Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ്: ഇന്ത്യയിൽ 1.90 ലക്ഷം കാർ കൂടി തിരിച്ചുവിളിക്കാൻ ഹോണ്ട

Honda City

ജപ്പാനിലെ തകാത്ത കോർപറേഷൻ നൽകിയ നിർമാണ പിഴവുള്ള എയർബാഗുകൾ മാറ്റി നൽകാനായി ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) 1.90 ലക്ഷം കാറുകൾ തിരിച്ചു വിളിക്കുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ആഗോളതലത്തിൽ സ്വീകരിച്ച മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ത്യയിലും മുൻതലമുറ ‘അക്കോഡ്’, ‘സി ആർ — വി’, ‘സിറ്റി’, ‘ജാസ്’ എന്നിവയിലെ എയർബാഗുകൾ മാറ്റിനൽകാനാണു ഹോണ്ട കാഴ്സിന്റെ തീരുമാനം. തകരാറുള്ള എയർബാഗ് ഇൻഫ്ളേറ്ററിന്റെ സാന്നിധ്യം സംശയിച്ച് ഇന്ത്യയിൽ ഹോണ്ട കാഴ്സ് ഇത്രയേറെ കാറുകൾ തിരിച്ചുവിളിച്ചു നടത്തുന്ന പരിശോധന ഇതു രണ്ടാം തവണയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഇതേ കാരണത്താൽ ഹോണ്ട കാഴ്സ് 2.73 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചിരുന്നു; ‘സി ആർ — വി’, ‘സിവിക്’, ‘സിറ്റി’, ‘ജാസ്’ മോഡലുകൾക്കായിരുന്നു അന്നും പരിശോധന.

പരിശോധന ബാധകമായ വാഹനങ്ങളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:

മോഡൽ നിർമിച്ച കാലം പരിശോധന ആവശ്യമുള്ള
വാഹനങ്ങളുടെ എണ്ണം

അക്കോഡ്
2003 2011 22,483
സി ആർ — വി 2009 2011 1,514

സിവിക്

2007
2
 
2009 2011
13,603
സിറ്റി 2008 2011 1,37,270
ജാസ് 2009 2011 15,706
 ആകെ
1,90,578


ഘട്ടം ഘട്ടമായാണ് ഇന്ത്യയിൽ ഇത്രയേറെ കാറുകൾ തിരിച്ചുവിളിക്കുകയെന്നു കമ്പനി വിശദീകരിച്ചു. പരിശോധനയിൽ തകരാർ കണ്ടെത്തുന്ന എയർബാഗുകൾ എച്ച് സി ഐ എൽ ഡീലർഷിപ്പുകളിൽ സൗജന്യമായി മാറ്റി നൽകും. തുടക്കത്തിൽ ‘സി ആർ — വി’യും ‘സിവിക്കു’മാണു ഹോണ്ട പരിശോധിക്കുക; മറ്റു മോഡലുകളുടെ പരിശോധന സെപ്റ്റംബറോടെയാണ് ആരംഭിക്കുക. പരിശോധന ആവശ്യമുള്ള മോഡലുകളുടെ ഉടമകളെ കമ്പനി നേരിട്ടു വിവരം അറിയിക്കും. കൂടാതെ ഇതിനായി പ്രത്യേകം തയാറാക്കിയ മൈക്രോ സൈറ്റിൽ വാഹനത്തിന്റെ തിരിച്ചറിയൽ നമ്പർ(വി ഐ എൻ) നൽകിയും പരിശോധന ആവശ്യമാണോ എന്നു കണ്ടെത്താം. ഇതോടെ ഹോണ്ട ഇന്ത്യയിൽ തിരിച്ചുവിളിച്ചു പരിശോധിച്ച വാഹനങ്ങളുടെ മൊത്തം എണ്ണം 646,670 ആയി ഉയർന്നു. വാഹനം സ്വമേധയാ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതു സംബന്ധിച്ച നയം 2012ലാണ് ഇന്ത്യയിൽ നിലവിൽ വന്നത്; തുടർന്നുള്ള കാലത്തിനിടെ മൊത്തം 20 ലക്ഷത്തോളം വാഹനങ്ങളാണു രാജ്യത്തു തിരിച്ചുവിളിച്ചു പരിശോധിച്ചത്.

അടിയന്തര സാഹചര്യത്തിൽ എയർബാഗ് വിന്യസിക്കാൻ സഹായിക്കുന്ന ഇൻഫ്ളേറ്ററിൽ ഉപയോഗിച്ച രാസവസ്തുവാണ് തകാത്ത കോർപറേഷൻ നിർമിച്ച ഉൽപന്നങ്ങൾക്കു വിനയായത്. അമിത മർദത്തോടെ ഇത്തരം എയർബാഗുകൾ വിന്യസിക്കപ്പെടുമ്പോൾ മൂർച്ചയേറിയ ലോഹഭാഗങ്ങളും മറ്റും ചിതറിത്തെറിച്ചാണു കാർ യാത്രികർ അപകടഭീഷണി നേരിടുന്നത്. മാത്രമല്ല എയർബാഗ് ഇൻഫ്ളേറ്ററിൽ സ്ഫോടന സാധ്യതയുള്ള അമോണിയം നൈട്രേറ്റ് ഉപയോഗിക്കുന്ന എക നിർമാതാവും തകാത്തയാണ്. തകാത്ത നിർമിച്ചു നൽകിയ എയർബാഗുകൾ പൊട്ടിത്തെറിച്ച് എട്ടു പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണു കണക്ക്; ധാരാളം പേർക്കു പരുക്കുമേറ്റു. എയർബാഗുകൾ സുരക്ഷാ ഭീഷണിയായതോടെ ലോകവ്യാപകമായി അഞ്ചു കോടിയോളം വാഹനങ്ങളാണ് 11 പ്രമുഖ നിർമാതാക്കൾ ചേർന്നു തിരിച്ചുവിളിച്ചു പരിശോധിച്ചത്. ഇന്ത്യയിലും ഈ പ്രശ്നത്തിന്റെ പേരിൽ ഹോണ്ടയ്ക്കു പുറമെ നിസ്സാനും ടൊയോട്ടയും റെനോയുമൊക്കെ വാഹനം തിരിച്ചുവിളിച്ചു പരിശോധിക്കാൻ നിർബന്ധിതരായിട്ടുണ്ട്.