Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ് പിഴവ്: 6.68 ലക്ഷം കാർ കൂടി തിരിച്ചുവിളിക്കാൻ ഹോണ്ട

Takata Airbag

തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണിയുടെ പേരിൽ ജപ്പാനിൽ 6.68 ലക്ഷം കാറുകൾ കൂടി തിരിച്ചു വിളിക്കാൻ ഹോണ്ട മോട്ടോർ കമ്പനി തീരുമാനിച്ചു. നിർമാണപിഴവുള്ള തകാത്ത എയർബാഗുകൾ കഴിഞ്ഞ വർഷം ലോക വ്യാപകമായി പ്രഖ്യാപിച്ച വാഹന പരിശോധനയുടെ ഭാഗമായാണ് ഈ നടപടിയെന്നു കമ്പനി അറിയിച്ചു. സബ്കോംപാക്ട് ഹാച്ച്ബാക്കായ ‘ഫിറ്റ്’, സെഡാനുകളായ ‘സിവിക്’, ‘അക്കോഡ്’ എന്നിവയിലെ മുൻസീറ്റ് യാത്രികരുടെ ഭാഗത്തെ എയർബാഗിലാണു ഹോണ്ട നിർമാണ പിഴവ് സംശയിക്കുന്നത്. 2009 — 2011 കാലത്തു നിർമിച്ചു വിറ്റ കാറുകൾക്കാണ് പരിശോധന പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ എയർബാഗ് തകരാറിന്റെ പേരിൽ ആഗോളതലത്തിൽ ഹോണ്ട തിരിച്ചുവിളിച്ചു പരിശോധിക്കുന്ന കാറുകളുടെ എണ്ണം ഇതോടെ 5.10 കോടിയായി ഉയർന്നു. വിന്യാസവേളയിൽ പൊട്ടിത്തെറിച്ച് അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ള എയർബാഗ് ഇൻഫ്ളേറ്ററുകളുടെ സാന്നിധ്യത്തിന്റെ പേരിൽ ലോകവ്യാപകമായി ആകെ 10 കോടിയോളം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. പ്രവർത്തന വൈകല്യമുള്ള ഇത്തരം എയർബാഗുകൾ മൂലം പതിനാലോളം പേർക്കു ജീവൻ നഷ്ടപ്പെട്ടെന്നാണു കണക്ക്; പരുക്കേറ്റവരാവട്ടെ നൂറ്റി അൻപതോളമാണ്. ഗുരുതര അപകടം സൃഷ്ടിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ വ്യവസായത്തിലെ തന്നെ ഏറ്റവും വലിയതും വിപുലവുമായ വാഹനപരിശോധനയ്ക്ക് വിവിധ നിർമാതാക്കൾ തയാറെടുക്കുന്നത്.

അതിനിടെ ഡ്രൈയിങ് ഏജന്റിന്റെ സാന്നിധ്യമില്ലാത്തതും, തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയതുമായ എയർബാഗ് ഘടിപ്പിച്ച 70 ലക്ഷം വാഹനങ്ങൾ കൂടി 2019നകം ഘട്ടം ഘട്ടമായി പരിശോധിക്കണമെന്നു ജപ്പാനിലെ ഗതാഗത മന്ത്രാലയം മേയിൽ നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതേ കാരണങ്ങളാൽ യു എസിലെ ഗതാഗത മന്ത്രാലയം വാഹന പരിശോധന വിപുലീകരിച്ചതിന്റെ ചുവടു പിടിച്ചായിരുന്നു ഈ നടപടി.
ഡ്രൈയിങ് ഏജന്റിന്റെ അസാന്നിധ്യത്തിൽ തകാത്ത എയർബാഗ് ഇൻഫ്ളേറ്ററിലെ അമോണിയം നൈട്രേറ്റ് അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്ലന്റ് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ചൂടേറിയതും ഈർപ്പമുള്ളതുമായ കാലാവസ്ഥകളിലാണ് എയർബാഗ് പൊട്ടിത്തെറിച്ച് അതിനുള്ളിലെ മൂർച്ചയേറിയ വസ്തുക്കൾ യാത്രികരെ പരുക്കേൽപ്പിക്കാൻ സാധ്യതയേറെ.

മുമ്പ് തകാത്ത കോർപറേഷൻ നിർമിത എയർബാഗുകളുടെ എറ്റവും വലിയ ഉപയോക്താക്കളായിരുന്നു ജാപ്പനീസ് വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഹോണ്ട. എന്നാൽ പുത്തൻ മോഡലുകളിൽ തകാത്ത എയർബാഗുകൾ ഉപയോഗിക്കില്ലെന്ന നിലപാടിലാണു കമ്പനി ഇപ്പോൾ. മാത്രമല്ല, സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന എയർബാഗ് മാറ്റി നൽകാൻ പോലും ഹോണ്ട തകാത്തയിൽ നിന്നുള്ള ഉൽപന്നം സ്വീകരിക്കുന്നില്ല. ഹോണ്ടയടക്കമുള്ള നിർമാതാക്കൾ കൈവിട്ടതോടെ തകാത്തയും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. 2014നു ശേഷം കമ്പനിയുടെ ഓഹരി വില 90 ശതമാനത്തോളം ഇടിഞ്ഞു. എയർബാഗിന്റെ പേരിലുള്ള നിയമയുദ്ധങ്ങളും നേരിട്ടേക്കാവുന്ന കനത്ത നഷ്ടപരിഹാര ബാധ്യതയുമൊക്കെ നേരിടാൻ വഴി കാണാതെ വലയുകയാണ് കമ്പനി ഇപ്പോൾ.  

Your Rating: