Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ്: 22 ലക്ഷം കാർ കൂടി തിരിച്ചുവിളിക്കാൻ ഹോണ്ട

honda-br-v-3

നിർമാണ പിഴവുള്ള തകാത്ത എയർബാഗുകൾ ഘടിപ്പിച്ചതിന്റെ പേരിൽ 22 ലക്ഷം കാറുകൾ കൂടി തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഹോണ്ട മോട്ടോർ കമ്പനി ഒരുങ്ങുന്നു. വിന്യാസവേളയിൽ ഇൻഫ്ളേറ്റർ പൊട്ടിത്തെറിക്കുമ്പോൾ മൂർച്ചയേറിയ വസ്തുക്കൾ ചിതറിത്തെറിച്ച് യാത്രക്കാർക്ക് പരുക്കേൽക്കാനുള്ള സാധ്യതയാണു തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളെ അപകടകാരികളാക്കുന്നത്.

ഡ്രൈവറുടെ ഭാഗത്തെ എയർബാഗുകളിൽ നിന്നുള്ള ഭീഷണി പരിഗണിച്ചാണ് ഹോണ്ട, അക്യൂറ ബ്രാൻഡുകളിൽപെട്ട 22 ലക്ഷം വാഹനങ്ങൾ കമ്പനി തിരിച്ചുവിളിക്കുന്നത്. തകാത്ത എയർബാഗിന്റെ പേരിൽ അധികമായി പരിശോധിക്കേണ്ടി വരുമെന്നു യു എസ് അധികൃതർ കണ്ടെത്തിയ 50 ലക്ഷത്തോളം വാഹനങ്ങളിൽ പകുതിയോളമാണു ഹോണ്ട തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്.

Takata Airbag

പഴയതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെയാണു ഹോണ്ട കാറുകൾ തിരിച്ചുവിളിക്കുന്നത്; തകാത്ത എയർബാഗ് ഉയർത്തുന്ന സുരക്ഷാഭീഷണിയുടെ പേരിൽ 2005ൽ നിർമിച്ചവ മുതൽ 2015, 2016 മോഡലുകളിൽ പെട്ട കാറുകൾ വരെ പരിശോധിക്കേണ്ടി വരും. ഇതോടെ തകാത്ത എയർബാഗിന്റെ പേരിൽ യു എസിൽ തിരിച്ചുവിളിച്ച വാഹനങ്ങളുടെ എണ്ണം 2.40 കോടിയിലെത്തി. എയർബാഗ് പൊട്ടിത്തെറിച്ച് ആഗോളതലത്തിൽ ഇതുവരെ 11 പേർ മരിക്കുകയും 139 പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നാണു കണക്ക്.

വിന്യാസം എളുപ്പത്തിലാക്കാനുള്ള പൊട്ടിത്തെറിക്കായി അമോണിയം നൈട്രേറ്റിനെ ആശ്രയിക്കുന്നതാണ് തകാത്ത നിർമിച്ച എയർബാഗുകളുടെ പ്രശ്നമെന്നാണു വിലയിരുത്തൽ. കാലപ്പഴക്കത്താൽ നിലവാരം ഇടിയുന്ന ഈ രാസവസ്തു ചൂടും ഈർപ്പവും അടിക്കുന്നതോടെ കൂടുതൽ അപകടകാരിയാവുന്നു. വിന്യാസഘട്ടത്തിൽ എയർബാഗ് നിയന്ത്രണമില്ലാതെ പൊട്ടിത്തെറിക്കുന്നതോടെ സ്ഫോടനത്തെ ചെറുക്കേണ്ട ലോഹഭാഗമാണ് യാത്രക്കാർക്കു ഭീഷണി സൃഷ്ടിച്ചു പാഞ്ഞടുക്കുക.

AUTO EXPO 2016 - EXCLUSIVE VIDEO

പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ ഉടമകളെ ഹോണ്ട നേരിട്ടു വിവരം അറിയിക്കും. തുടർന്നു കാറുകളിലുള്ള തകാത്ത നിർമിത എയർബാഗിനു പകരം മറ്റു നിർമാതാക്കളിൽ നിന്നു വാങ്ങിയ എയർബാഗ് ഘടിപ്പിച്ചും നൽകും. എന്നാൽ ഇത്രയേറെ കാറുകളിൽ മാറ്റിവയ്ക്കാനുള്ള എയർബാഗ് ലഭിക്കാൻ കുറഞ്ഞത് വേനൽക്കാലം വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണു ഹോണ്ടയുടെ കണക്കുകൂട്ടൽ.

ഹോണ്ട ‘സി ആർ വി’(2007 — 2011), ആക്യൂറ ‘ആർ എൽ’(2005 — 2012), ‘ആർ ഡി എക്സ്’ (2007 — 2016), ഹോണ്ട ‘റിഡ്ജ്ലൈൻ’ (2007 — 2014), ‘ഫിറ്റ്’ (2009 — 2014), ‘അക്യൂറ ‘ടി എൽ’ (2009 — 2014), ഹോണ്ട ‘എഫ് സി എക്സ് ക്ലാരിറ്റി’ ( 2010 — 2014), ‘ഇൻസൈറ്റ്’ (2010 — 2014), അക്യൂറ ‘സെഡ് ഡി എക്സ്’ (2010 — 2013), ഹോണ്ട ‘സി ആർ സെഡ്’ (2011 — 2015), അക്യൂറ ‘ഐ എൽ എക്സ്’ (2013 — 2016) എന്നീ മോഡലുകൾക്കാണു പരിശോധന ആവശ്യം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.