Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ പ്രളയം: പ്രത്യേക പദ്ധതികളുമായി ഹോണ്ട

Honda

പ്രളയക്കെടുതി നേരിട്ട ചെന്നൈയിലെ വാഹന ഉടമകൾക്ക് വിവിധ പദ്ധതികളുമായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) രംഗത്ത്. പ്രളയത്തിൽ തകരാർ സംഭവിച്ച കാറുകളുടെ അറ്റകുറ്റപ്പണിക്കു ലേബർ ചാർജ് ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചു. കൂടാതെ സ്പെയർപാർട്സ് വിലയിൽ 10% ഇളവും ആന്റി റസ്റ്റ്, പെയ്ന്റ് പ്രൊട്ടക്ഷൻ തുടങ്ങിയ മൂല്യ വർധിത സേവനങ്ങളുടെ നിരക്കിൽ 50% ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ നിലവിൽ ഹോണ്ടയുടെ ഇരുചക്രവാഹനമോ കാറോ ഉപയോഗിക്കുന്നവർ പുതിയ കാർ വാങ്ങുമ്പോൾ 20,000 രൂപയുടെ വരെ ലോയൽറ്റി ബോണസും അനുവദിക്കും. പ്രളയത്തിൽപെട്ട ഹോണ്ട കാർ മാറ്റി പുതിയ കാർ വാങ്ങാനെത്തുന്നവർക്കുള്ള ബോണസ് 30,000 രൂപ വരെയാണ്.

Honda Jazz Honda Jazz

പ്രളയബാധിക വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ സ്പെയർ പാർട്സ് ചെന്നൈയിലെ വെയർഹൗസിൽ എത്തിച്ചിട്ടുണ്ടെന്നും ഹോണ്ട കാഴ്സ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമുള്ള യന്ത്രഭാഗങ്ങൾ മറ്റു വെയർഹൗസുകളിൽ നിന്നു വിമാനമാർഗം ചെന്നൈയിൽ എത്തിച്ചു നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തി. ഈ സേവനത്തിന് ഉപയോക്താവിനോട് അധിക തുക ഈടാക്കില്ലെന്നും എച്ച് സി ഐ എൽ വ്യക്തമാക്കി. ചെന്നൈയിലെ പ്രളയക്കെടുതിയുടെ തീവ്രത തിരിച്ചറിഞ്ഞാണു കമ്പനി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചതെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കാറ്റ്സുഷി ഇനു അറിയിച്ചു. കമ്പനിയുടെ ധാരാളം കാറുകൾ പ്രളയജലത്തിൽ പൂർണമായും ഭാഗികമായും മുങ്ങിയിരുന്നു. ഇത്തരം കാറുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാനും എത്രയും വേഗം നിരത്തിൽ തിരിച്ചെത്തിക്കാനുമുള്ള സത്വര നടപടികളാണു കമ്പനി സ്വീകരിക്കുന്നതെന്ന് ഇനു വിശദീകരിച്ചു. പോരെങ്കിൽ പ്രളയബാധിത കാറുകളുടെ അറ്റകുറ്റപ്പണിക്കായി കൂടുതൽ സ്ഥലസൗകര്യം ലഭ്യമാക്കാൻ ഡീലർഷിപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Honda City Honda City

അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ ചെന്നൈയിലെ ഹോണ്ട കാഴ്സ് വർക്ഷോപ്പുകളിൽ കൂടുതൽ സാങ്കേതിക വിദഗ്ധരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഡീലർഷിപ്പുകളിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ ഏരിയ മാനേജർമാരെയും സർവീസ് ക്വാളിറ്റി ടീമുകളെയും കമ്പനി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ കാർ ഉടമകളുടെ ക്ലെയിമുകളിൽ അതിവേഗം തീർപ്പ് കൽപ്പിക്കാൻ ഇൻഷുറൻസ് കമ്പനികളുമായും ഹോണ്ട കാഴ്സ് സഹകരിക്കുന്നുണ്ട്. കൂടാതെ പ്രളയബാധിത കാറുകൾ കഴിവതും വേഗം വർക്ഷോപ്പിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇത്തരം വാഹനങ്ങൾക്കു മുൻഗണന നൽകാൻ റോഡ് അസിസ്റ്റൻസ് പദ്ധതിയിലെ പങ്കാളികളോടും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.