Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട സിറ്റിയുടെ വില കൂടും

Honda City Honda City

ഉൽപ്പാദന ചെലവ് ഉയർന്നതു പരിഗണിച്ചു പുതിയ സാമ്പത്തിക വർഷത്തോടെ കാർ വില വീണ്ടും വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ഒരുങ്ങുന്നു. വിദേശ നാണയ വിനിമയ നിരക്കിൽ രൂപയ്ക്കു നേരിടുന്ന ദൗർബല്യം കൂടി പരിഗണിച്ച് ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ ഏപ്രിൽ മുതൽ 6,000 രൂപയുടെ വരെ വർധനയാണു കമ്പനി പരിഗണിക്കുന്നത്. ഈ മാസം ആദ്യവും ഹോണ്ട കാഴ്സ് ഇന്ത്യ വാഹന വില വർധിപ്പിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സെസിന്റെ പേരിൽ വാഹന വിലയിൽ 79,000 രൂപയുടെ വരെ വർധനയാണു കമ്പനി നടപ്പാക്കിയത്.

Honda Jazz Honda Jazz

നിലവിൽ ആറു മോഡലുകളാണു ഹോണ്ട കാഴ്സ് ഇന്ത്യയിൽ വിൽക്കുന്നത്: ഡൽഹി ഷോറൂമിൽ 4.31 ലക്ഷം രൂപ വിലയുള്ള ചെറു കാറായ ‘ബ്രിയൊ’ മുതൽ 26 ലക്ഷം വില മതിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘സി ആർ വി’ വരെ. എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’, വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’, പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’, ഇടത്തരം സെഡാനായ ‘സിറ്റി’ എന്നിവയാണു ഹോണ്ടയുടെ മറ്റു മോഡലുകൾ.ഏപ്രിൽ ആദ്യ വാരം മുതൽ കാർ വിലയിൽ വർധന നടപ്പാക്കുമെന്നു ഹോണ്ട കാഴ്സ് ഇന്ത്യ വക്താവ് വ്യക്തമാക്കി. ഉൽപ്പാദന ചെലവിലെ വർധനയും വിദേശ നാണയ വിനിമയ നിരക്കിൽ രൂപ നേരിടുന്ന ചാഞ്ചാട്ടവും പരിഗണിച്ചാണു വില ഉയർത്തുന്നതെന്നും കമ്പനി വിശദീകരിച്ചു. അതേസമയം, ഓരോ മോഡലിന്റെയും കൃത്യമായ വില വർധന സംബന്ധിച്ചു ഹോണ്ട അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു സൂചന.

Honda-Brio Honda Brio

അടിസ്ഥാന സൗകര്യ വികസന സെസിന്റെ പേരിൽ ‘ബ്രിയൊ’യുടെ വിലയിൽ 4,000 — 6,000 രൂപയുടെ വർധനയാണു കമ്പനി നടപ്പാക്കിയത്. പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ വിലയിൽ 5,000 മുതൽ 19,500 രൂപയുടെ വരെയും ‘സിറ്റി’ വിലയിൽ 24,600 — 38,100 രൂപയുടേതുമായിരുന്നു വർധന. ഉൽപ്പാദനം തുടരുമെന്ന് ഉറപ്പില്ലാത്ത ‘മൊബിലിയൊ’ വിലയിൽ 21,800 — 37,700 രൂപയുടെ വിലവർധന നടപ്പായി. ‘സി ആർ വി’യുടെ വിവിധ വകഭേദങ്ങളുടെ വിലയിൽ നടപ്പായി വില വർധന 66,500 — 79,000 രൂപയുടേതാണ്.

Your Rating: