Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈഡ്രജനിൽ ഓടുന്ന ക്ലാരിറ്റി

honda-clarity Honda Clarity

ഹൈഡ്രജൻ ഇന്ധനമാക്കുന്നതും അഞ്ചു സീറ്റുള്ളതുമായ പുതിയ വാഹനം ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി പുറത്തിറക്കി. 67,000 ഡോളർ(ഏകദേശം 44.91 ലക്ഷം രൂപ) വില വരുന്നതിനാൽ പൂർണമായും മലിനീകരണ വിമുക്തമായ ‘ക്ലാരിറ്റി’ക്കു കാര്യമായ വിൽപ്പന പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ആദ്യ വർഷം ജപ്പാനിൽ വെറും 200 വാഹനം വിൽക്കാനാണു ഹോണ്ട ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം തന്നെ കൈവരിക്കാൻ പരിസ്ഥിതി മന്ത്രാലയം പോലുള്ള സർക്കാർ സ്ഥാപനങ്ങൾക്കു ‘ക്ലാരിറ്റി’ പാട്ടത്തിനു നൽകാനും മറ്റുമാണു കമ്പനിയുടെ പദ്ധതി. സർക്കാരിനു പുറമെ ചില ബിസിനസ് മേഖലകൾക്കും ഇത്തരം വാഹനത്തിൽ താൽപരമ്യുണ്ടെന്നു ഹോണ്ട അവകാശപ്പെടുന്നുണ്ടെങ്കിലും ഏതൊക്കെ തരം കമ്പനികളാണ് ‘ക്ലാരിറ്റി’യെ ഏറ്റെടുക്കുകയെന്നു വ്യക്തമാക്കിയിട്ടില്ല. ജപ്പാനു പുറമെ കലിഫോണിയയിലും ഇക്കൊല്ലം തന്നെ ‘ക്ലാരിറ്റി’ വിൽപ്പനയ്ക്കെത്തും; 60,000 ഡോളർ(40.22 ലക്ഷത്തോളം രൂപ) വില മതിക്കുന്ന വാഹനം പ്രതിമാസം 500 ഡോളർ(ഏകദേശം 33,515 രൂപ) നിരക്കിൽ പാട്ടത്തിനും ലഭിക്കും.

honda-clarity-1 Honda Clarity

അതേസമയം ജപ്പാനിലെ പാട്ടത്തുക കരാർ വ്യവസ്ഥകൾക്ക് അനുസൃതമായി വ്യത്യാസപ്പെടുമെന്നു ഹോണ്ട വിശദീകരിക്കുന്നു; എങ്കിലും മാസം 880 ഡോളർ(ഏകദേശം 58987 രൂപ) വാടകയ്ക്കു ‘ക്ലാരിറ്റി’ ലഭ്യമാക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കുള്ള ഇളവുകൾ ലഭിച്ചാൽ പാട്ടത്തുക ഇനിയും കുറയ്ക്കാമെന്നും ഹോണ്ട കരുതുന്നു. ഒറ്റ ടാങ്ക് ഇന്ധനത്തിൽ 750 കിലോമീറ്ററിലേറെ ഓടാൻ ‘ക്ലാരിറ്റി’ക്കു കഴിയും; ഇത്തരം സെഡാനുകളിൽ നിന്നു പ്രതീക്ഷിക്കാവുന്ന ഏറ്റവും ഉയർന്ന ദൂരപരിധിയുമാണിത്. വലിപ്പം കുറച്ചതിനൊപ്പം കരുത്തേറിയ ഫ്യുവൽ സെൽ വികസിപ്പിക്കാനായതോടെയാണ് ഹോണ്ടയ്ക്ക് ‘ക്ലാരിറ്റി’യിൽ മുമ്പത്തെ നാലിനു പകരം അഞ്ചു പേർക്ക് യാത്രാസൗകര്യം ഉറപ്പാക്കാനായത്. ആഗോളതലത്തിലെ പ്രധാന വാഹന നിർമാതാക്കളെല്ലാം ഹൈഡ്രജനിൽ നിന്ന് ഊർജം കണ്ടെത്തുന്ന ഫ്യുവൽ സെൽ മോഡലുകൾ വികസിപ്പിക്കുന്ന തിരക്കിലാണ്. അതേസമയം പാട്ടവ്യവസ്ഥയിൽ രാജ്യത്തെത്തിയ അപൂർവം ഫ്യുവൽ സെൽ വാഹനങ്ങൾ മാത്രമാണു നിലവിൽ ജപ്പാനിലുള്ളത്.

honda-clarity-2 Honda Clarity

ഇന്ധനമായ ഹൈഡ്രജനും അന്തരീക്ഷത്തിലെ ഓക്സിജനും സംയോജിക്കുമ്പോൾ പിറക്കുന്ന ജലമാണ് ഫ്യുവൽ സെൽ വാഹനങ്ങൾ പുറന്തള്ളുന്ന ‘മാലിന്യം’ എന്നതിനാൽ തികച്ചും മലിനീകരണ വിമുക്തമാണെന്നതാണ് ഇത്തരം മോഡലുകളുടെ പ്രധാന സവിശേഷത. സെഡാനായ ‘സിവിക്കി’നും മിനി വാനായ ‘ഒഡീസി’ക്കും പുറമെ റോബോട്ടായ ‘അസിമൊ’യിലുമൊക്കെ സമാന സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഹോണ്ട ഫ്യുവൽ സെൽ മേഖലയിൽ ഏറെ മുന്നിലുമാണ്. യു സിലെ പരിസ്ഥിതി സംരക്ഷണ ഏജൻസിയും കലിഫോണിയ എയർ റിസോഴ്സസ് ബോഡും അംഗീകരിച്ച ആദ്യ ഫ്യുവൽ സെല്ലും ഹോണ്ടയുടതാണ്; 2002ൽ തന്നെ കമ്പനി ഈ അംഗീകാരം നേടിയെടുത്തിരുന്നു.

Your Rating: