Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഹോണ്ട

honda-hr-v Honda HR-V

ഇന്ത്യയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളും വലിയ സെഡാനുകളും അവതരിപ്പിക്കുന്നതിനൊപ്പം ഭാവി മോഡലുകളിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ലഭ്യമാക്കി വിപണിയെ ആകർഷിക്കാനാണു കമ്പനിയുടെ പദ്ധതി. എൻട്രി ലവൽ വിഭാഗങ്ങളായ ‘എ’യിൽ നിന്നും ‘ബി’യി നിന്നുമൊക്കെ പ്രീമിയം മേഖലയിലേക്ക് ആവശ്യക്കാർ ചേക്കേറുന്നു എന്ന തിരിച്ചറിവാണു ഹോണ്ടയെ പുതിയ തന്ത്രങ്ങൾ പയറ്റാൻ പ്രേരിപ്പിക്കുന്നത്.ഇന്ത്യൻ വിപണി മാറുകയാണെന്നു ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ കരുതുന്നു. ‘എ’, ‘ബി’ വിഭാഗങ്ങളിൽ നിന്നുള്ള കൂടുമാറ്റം പരിഗണിച്ചാണു മാരുതി സുസുക്കിയും ഹ്യുണ്ടേയിയുമൊക്കെ പ്രീമിയം വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിപണി വിഭാഗങ്ങളിൽ സംഭവിക്കുന്ന പരിവർത്തനം കമ്പനിയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് ഊനൊ വെളിപ്പെടുത്തി.

ഇന്ത്യൻ വിപണിയിൽ എസ് യു വി വിഭാഗത്തിന്റെ വളർച്ചയാണു മറ്റൊരു ശ്രദ്ധേയ മാറ്റം. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ കമ്പനി വൈകാതെ പുതിയ മോഡൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ഇന്ത്യയിലെത്തുക ‘എച്ച് ആർ — വി’ ആകുമോ എന്ന് അദ്ദേഹം സ്ഥിരീകരിച്ചില്ല. വിവിധ വിഭാഗങ്ങളിൽ സാന്നിധ്യമില്ലാത്തത് ഇന്ത്യൻ വിപണിയിൽ ഹോണ്ടയ്ക്കു തിരിച്ചടിയായെന്ന് ഊനൊ സമ്മതിച്ചു. ‘സിറ്റി’യേക്കാൾ വലിപ്പമുള്ള കാർ തേടി ധാരാളം പേർ എത്തുന്നുണ്ട്; പക്ഷേ ഇന്ത്യയിൽ ഹോണ്ടയ്ക്ക് അത്തരമൊരു മോഡലില്ല. ഇത്തരം ഇടപാടുകാരെ നഷ്ടമാവുന്നതിനെപ്പറ്റി ഡീലർമാരും നിരന്തരം പരാതിപ്പെടാറുണ്ടെന്ന് ഊനൊ വെളിപ്പെടുത്തി.
വിപണിയുടെ മാറുന്ന അഭിരുചികളോട് അതിവേഗം പ്രതികരിക്കുകയാണു വിജയത്തിലേക്കുള്ള വഴിയെന്ന് ഊനൊ വിശദീകരിച്ചു. ഹോണ്ട ഈ മേഖലയിൽ ഏറെ മുന്നേറാനുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

അതുപോലെ ഇന്ത്യൻ വിപണിയുടെ താൽപര്യം ഡീസലിൽ നിന്നു വീണ്ടും പെട്രോളിലേക്കു മാറിയതും ഹോണ്ടയ്ക്കു തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഈ മാറ്റത്തിന്റെ ഫലമായി കഴിഞ്ഞ വർഷം അവസാനം മുതൽ കമ്പനിയുടെ ഉൽപ്പാദനവും വിൽപ്പനയും പൊരുത്തമില്ലാത്ത സ്ഥിതിയിലായി. ഇപ്പോഴാണു കാര്യങ്ങൾ സാധാരണ നില കൈവരിച്ചതെന്നും ഊനൊ വിശദീകരിച്ചു. ഇന്ത്യയ്ക്കായി പ്രത്യേക മോഡൽ വികസിപ്പിക്കാൻ തൽക്കാലം ഉദ്ദേശ്യമില്ലെന്ന് ഊനൊ വ്യക്തമാക്കി. ആഗോളതലത്തിൽ വിജയം നേടിയ വാഹനങ്ങൾ ഇന്ത്യയിലെത്തിച്ചു വിൽക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

Your Rating: