Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലക്ഷം പിന്നിട്ട് ഹോണ്ട ‘സി ബി ഷൈൻ എസ് പി’

Honda-CB-Shine-Launch

നിരത്തിലെത്തി ഒൻപതു മാസത്തിനുള്ളിൽ 125 സി സി മോട്ടോർ സൈക്കിളായ ‘സി ബി ഷൈൻ എസ് പി’യുടെ വിൽപ്പന ഒരു ലക്ഷം യൂണിറ്റിലെത്തിയെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). സ്റ്റാൻഡേഡ്, ഡീലക്സ്, സി ബി എസ് വകഭേദങ്ങളിൽ വിപണിയിലുള്ള ‘സി ബി ഷൈൻ എസ് പി’ അഞ്ചു നിറങ്ങളിലാണു ലഭിക്കുക: ജിനി ഗ്രേ മെറ്റാലിക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക്, പേൾ അമേസിങ് വൈറ്റ്, ബ്ലാക്ക്, റിബൽ റെഡ് മെറ്റാലിക്.

എക്സിക്യൂട്ടീവ് കമ്യൂട്ടർ വിഭാഗത്തിൽ ‘സി ബി ഷൈനി’ന്റെ പകരക്കാരനായി എത്തിയ ‘സി ബി ഷൈൻ എസ് പി’ കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്ത് 125 സി സി വിഭാഗത്തിലെ വിൽപ്പനയിൽ മികച്ച നേട്ടം കൈവരിച്ചെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. കോംബി ബ്രേക്ക് സംവിധാന(സി ബി എസ്)ത്തിനൊപ്പം ഇക്വലൈസറുമായി എത്തുന്ന ബൈക്കി ബൈക്കിന്റെ പേരിൽ ‘സ്മാർട് പവർ’ എന്നതിന്റെ ചുരുക്കെഴുത്തായാണ് ‘എസ് പി’ ഇടംപിടിക്കുന്നത്. പുത്തൻ ഹെഡ്ലാംപ് കൗൾ, സൈഡ് പാനലുകൾക്ക് സിൽവർ ഫിനിഷ്, നൂതന ടെയിൽ ലാംപ്, കറുപ്പ് ഗ്രാബ് റെയിൽ, പൂർണ ചെയിൻ കവർ, ക്ലിയർ ലെൻസ് ഇൻഡിക്കേറ്റർ എന്നിവയെല്ലാം ‘സി ബി ഷൈൻ എസ് പി’യുടെ സവിശേഷതകളാണ്. അല്ലറ ചില്ലറ പരിഷ്കാരമുള്ള എക്സോസ്റ്റും മഫ്ളറിന്റെ അഗ്രത്തിലെ ക്രോം സ്പർശവും ചുവന്ന നിറമുള്ള പിൻ സസ്പെൻഷൻ സ്പ്രിങ്ങുകളും ട്യൂബ്രഹിത ടയറുമൊക്കെയാണു മറ്റു പുതുമകൾ.

ഹീറോ മോട്ടോ കോർപ് അവതരിപ്പിച്ച ‘ഐ സ്മാർട്ടി’നു സമാനമാണ് ഈ ബൈക്കിലൂടെ എച്ച് എം എസ് ഐ അവതരിപ്പിക്കുന്ന ‘സ്മാർട് പവർ’; നിശ്ചലാവസ്ഥ(ഐഡിലിങ്)യിൽ എൻജിനെ ‘ഉറക്കുക’യും യാത്ര പുനഃരാരംഭിക്കാനായി ഗീയർ മാറ്റാൻ ക്ലച് പ്രയോഗിക്കുമ്പോൾ തന്നെ ‘ഉണർത്തുക’യും ചെയ്യുന്ന സംവിധാനമാണിത്. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ ഇന്ധനക്ഷമത ഉയർത്താനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുമാവുമെന്നാണ് എച്ച് എം എസ് ഐയുടെ അവകാശവാദം. ഇതിനപ്പുറം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘സി ബി ഷൈൻ എസ് പി’ എത്തിയത്; ഹോണ്ട ഇകോ ടെക്നോളജിയുടെ പിൻബലമുള്ള 125 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണു ബൈക്കിലുള്ളത്. പരമാവധി 10.57 ബി എച്ച് പി കരുത്തും 10.3 എൻ എം ടോർക്കുമാണു ‘സി ബി ഷൈനി’ന്റെയും ഹൃദയമായിരുന്ന ഈ എൻജിൻ സൃഷ്ടിക്കുക.