Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട സി ബി ഷൈൻ എസ് പിയുടെ വില 59,900 രൂപ

Honda CB Shine SP1 ഹോണ്ട ഷൈൻ എസ് പി ഹോണ്ട പ്രസിഡന്റ് ആന്റ് സിഇഒ കെയ്തമുറാമത്സുവും സെയിൽസ് ആന്റ് മാർ‌ക്കറ്റിംഗ് വൈസ് പ്രസിഡന്റ് വൈ എസ് ഗുലേറിയയും ചേർന്ന് നിർവ്വഹിക്കുന്നു

ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) എക്സിക്യൂട്ടീവ് മോട്ടോർ സൈക്കിളായ ‘സി ബി ഷൈനി’ന്റെ പുതിയ പതിപ്പ് പുറത്തിറക്കി. കാഴ്ചപ്പകിട്ടേറിയ ‘സി ബി ഷൈൻ എസ് പി’ക്ക് 59,900 മുതൽ 64,400 രൂപ വരെയാണ് ന്യൂഡൽഹിയിലെ ഷോറൂം വില. പ്രതിമാസം ഒന്നേ മുക്കാൽ ലക്ഷത്തോളം യൂണിറ്റാണ് ഈ വിഭാഗത്തിലെ വിൽപ്പന; പുതിയ ‘സി ബി ഷൈൻ എസ് പി’യിലൂടെ ഈ വിപണിയിൽ 50% വിഹിതമാണ് എച്ച് എം എസ് ഐ ലക്ഷ്യമിട്ടിരിക്കുന്നത്. അതേസമയം 110 — 125 സി സി വിഭാഗത്തിൽ 46% വിപണി വിഹിതമാണ് എച്ച് എം എസ് ഐ അവകാശപ്പെടുന്നത്.

പഴയ പങ്കാളിയായ ഹീറോ മോട്ടോ കോർപിന്റെ ‘സൂപ്പർ സ്പ്ലെൻഡറി’നെയും ‘ഗ്ലാമറി’നെയും യമഹയിൽ നിന്നുള്ള ‘സല്യൂട്ടൊ’യെയുമൊക്കെയാണ് ‘സി ബി ഷൈൻ എസ് പി’യിലൂടെ എച്ച് എം എസ് ഐ നേരിടുക. ‘സ്മാർട് പവർ’ എന്നതിന്റെ ചുരുക്കെഴുത്തായി പേരിൽ ‘എസ് പി’ എന്നു ചേർത്ത ഈ പുതിയ ബൈക്കിന്റെ വരവോടെ പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റിന്റെ അധിക വിൽപ്പനയാണു ഹോണ്ടയുടെ പ്രതീക്ഷ.

Honda-CB-Shine-Launch

ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോൾ, ഹോണ്ട ഇകോ ടെക്നോളജി(എച്ച് ഇ ടി) എൻജിൻ, കോംബി ബ്രേക്ക് സംവിധാനം(സി ബ എസ്), പുത്തൻ ഹെഡ്ലാംപ് കൗൾ, സൈഡ് പാനലുകൾക്ക് സിൽവർ ഫിനിഷ്, നൂതന ടെയിൽ ലാംപ്, കറുപ്പ് ഗ്രാബ് റെയിൽ, പൂർണ ചെയിൻ കവർ, ക്ലിയർ ലെൻസ് ഇൻഡിക്കേറ്റർ എന്നിവയെല്ലാമായാണ് ‘സി ബി ഷൈൻ എസ് പി’യുടെ രംഗപ്രവേശം. അല്ലറ ചില്ലറ പരിഷ്കാരമുള്ള എക്സോസ്റ്റും മഫ്ളറിന്റെ അഗ്രത്തിലെ ക്രോം സ്പർശവും ചുവന്ന നിറമുള്ള പിൻ സസ്പെൻഷൻ സ്പ്രിങ്ങുകളുമാണു ബൈക്കിലെ മറ്റു പുതുമകൾ.

ഹീറോ മോട്ടോ കോർപ് ലഭ്യമാക്കുന്ന ‘ഐ സ്മാർട്ടി’നു സമാനമായി എച്ച് എം എസ് ഐ അവതരിപ്പിക്കുന്ന ‘സ്മാർട് പവർ’ സംവിധാനവും ഈ ബൈക്കിലുടെ രംഗപ്രവേശം ചെയ്യുന്നു; നിശ്ചലാവസ്ഥ(ഐഡിലിങ്)യിൽ എൻജിനെ ‘ഉറക്കുക’യും യാത്ര പുനഃരാരംഭിക്കാനായി ഗീയർ മാറ്റാൻ ക്ലച് പ്രയോഗിക്കുമ്പോൾ തന്നെ ‘ഉണർത്തുക’യും ചെയ്യുന്ന സാങ്കേതികവിദ്യയാണിത്. ഇതു വഴി ഇന്ധനക്ഷമത ഉയർത്താനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുമാവുമെന്നാണ് എച്ച് എം എസ് ഐയുടെ കണക്കുകൂട്ടൽ.

Honda CB Shine SP

സാങ്കേതിക വിഭാഗത്തിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണു ‘സി ബി ഷൈൻ എസ് പി’ എത്തുന്നത്; ബൈക്കിനു കരുത്തേകുന്നത് 125 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്. പരമാവധി 10.57 ബി എച്ച് പി കരുത്തും 10.3 എൻ എം ടോർക്കുമാണു ‘സി ബി ഷൈനി’ലും ഇടംപിടിക്കുന്ന ഈ എൻജിൻ സൃഷ്ടിക്കുക. ലീറ്ററിന് 65 കിലോമീറ്റർ ഇന്ധനക്ഷമതയാണു ‘സി ബി ഷൈൻ എസ് പി’ക്ക് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.

‘സി ബി ഷൈൻ എസ് പി’ കൂടിയായതോടെ ഇക്കൊല്ലം എച്ച് എം എസ് ഐ അവതരിപ്പിക്കുമെന്നു പ്രഖ്യാപിച്ച 15 മോഡലുകളിൽ 14 എണ്ണവും നിരത്തിലെത്തി. അടുത്ത മാസം എച്ച് എം എസ് ഐ 160 സി സി ബൈക്കായ ‘സി ബി ഹോണറ്റ്’ പുറത്തിറക്കും; ‘സി ബി ട്രിഗറി’ന്റെ പകരക്കാരനായിട്ടാവും ഈ ബൈക്കിന്റെ വരവ്.