Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത മോട്ടോർ നിർമിക്കാൻ ഹോണ്ട — ഹിറ്റാച്ചി സഖ്യം

honda-hitachi

സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങൾക്കുള്ള മോട്ടോർ നിർമാണത്തിനായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയും ഇലക്ട്രോണിക് മേഖലയിലെ പ്രമുഖരായ ഹിറ്റാച്ചിയും കൈകോർക്കുന്നു. മോട്ടോർ വികസനത്തിനും നിർമാണത്തിനും വിൽപ്പനയ്ക്കുമായി ഹോണ്ട മോട്ടോറും ഹിറ്റാച്ചിയുടെ വാഹന വിഭാഗവും ചേർന്നു പുതിയ സംയുക്ത സംരംഭവും രൂപീകരിക്കുന്നുണ്ട്. ആഗോളതലത്തിൽ മികച്ച വിൽപ്പന വളർച്ച കൈവരിക്കുന്ന വൈദ്യുത വാഹന മേഖലയിൽ നേട്ടം കൊയ്യാൻ ലക്ഷ്യമിട്ടു കൂടുതൽ വാഹന നിർമാതാക്കൾ അവരുടെ യന്ത്രഘടക ദാതാക്കളുമായി കൈ കോർക്കുന്നുണ്ട്. വൻതോതിലുള്ള ഉൽപ്പാദനത്തിലൂടെ നിർമാണ ചെലവ് നിയന്ത്രിക്കാനാവുമെന്നതാണ് ഇത്തരം സഖ്യങ്ങളുടെ പ്രധാന നേട്ടം.

ജന്മനാടായ ജപ്പാനു പുറമെ യു എസിലും ചൈനയിലും കൂടി നിർമാണ, വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഹോണ്ട — ഹിറ്റാച്ചി സഖ്യത്തിന് പദ്ധതിയുണ്ട്. ജൂലൈയിൽ പ്രവർത്തനക്ഷമമാവുമെന്നു കരുതുന്ന സംയുക്ത സംരംഭത്തിന് 500 കോടി യെൻ(ഏകദേശം 300.98 കോടി രൂപ) മുതൽമുടക്കാണു പ്രതീക്ഷിക്കുന്നത്. പുതിയ കമ്പനിയിൽ 51% ഓഹരികൾ ഹിറ്റാച്ചി ഓട്ടമോട്ടീവ് സിസ്റ്റംസിനും ബാക്കി ഹോണ്ട മോട്ടോറിനുമാവും. ആഗോളതലത്തിൽ തന്നെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ വ്യാപകമാകുന്നതിനാൽ വൈദ്യുത വാഹനങ്ങളുടെ വിൽപ്പന ഗണ്യമായി ഉയരുമെന്നാണു ഹോണ്ടയുടെയും ഹിറ്റാച്ചിയുടെയും വിലയിരുത്തൽ.

ചെലവ് ചുരുക്കുകയെന്ന ലക്ഷ്യത്തോടെ ബദൽ ഇന്ധന സാങ്കേതികവിദ്യ വികസനത്തിനു മറ്റു നിർമാതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുക എന്നതാണു ഹോണ്ട പയറ്റുന്ന പുത്തൻ തന്ത്രം. യൂ എസിൽ 2020 ആകുമ്പോഴേക്ക് ഹൈഡ്രജൻ ഇന്ധന സെൽ പവർ സംവിധാനങ്ങൾ വികസിപ്പിക്കാനായി ജനറൽ മോട്ടോഴ്സുമായി സഹകരിക്കുമെന്നു കഴിഞ്ഞ ദിവസം ഹോണ്ട പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണു വൈദ്യുത മോട്ടോർ നിർമാണത്തിൽ ഹിറ്റാച്ചിയുമായി കൂട്ടുകൂടാനുള്ള ഹോണ്ടയുടെ തീരുമാനം പുറത്തെത്തുന്നത്.

Your Rating: