Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നവി’ യുവാക്കളുടെ വാഹനം

honda-navi-auto-expo-2016

ബൈക്കോ സ്കൂട്ടറോ എന്നു വ്യക്തമാക്കാതെ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ‘നവി’ മികച്ച പ്രതികരണം നേടിയതായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). ഫെബ്രുവരി മൂന്നിന് അരങ്ങേറ്റം കുറിച്ച ‘നവി’ സ്വന്തമാക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴി ഇതുവരെ അഞ്ഞൂറിലേറെ ബുക്കിങ് ലഭിച്ചെന്നു കമ്പനി അറിയിച്ചു. ജനപ്രീതിയാർജിച്ച ‘ആക്ടീവ’യ്ക്കു ബദൽ തേടുന്ന യുവതലമുറയെയാണ് ‘ന്യൂ അഡീഷനൽ വാല്യൂ ഫോർ ഇന്ത്യ’ എന്നതിന്റെ ചുരുക്കെഴുത്തായി ‘നവി’ എന്നു പേരിട്ട മിനി ബൈക്കിലൂടെ എച്ച് എം എസ് ഐ ലക്ഷ്യമിടുന്നത്. ലക്ഷ്യമിടുന്നതു സമാന ഉപയോക്താക്കളെ ആയതിനാലാവണം ‘ആക്ടീവ’ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് എച്ച് എം എസ് ഐ ‘നവി’ സാക്ഷാത്കരിച്ചിരിക്കുന്നതും.

honda-navi-1

സാങ്കേതിക വിഭാഗത്തിൽ ‘ആക്ടീവ’യുമായി പൂർണ സാമ്യം പുലർത്തുന്ന ‘നവി’യുടെ ഭാരം പക്ഷേ സ്കൂട്ടറിനെ അപേക്ഷിച്ച് ഏഴു കിലോഗ്രാം കുറവാണ്. ‘നവി’യിലെ 110 സി സി എൻജിന് പരമാവധി 12 ബി എച്ച് പി കരുത്തും ഒൻപതു ബി എച്ച് പി ടോർക്കും സൃഷ്ടിക്കാനാവും; ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ‘നവി’യിലുള്ളത്. 39,500 രൂപ വിലയ്ക്കു ഡൽഹി ഷോറൂമിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന ‘നവി’യുടെ ഉൽപ്പാദനം അടുത്ത മാസമാണ് ആരംഭിക്കുക; ആദ്യ ഉടമകൾക്ക് ഏപ്രിലോടെ വാഹനം കൈമാറും. ഓട്ടോ എക്സ്പോയിൽ സന്ദർശകരെ ആകർഷിച്ചെങ്കിലും ‘നവി’യിലൂടെ വമ്പൻ വിൽപ്പനയൊന്നും എച്ച് എം എസ് ഐ പ്രതീക്ഷിക്കുന്നില്ല. ‘നവി’യിലൂടെ വൻവിൽപ്പന നേടാൻ കഴിയുമെന്നു കരുതുന്നില്ലെന്ന് ഹോണ്ട മോട്ടോർ കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ(മോട്ടോർ സൈക്കിൾ ഓപ്പറേഷൻസ്) ഷിൻജി ആവോയാമ തന്നെ വ്യക്തമാക്കുന്നു. ചെറിയ തോതിൽ വിൽപ്പന തുടങ്ങി, വിപണി നിരീക്ഷിച്ച ശേഷം ‘നവി’ക്കായി അടുത്ത നടപടികൾ സ്വീകരിക്കാനാണു ഹോണ്ടയുടെ പദ്ധതി.

‘ആക്ടീവ’യെ ആധാരമാക്കി വികസിപ്പിച്ചതിനാൽ കാര്യമായ പണച്ചെലവി ല്ലാതെയാണു ഹോണ്ട ‘നവി’ യാഥാർഥ്യമായത്. എങ്കിലും പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത മോഡലെന്ന നിലയിൽ എച്ച് എം എസ് ഐയിൽ ‘നവി’ക്കു പ്രസക്തിയേറെയാണ്. സാധാരണ സ്കൂട്ടറും ബൈക്കും വാങ്ങുന്നതിൽ വിമുഖരായ, ഇരുചക്രവാഹനത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്ന യുവതലമുറയ്ക്കു മുന്നിലെ പുതു സാധ്യതയെന്ന നിലയാണു ഹോണ്ട ‘നവി’യെ പടയ്ക്കിറക്കുന്നത്. ഒരേതരം ബൈക്കുകളും സ്കൂട്ടറുകളും കണ്ടു മടുത്ത യുവതലമുറ മാറ്റം ആഗ്രഹിക്കുന്നെന്ന തിരിച്ചറിവാണു ‘നവി’യുടെ പിറവിയിലേക്കു നയിച്ചതെന്നും ആവോയാമ വിശദീകരിക്കുന്നു.