Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പനയിൽ ലക്ഷ്യം കൈവരിക്കാനാവാതെ ഹോണ്ട കാഴ്സ്

new-honda-city-1

നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിൽ ലക്ഷ്യമിട്ട വിൽപ്പന കൈവരിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡി(എച്ച് സി ഐ എൽ)നു സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 2016 — 17ൽ മൂന്നു ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു കമ്പനി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഏപ്രിൽ — ജനുവരി കാലത്തു കമ്പനിയുടെ വിൽപ്പന 1,24,114 യൂണിറ്റായിരുന്നു. സാമ്പത്തിക വർഷം അവശേഷിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ ഹോണ്ടയുടെ വിൽപ്പനയുടെ ഹ്യുണ്ടേയിയുടെ പ്രതിമാസ വിൽപ്പനയുടെ നിലവാരത്തിലെത്തിയാൽ പോലും ലക്ഷ്യം കൈവരിക്കുക സാധ്യമാവില്ല. ശരാശരി അര ലക്ഷം യൂണിറ്റാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ കൈവരിക്കുന്ന പ്രതിമാസ വിൽപ്പന.

ഹോണ്ടയെ സംബന്ധിച്ചിടത്തോളം വിൽപ്പന കണക്കെടുപ്പിൽ ആഗോളതലത്തിൽ തന്നെ നാലാം സ്ഥാനത്താണ് ഇന്ത്യ; യു എസ്, ജപ്പാൻ, ചൈന എന്നീ വിപണികളാണു ഹോണ്ട കാർ വിൽപ്പനയിൽ ഇന്ത്യയ്ക്കു മുന്നിലുള്ളത്. വ്യവസായ മേഖലയിലെ നയങ്ങളിൽ വരുത്തുന്ന നിരന്തര മാറ്റങ്ങളും തടസ്സങ്ങളുമാണ് ഇന്ത്യയിലെ വാഹന വിൽപ്പനയിൽ തിരിച്ചടി സൃഷ്ടിക്കുന്നതെന്നാണു ഹോണ്ടയുടെ പക്ഷം. മികച്ച വളർച്ച ലക്ഷ്യമിട്ട് പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനശേഷി ഹോണ്ട ഇന്ത്യയിൽ ലഭ്യമാക്കിയിരുന്നു. എന്നാൽ വിപണി സാഹചര്യങ്ങളിലെ നിരന്തര മാറ്റം മൂലം വിൽപ്പന ലക്ഷ്യവും പതിവായി പരിഷ്കരിക്കേണ്ടി വന്നെന്നാണു ഹോണ്ടയുടെ പരിദേവനം. ഇന്ത്യയിൽ മൂന്നു ലക്ഷം യൂണിറ്റിന്റെ വാർഷിക വിൽപ്പന ഹോണ്ടയുടെ സുപ്രധാന ലക്ഷ്യമാണ്; എന്നാൽ ഈ ലക്ഷ്യം എപ്പോൾ കൈവരിക്കുമെന്നു പ്രവചിക്കാനാവില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജനുവരി — ഡിസംബർ കാലത്തു ഹോണ്ട ഇന്ത്യയുടെ വിൽപ്പന1,56,107 യൂണിറ്റായിരുന്നു; ഇതും മുമ്പു നിശ്ചയിച്ച വിൽപ്പന ലക്ഷ്യത്തിന്റെ പകുതിയോളമാണ്. പോരെങ്കിൽ 2015ൽ കൈവരിച്ച 2,02,403 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 23% കുറവുമാണിത്. പുതു ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ ചിറകിലേറി കുതിക്കുന്ന ടാറ്റ മോട്ടോഴ്സാവട്ടെ 2016ലെ വിൽപ്പന കണക്കെടുപ്പിൽ ഹോണ്ടയെ പിന്നിലാക്കുകയും ചെയ്തു.

വിൽപ്പന സാധ്യതയുള്ള വിഭാഗങ്ങളിൽ ആകർഷക വിലകളിൽ മികച്ച മോഡലുകൾ അവതരിപ്പിക്കാനാവാതെ പോയതാണു ഹോണ്ട നേരിടുന്ന തിരിച്ചടിക്കു കാരണമെന്നാണു വിപണി വിദഗ്ധരുടെ നിഗമനം. കമ്പനിയുടെ മോഡൽ ശ്രേണിയിലെ ഒന്നോ രണ്ടോ വാഹനങ്ങൾക്കാണ് ഇന്ത്യയിൽ മികച്ച സ്വീകാര്യതയുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മികച്ച വിൽപ്പനയുള്ള യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ഇടംപിടിക്കാനുള്ള ഹോണ്ടയുടെ ശ്രമങ്ങളാവട്ടെ വിജയിച്ചതുമില്ല. പുതു മോഡലുകളായ ‘ബി ആർ വി’ക്കും ‘ജാസി’നുമൊപ്പം ‘അമെയ്സി’ന്റെയും ‘മൊബിലിയൊ’യുടെയും പരിഷ്കരിച്ച പതിപ്പുകളും ഹോണ്ട വിൽപ്പനയ്ക്കെത്തിച്ചിരുന്നു. പക്ഷേ ഇവയൊന്നും ഉപയോക്താക്കളെ ആകർഷിക്കാന് പര്യാപ്തമായില്ലെന്നതാണു ഹോണ്ട നേരിടുന്ന തലവേദന.

Your Rating: