Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകത്തളത്തിൽ കറുപ്പിന്റെ പകിട്ടോടെ ഹോണ്ട ‘സിറ്റി’

Honda City

വിപണിയിൽ മികച്ച സ്വീകരണം നേടി മുന്നേറുന്ന ഇടത്തരം സെഡാനായ ‘സിറ്റി’ക്കു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പുതുവകഭേദം പുറത്തിറക്കി. അകത്തളത്തിൽ കറുപ്പ് നിറമുള്ള തുകലിന്റെ പകിട്ടോടെ എത്തുന്ന വകഭേദത്തിന് ‘സിറ്റി വി എക്സ് (ഒ) ബി എൽ’ എന്നാണു പേര്. പ്രീമിയം വൈറ്റ് ഓർക്കിഡ് പേൾ, അലബാസ്റ്റർ സിൽവർ നിറങ്ങളിലാണ് ഈ വകഭേദം ലഭിക്കുക. സൺറൂഫും അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് ടച്സ്ക്രീൻ ഓഡിയോ വിഷ്വൽ നാവിഗേഷൻ(എ വി എൻ) എന്നിവയെല്ലാമായാണു പുതിയ കാറിന്റെ വരവ്. നിലവിൽ അകത്തളത്തിൽ ബീജ് നിറത്തോടെ എത്തുന്ന ‘സിറ്റി വി എക്സ് (ഒ)’ പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കുണ്ട്.

വകഭേദ വ്യത്യാസമില്ലാതെ ഇരട്ട എസ് ആർ എസ് എയർബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി) എന്നിവയൊക്കെ ഇപ്പോൾ വിപണിയിലുള്ള നാലാം തലമുറ ‘ഹോണ്ട സിറ്റി’യിലുണ്ട്. ഇതോടൊപ്പം റിയർ ഐസൊഫിക്സ്, കുട്ടികളുടെ സീറ്റിനുള്ള ടോപ് ടിതർ ആങ്കർ എന്നിവയും കാറിൽ ഹോണ്ട ലഭ്യമാക്കുന്നുണ്ട്. പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും നിലവിൽ വന്നതോടെ ‘സിറ്റി’യുടെ അടിസ്ഥാന വകഭേദത്തിന്റെ മാത്രം വില വർധിപ്പിച്ചിട്ടുണ്ട്; ‘ഇ’ വകഭേദത്തിന്റെ വിലയിൽ 8,000 രൂപയാണു വർധന. ‘വി എക്സ് (ഒ)’, പുതിയ ‘വി എക്സ് (ഒ) ബി എൽ’ വകഭേദങ്ങൾക്കിടയിൽ വില വ്യത്യാസമില്ല; പെട്രോൾ എൻജിനുള്ള കാറിന് 10.74 ലക്ഷം രൂപയും ഡീസൽ എൻജിനുള്ളതിന് 11.94 ലക്ഷം രൂപയുമാണു വില.

ഉപയോക്താക്കൾക്ക് മികച്ച കാറുകൾ ലഭ്യമാക്കാനാണ് കമ്പനി എല്ലായ്പോഴും ശ്രമിച്ചിട്ടുള്ളതെന്നു ഹോണ്ട കാഴ്സ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ അറിയിച്ചു. അതുകൊണ്ടുതന്നെ ആഡംബരപൂർണവും പ്രീമിയം സ്പർശവുമുള്ള കറുപ്പ് ലതർ അകത്തളത്തോടെയുള്ള ‘സിറ്റി’ അവതരിപ്പിക്കാൻ ഏറെ ആഹ്ലാദമുണ്ടെന്നും സെൻ അഭിപ്രായപ്പെട്ടു. ‘സിറ്റി’ ഇന്ത്യയിലെത്തിയത് 1998 ജനുവരിയിലാണ്. തുടർന്ന് 2014 ജനുവരിയിൽ വിപണിയിലെത്തിയ നാലാം തലമുറ ‘സിറ്റി’ ഇതുവരെ 1.60 ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചിട്ടുണ്ട്.