Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പനയിൽ പതിനായിരം പിന്നിട്ട് ഹോണ്ട നവി

navi Honda Navi

ഡൽഹി ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത നവിയുടെ വിൽപ്പന 10000 യൂണിറ്റ് കവിഞ്ഞെന്ന് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). ഫെബ്രുവരി മൂന്നിന് അരങ്ങേറ്റം കുറിച്ച ‘നവി’ സ്വന്തമാക്കാൻ അവതരിപ്പിച്ച പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ നാൽപ്പതിനായിരത്തലേറെ തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. വിൽപ്പന തുടങ്ങി രണ്ടാം മാസത്തിൽ പതിനായിരം യൂണിറ്റിന്റെ വിൽപ്പന ലഭിച്ചെന്നാണ് കമ്പനി അറിയിച്ചത്. ഡൽഹി ഷോറൂമിൽ 39,500 രൂപ വില നിശ്ചയിച്ചായിരുന്നു 2016 ഓട്ടോ എക്സ്പോയുടെ ആദ്യനാളിൽ ‘നവി’യുടെ വരവ്.

honda-navi Honda Navi

ജനപ്രീതിയാർജിച്ച ‘ആക്ടീവ’യ്ക്കു ബദൽ തേടുന്ന യുവതലമുറയെയാണ് ‘ന്യൂ അഡീഷനൽ വാല്യൂ ഫോർ ഇന്ത്യ’ എന്നതിന്റെ ചുരുക്കെഴുത്തായി ‘നവി’ എന്നു പേരിട്ട മിനി ബൈക്കിലൂടെ എച്ച് എം എസ് ഐ ലക്ഷ്യമിടുന്നത്. ലക്ഷ്യമിടുന്നതു സമാന ഉപയോക്താക്കളെ ആയതിനാലാവണം ‘ആക്ടീവ’ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് എച്ച് എം എസ് ഐ ‘നവി’ സാക്ഷാത്കരിച്ചിരിക്കുന്നതും. ഉല്ലാസകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന ഇരുചക്രവാഹനമെന്ന നിലയിലാണു ഹോണ്ട ‘നവി’യെ പരിചയപ്പെടുത്തുന്നത്. സീറ്റ് മോട്ടോർ സൈക്കിളിനു സമാനമാണ്; പക്ഷേ വീലുകൾ സ്കൂട്ടറിന്റെ പോലെയും. ഒപ്പം സാധാരണ നിലയിൽ ബൈക്കിന്റെ എൻജിൻ ഇടം പിടിക്കുന്ന ഭാഗത്ത് വേണ്ടത്ര സംഭരണ സ്ഥലവും ഹോണ്ട ലഭ്യമാക്കുന്നു. അളവെടുപ്പിലും ‘നവി’ ചെറുതാണ്: നീളം 1805 എം എം, വീതി 748 എം എം, ഉയരം 1039 എം എം. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഹൈഡ്രോളിക് ടൈപ് സ്പ്രിങ്ങുമാണു സസ്പെൻഷൻ. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണു ‘നവി’യിലുള്ളത്.

honda-navi-1 Honda Navi

സാങ്കേതിക വിഭാഗത്തിൽ ‘ആക്ടീവ’യുമായി പൂർണ സാമ്യം പുലർത്തുന്ന ‘നവി’യുടെ ഭാരം പക്ഷേ സ്കൂട്ടറിനെ അപേക്ഷിച്ച് ഏഴു കിലോഗ്രാം കുറവാണ്. ‘നവി’യിലെ 110 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിന് 7,000 ആർ പി എമ്മിൽ പരമാവധി 7.83 ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ പരമാവധി 8.96 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ‘നവി’യിലുള്ളത്. ഒറ്റ വകഭേദത്തിൽ മാത്രം വിപണിയിലുള്ള ‘നവി’ അഞ്ചു നിറങ്ങളിൽ വിൽപ്പനയ്ക്കുണ്ട്: പാട്രിയറ്റ് റെഡ്, ഹൂപ്പർ ഗ്രീൻ, ഷാസ്ത വൈറ്റ്, സ്പാർക്കി ഓറഞ്ച്, ബ്ലാക്ക്. കൂടാതെ ഉടമയുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ കൂടി പരിഗണിച്ചു നിർമിച്ച രീതിയിലും ‘നവി’ ലഭ്യമാക്കാൻ ഹോണ്ടയ്ക്കു പദ്ധതിയുണ്ട്. ഓട്ടോ എക്സ്പോയിൽ സന്ദർശകരെ ആകർഷിച്ചെങ്കിലും ‘നവി’യിലൂടെ വമ്പൻ വിൽപ്പനയൊന്നും എച്ച് എം എസ് ഐ പ്രതീക്ഷിക്കുന്നില്ല. ചെറിയ തോതിൽ വിൽപ്പന തുടങ്ങി, വിപണി നിരീക്ഷിച്ച ശേഷം ‘നവി’ക്കായി അടുത്ത നടപടികൾ സ്വീകരിക്കാനാണു ഹോണ്ടയുടെ പദ്ധതി.

honda-navi-auto-expo-2016 Honda Navi

പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത മോഡലെന്ന നിലയിൽ എച്ച് എം എസ് ഐയിൽ ‘നവി’ക്കു പ്രസക്തിയേറെയാണ്. സാധാരണ സ്കൂട്ടറും ബൈക്കും വാങ്ങുന്നതിൽ വിമുഖരായ, ഇരുചക്രവാഹനത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്ന യുവതലമുറയ്ക്കു മുന്നിലെ പുതു സാധ്യതയെന്ന നിലയാണു ഹോണ്ട ‘നവി’യെ പടയ്ക്കിറക്കിയത്.