Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുമതി ലഭിച്ചില്ല; ഹോണ്ട തപുകര ശാല വികസനം വൈകുന്നു

Honda

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ രാജസ്ഥാനിലെ തപുകരയിൽ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) നടപ്പാക്കാനിരുന്ന വികസന പദ്ധതികൾ വൈകുന്നു. 1,577 കോടി രൂപ ചെലവിൽ തപുകര ശാലയുടെ ശേഷി വർധിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. പദ്ധതികളുടെ അവലോകനത്തിനുള്ള വിദഗ്ധ സമിതി(ഇ എ സി) ഹോണ്ട കാഴ്സിന്റെ നിർദേശം പരിഗണിച്ചിരുന്നെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ വികസന പദ്ധതി സംബന്ധിച്ചു കൂടുതൽ വിശദാംശങ്ങൾ വേണമെന്നാണത്രെ സമിതിയുടെ നിലപാട്.

സുരക്ഷിതത്വം ഉറപ്പാക്കാൻ നിർമാണ ശാലയിലെ ജീവനക്കാരുടെ ഓഡിയോമെട്രി, സ്പൈറോമെട്രി, മസ്കുലോസ്കെലുറ്റൽ ഡിസോർഡർ, ചെസ്റ്റ് എക്സ്റേ എന്നിവയൊക്കെയാണു സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ശാല മൂലമുള്ള മലിനീകരണം സംബന്ധിച്ച വിവിധ കണക്കുകൾ പുനഃപരിശോധിക്കാനും സമിതി ഹോണ്ടയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വിവരങ്ങൾ കൂടി ലഭിച്ചശേഷം വികസന പദ്ധതിയുടെ കാര്യം പരിഗണിക്കാമെന്നാണത്രെ സമിതിയുടെ നിലപാട്.

ഉൽപ്പാദനചെലവ് കുറയ്ക്കാനായി തപുകരയിൽ പ്രാദേശിക നിർമിത ഘടകങ്ങളുടെ വിഹിതം ഉയർത്താനാണു ഹോണ്ട കാഴ്സിന്റെ പദ്ധതി. കൂടാതെ തപുകര ശാലയുടെ ഉൽപ്പാദനശേഷി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ശാലയിൽ പ്രതിവർഷം 20,000 ടണ്ണിനു പകരം 30,000 ടൺ അലൂമിനിയം ഉരുക്കാനും പ്രൊപെയ്ൻ സംഭരണശേഷി 50 ടണ്ണിൽ നിന്ന് 100 ടണ്ണാക്കി ഉയർത്താനുമാണു ഹോണ്ട ലക്ഷ്യമിടുന്നത്. ഒപ്പം ശാലയിലെ ഊർജോൽപ്പാദനം 4.9 മെഗാവാട്ടിൽ നിന്ന് 37.3 മെഗാവാട്ടാക്കാനും കമ്പനി അനുമതി തേടിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്കുള്ള ഭൂമി കൈവശമുണ്ടെന്നും എച്ച് സി ഐ എൽ സമിതിയെ അറിയിച്ചു; 17.68 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലമാണു തപുകരയിൽ കമ്പനിയുടെ പക്കലുള്ളത്.

തപുകര ശാലയുടെ വാർഷിക ഉൽപ്പാദനശേഷി ഇപ്പോഴത്തെ 1.20 ലക്ഷം യൂണിറ്റിൽ നിന്ന് 1.80 ലക്ഷം യൂണിറ്റായി ഉയർത്തുമെന്നു കഴിഞ്ഞ മാർച്ചിലാണു കമ്പനി പ്രഖ്യാപിച്ചത്. അടുത്ത വർഷം മധ്യത്തോടെ വികസന പദ്ധതി പൂർത്തിയാക്കാനാണു ഹോണ്ട ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണു തപുകര ശാല പ്രവർത്തനം ആരംഭിച്ചത്. ഫോർജിങ്, കാസ്റ്റിങ്, സ്റ്റാംപിങ്, പവർ ട്രെയ്ൻ ഘടക നിർമാണം, പെയ്ന്റിങ്, എൻജിൻ അസംബ്ലി, ഫ്രെയിം അസംബ്ലി എന്നിവയ്ക്കൊപ്പം എൻജിൻ ടെസ്റ്റിങ് സൗകര്യവും ഈ ശാലയിൽ ലഭ്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.