Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബെസ്റ്റ് ഡീൽ’ ഔട്ട്‌ലെറ്റുകൾ 200ലെത്തിക്കുമെന്ന് എച്ച് എം എസ് ഐ

honda-best-deals

ഉപയോഗിച്ച ഇരുചക്രവാഹന വിൽപ്പനയ്ക്കുള്ള ‘ബെസ്റ്റ് ഡീൽ’ ഔട്ട്‌ലെറ്റുകളുടെ എണ്ണം ഇരട്ടിയാക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഒരുങ്ങുന്നു. ഈ മേഖലയിലെ വിപുല സാധ്യത പരിഗണിച്ച് 2018 ആകുമ്പോഴേക്ക് ഇത്തരം ഷോറൂമുകളുടെ എണ്ണം 200 ആയി ഉയർത്താനാണു കമ്പനിയുടെ പദ്ധതി. കമ്പനിയുടെ 100—ാമതു ‘ബെസ്റ്റ് ഡീൽ’ പ്രീ ഓൺഡ് ഔട്ട്‌ലെറ്റ് കഴിഞ്ഞ ദിവസം മുംബൈയിലാണു പ്രവർത്തനം ആരംഭിച്ചത്.

ഹോണ്ട ഡീലർഷിപ്പുകൾക്കൊപ്പം പ്രവർത്തിക്കുന്ന ‘ബെസ്റ്റ് ഡീൽ’ ഔട്ട്ലെറ്റ് ശൃംഖല നിലവിൽ 19 സംസ്ഥാനങ്ങളിലെ 70 നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ.എസ്. ഗുലേറിയ അറിയിച്ചു.

ഉപയോഗിച്ച ഇരുചക്രവാഹന വിൽപ്പനയ്ക്കായി സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ഏക സംരംഭമാണു ബെസ്റ്റ് ഡീൽ. പ്രവർത്തനക്ഷമത സാക്ഷ്യപ്പെടുത്തിയ ഹോണ്ട പ്രീ ഓൺഡ് ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഈ ഔട്ട്‌ലെറ്റുകളിൽ വിൽപ്പനയ്ക്കുള്ളത്. എക്സ്ചേഞ്ച് വ്യവസ്ഥയിൽ എച്ച് എം എസ് ഐ എല്ലാത്തരം ഇരുചക്രവാഹനങ്ങളും വാങ്ങാറുണ്ടെങ്കിലും ‘ബെസ്റ്റ് ഡീൽ’ വഴി ഹോണ്ട മോഡലുകൾ മാത്രമാണു വിൽപ്പനയ്ക്കെത്തിക്കുകയെന്നു ഗുലേറിയ വിശദീകരിച്ചു. മറ്റു ബ്രാൻഡ് വാഹനങ്ങൾ ശ്രീറാം ഓട്ടോ മാളിനും ക്രെഡ് ആറിനുമൊക്കെ കൈമാറുകയാണത്രെ.

ബെസ്റ്റ് ഡീൽ വഴി വിൽക്കുന്ന ഇരുചക്രവാഹനങ്ങൾക്ക് ആറു മാസ വാറന്റിയും രണ്ടു സൗജന്യ സർവീസുമാണ് എച്ച് എം എസ് ഐയുടെ വാഗ്ദാനം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ബെസ്റ്റ് ഡീൽ മുഖേന 45,000 പുതിയ ഇടപാടുകാരെ കണ്ടെത്താനായെന്നും ഗുലേറിയ അവകാശപ്പെടുന്നു.