Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കു പുത്തൻ കോംപാക്ട് എസ് യു വിയുമായി ഹോണ്ട

honda-hr-v Honda HR-V

വിൽപ്പനയിൽ തിരിച്ചടി നേരിടുന്ന ഇന്ത്യൻ വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താനായി പുതിയ കോംപാക്ട് എസ് യു വി അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ഒരുങ്ങുന്നു. ‘എച്ച് ആർ — വി’ അടിസ്ഥാനമാക്കി വികസിപ്പിച്ച ഏഴു സീറ്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹനം ഫിലിപ്പൈൻ ഇന്റർനാഷനൽ മോട്ടോർ ഷോ(പി ഐ എം എസ്)യിൽ അനാവരണം ചെയ്യുമെന്നാണു സൂചന. ഇന്ധനക്ഷമതയേറിയ കാറുകളുടെ നിർമാതാക്കളെന്ന നിലയിൽ പേരെടുത്ത ഹോണ്ടയുടെ ഓഹരിവില കഴിഞ്ഞ ഏതാനും മാസമായി കടുത്ത തിരിച്ചടി നേരിടുകയാണ്.

ഇന്ത്യയടക്കമുള്ള ഏഷ്യൻ വിപണികൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പുത്തൻ എൻട്രി ലവൽ എസ് യു വി തായ്ലൻഡിലെ ഗവേഷണ, വികസന കേന്ദ്രത്തിലാണ് ഹോണ്ട വികസിപ്പിക്കുന്നത്. ആകർഷക രൂപകൽപ്പനയ്ക്കൊപ്പം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും പുതിയ എസ് യു വിയുടെ സവിശേഷതയാവും; കൂടാതെ സുരക്ഷയുടെ കാര്യത്തിലും ഈ മോഡൽ ഉന്നത നിലവാരം പുലർത്തുമെന്നാണു പ്രതീക്ഷ. കോംപാക്ട് എസ് യു വി വിഭാഗത്തിലെ വിൽപ്പനയിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്ന് ഈയിടെ എച്ച് സി ഐ എൽ അംഗീകരിച്ചിരുന്നു. ഈ നില തുടരാനാണു സാധ്യതയെന്നും കമ്പനി വിലയിരുത്തുന്നു. വിപണന സാധ്യതയുള്ള ഈ വിഭാഗത്തിൽ അർഹമായ സ്ഥാനം നേടാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഹോണ്ട വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രകടനം മെച്ചപ്പെടുത്താൻ വിപണന സാധ്യതയേറിയ എസ് യു വി വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കണമെന്നു ഹോണ്ടയ്ക്കു ബോധ്യമുണ്ട്. ഈ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു കമ്പനി നേരത്തെ ‘ബി ആർ — വി’ അവതരിപ്പിച്ചത്. പ്രായോഗികതയ്ക്ക് ഊന്നൽ നൽകുന്ന പുത്തൻ എസ് യു വി മത്സരക്ഷമമായ വിലകളിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. ഹ്യുണ്ടേയ് ‘ക്രേറ്റ’ പോലുള്ള എതിരാളികളെ ‘ബി ആർ — വി’യിലൂടെ നേരിടുന്ന ഹോണ്ട ‘എച്ച് ആർ — വി’യിലൂടെ ലക്ഷ്യമിടുന്നത് മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഫോഡ് ‘ഇകോസ്പോർട്’, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ‘ടി യു വി 300’ തുടങ്ങിയ കോംപാക്ട് എസ് യു വികളെയാണെന്നു വ്യക്തം. ഫിലിപ്പൈൻസിലെ ഔദ്യോഗിക അരങ്ങേറ്റം കഴിഞ്ഞാൽ അധികം വൈകാതെ പുതിയ എസ് യു വി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.