Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനഘടക കയറ്റുമതി: 1,675 കോടി നേടാൻ ഹോണ്ട ഇന്ത്യ

honda-cars-logo

ഇന്ത്യയിൽ നിന്നുള്ള വാഹനഘടക കയറ്റുമതിയിൽ വൻമുന്നേറ്റം കൈവരിക്കാനാവുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)നു പ്രതീക്ഷ. 2016 — 17ൽ മൊത്തം 1,675 കോടി രൂപയുടെ വരുമാനമാണ് ഈ വിഭാഗത്തിൽ കമ്പനി ലക്ഷ്യമിടുന്നത്. എൻജിൻ ഘടകങ്ങൾക്കു പുറമെ ഫോർജിങ്, ട്രാൻസ്മിഷൻ എന്നിവയൊക്കെ എച്ച് സി ഐ എൽ രാജസ്ഥാനിലെ തപുകരയിലുള്ള ശാലയിൽ നിന്നു കയറ്റുമതി ചെയ്യുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം വാഹനഘടക കയറ്റുമതി വരുമാനം 1674.70 കോടി രൂപയിലെത്തുമെന്നാണു കണക്കാക്കുന്നതെന്ന് എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാമൻ കുമാർ ശർമ അറിയിച്ചു.

കഴിഞ്ഞ വർഷങ്ങൾക്കിടെ സുസ്ഥിര വളർച്ചയാണു വാഹന ഘടക കയറ്റുമതി രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എച്ച് സി ഐ എൽ 2015 — 16ൽ 1,031.20 കോടി രൂപയാണു വാഹന ഘടക കയറ്റുമതിയിൽ നിന്നു നേടിയത്.  ഹോണ്ടയ്ക്ക് 15 രാജ്യങ്ങളിലുള്ള നിർമാണശാലകളിലേക്ക് ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച യന്ത്രഘടകങ്ങൾ ഇപ്പോൾ കയറ്റുമതി ചെയ്യുന്നുണ്ട്. ജപ്പാനു പുറമെ തായ്ലൻഡ്, മലേഷ്യ, ഇന്തൊനീഷ, ഫിലിപ്പൈൻസ്, തയ്‌വാൻ, വിയറ്റ്നാം, യു കെ, ബ്രസീൽ, മെക്സിക്കോ, അർജന്റീന, കാനഡ, ചൈന, തുർക്കി, യു എസ് എന്നിവടങ്ങളിലെ പ്ലാന്റുകളിലെല്ലാം ഇന്ത്യൻ നിർമിത യന്ത്രഘടകങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഡീസൽ എൻജിൻ ഘടകങ്ങളാണു ജപ്പാനിലെ മാതൃസ്ഥാപനം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ നിന്നുള്ള വാഹനഘടക കയറ്റുമതിയിൽ ഹോണ്ട ക്രമമായ വളർച്ച കൈവരിച്ചാണു മുന്നേറുന്നത്. 2012 — 13ൽ 332 കോടിയായിരുന്നു ഈ വിഭാഗത്തിലെ വരുമാനം. 2013 — 14ലാവട്ടെ വരുമാനം 420.6 കോടി രൂപയായി ഉയർന്നു. അടുത്ത സാമ്പത്തിക വർഷത്തോടെ വരുമാനം 739.30 കോടി രൂപയിലെത്തി. ഇതോടൊപ്പം കയറ്റുമതി വിപുലീകരിക്കാനും കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്; 2012 — 13ൽ ഏഴു രാജ്യങ്ങളിലേക്കായിരുന്നു കയറ്റുമതി. 2014 — 15ൽ കയറ്റുമതി 11 രാജ്യങ്ങളിലേക്കും കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ കയറ്റുമതി 14 രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. രാജസ്ഥാനിലെ തപുകരയിലെ ശാല 2014 ഫെബ്രുവരിയിലാണു പ്രവർത്തനം ആരംഭിച്ചത്. ഫോർജിങ്, കാസ്റ്റിങ്, സ്റ്റാംപിങ്, പവർ ട്രെയ്ൻ ഘടക നിർമാണം, വെൽഡിങ്, പെയ്ന്റിങ്, എൻജിൻ ആൻഡ് ഫ്രെയിം അസംബ്ലി പ്രവർത്തനങ്ങളാണു ശാലയിൽ നടക്കുന്നത്.