Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോട്ടോ ജി പി: പുത്തൻ ‘ആർ സി 213 വി’യുമായി റെപ്സോൾ ഹോണ്ട

honda-rc213

മോട്ടോ ജി പിയുടെ പുതിയ സീസണിൽ ഹോണ്ടയ്ക്കായി പട നയിക്കുന്ന പുത്തൻ ബൈക്ക് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട പുറത്തിറക്കി. ഇന്തൊനീഷയിലെ സെന്റൽ സർക്യൂട്ടിൽ അനാവരണം ചെയ്ത, ‘ആർ സി 213 വി’ എന്നു പേരിട്ട ബൈക്കിൽ മാർക് മാർക്കേസും ഡാനി പെഡ്രോസയുമാണു റെപ്സോൾ ഹോണ്ട ടീമിനായി പട നയിക്കുക. നാലു വർഷം മുമ്പ് 2012ലാണു ഹോണ്ടയുടെ ‘ആർ സി 213 വി’ ആദ്യമായി ടാക്കിലിറങ്ങിയത്. തുടർന്നുള്ള സീസണുകളിൽ മോട്ടോ ജി പിയിൽ നിർമാതാക്കൾക്കുള്ള ചാംപ്യൻഷിപ് തുടർച്ചയായ മൂന്നു തവണയാണു റെപ്സോൾ ഹോണ്ട സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ജോർജ് ലൊറെൻസൊ — വലന്റീനൊ റോസി സഖ്യമാണു യമഹയ്ക്കായി ഹോണ്ടയുടെ ഈ കുത്തക തകർത്തത്.

പുതിയ ബൈക്ക് പൂർണത കൈവരിച്ചിട്ടില്ലെന്നു ഹോണ്ട റൈഡർ പെഡ്രോസ അഭിപ്രായപ്പെട്ടു. മുൻമോഡലിനെ അപേക്ഷിച്ചു മാറ്റങ്ങൾ ധാരാളമുള്ളതിനാൽ പുതിയ ബൈക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോട്ടോ ജി പിയിൽ ഇലക്ട്രോണിക് കൺട്രോൾ സംവിധാനത്തിന്റെ വരവ് ഹോണ്ടയ്ക്കു വലിയ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. അതുകൊണ്ടുതന്നെ പ്രീ സീസൺ ടെസ്റ്റിങ്ങിൽ കാര്യമായ മുന്നേറ്റം കൈവരിക്കാൻ റെപ്സോൾ ഹോണ്ടയ്ക്കു സാധിച്ചിട്ടില്ല. ഈ പോരായ്മ മൂലം അടുത്തയിടെ മലേഷ്യയിലെ സെപാങ്ങിൽ നടന്ന ആദ്യഘട്ട പരീക്ഷണ ഓട്ടത്തിൽ ബൈക്ക് കൈവരിച്ച വേഗത്തിൽ പ്രധാന എതിരാളികളായ യമഹയെ അപേക്ഷിച്ച് ഒരു സെക്കൻഡിന്റെ കുറവുണ്ടെന്നാണ് രണ്ടു തവണ ലോക ചാംപ്യൻഷിപ് നേടിയ ഹോണ്ട റൈഡർ മാർക് മാർക്കേസിന്റെ നിഗമനം.

ഫാക്ടറി ടീമിനായി മത്സരിക്കുന്ന രണ്ടു ബൈക്കുകൾക്കൊപ്പം 2016 മോട്ടോ ജി പി ഗ്രിഡിൽ എൽ സി ആർ ഹോയുടെ കാൾ ക്രച്ച്ലോയ്ക്കുള്ള ബൈക്കും മാർക് വി ഡി എസ് ടീമിന്റെ ജാക്ക് മില്ലർക്കും ടിറ്റൊ റബാറ്റിനുമുള്ള ‘ആർ സി 213 വി’ ബൈക്കുകളും ഹോണ്ട ഇന്തൊനീഷയിൽ അനാവരണം ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.