിൽ ‘ആക്ടീവ’ 17% വളർച്ച കൈവരിച്ചപ്പോൾ ‘സ്പ്ലെൻഡറി’നു നേരിയ ഇടിവാണു നേരിട്ടത്.

ബൈക്കുകളുടെ കടന്നാക്രമണം രൂക്ഷമായതോടെ സ്കൂട്ടറുകൾക്കു വിപണന സാധ്യതയില്ലെന്നു വിലയിരുത്തി ബജാജ് ഓട്ടോ ലിമിറ്റഡ് വിപണിയോടു വിട ചൊല്ലിയ അവസരത്തിലായിരുന്നു 2001ൽ ‘ആക്ടീവ’യുമായി എച്ച് എം എസ് ഐയുടെ രംഗപ്രവേശം. പതിറ്റാണ്ടിനിപ്പുറത്ത് ഇന്ത്യൻ ഇരുചക്രവാഹന വിപണിയുടെ മൂന്നിലൊന്ന് സ്കൂട്ടറുകൾക്കു സ്വന്തമാണ്. ഹോണ്ടയുടെ മൊത്തം വിൽപ്പനയിൽ 59 ശതമാനവും സ്കൂട്ടറുകളുടെ സംഭാവനയാണ്; ഇതിൽ തന്നെ 51 ശതമാനവും ‘ആക്ടീവ’യുടെ വിഹിതവും. മൊത്തം ഇരുചക്രവാഹന വിപണിയിലാവട്ടെ ഏകദേശം 27% ആണു ഹോണ്ടയുടെ വിഹിതം.