Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി വി ടിയുള്ള 3,879 ‘സിറ്റി’ തിരിച്ചു വിളിക്കാൻ ഹോണ്ട

Honda City

സോഫ്റ്റ്​വെയർ പിഴവ് പരിഹരിക്കാനായി ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ‘സിറ്റി’ തിരിച്ചുവിളിക്കുന്നു. 2014 ഫെബ്രുവരിക്കും നവംബറിനുമിടയ്ക്കു നിർമിച്ചു വിറ്റ, കണ്ടിന്വസ്ലി വേരിയബിൾ ട്രാൻസ്മിഷ(സി വി ടി)നുള്ള ‘സിറ്റി’യുടെ സോഫ്റ്റ്​വെയറിലാണ് എച്ച് സി ഐ എൽ പിഴവ് കണ്ടെത്തിയത്.

സി വി ടിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്​വെയറിൽ തകരാറുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു ഹോണ്ട ഈ വിഭാഗത്തിൽപെട്ട 3,879 ‘സിറ്റി’ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. സോഫ്റ്റ്​വെയർ തകരാർ പരിഹരിക്കാൻ ആഗോളതലത്തിൽ നടത്തുന്ന പരിശോധനയുടെ തുടർച്ചയായാണ് ഹോണ്ട ഇന്ത്യയിലും സി വി ടി ‘സിറ്റി’ തിരിച്ചുവിളിക്കുന്നത്.

പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ കമ്പനി നേരിട്ടു വിവരം അറിയിക്കും. തുടർന്നു ഡീലർഷിപ്പിലെത്തിക്കുന്ന കാറിന്റെ സോഫ്റ്റ്​വെയർ സൗജന്യമായി പരിഷ്കരിച്ചു നൽകുമെന്നാണ് എച്ച് സി ഐ എല്ലിന്റെ വാഗ്ദാനം. സി വി ടിയിലേക്കുള്ള ഹൈഡ്രോളിക് പ്രഷർ ഉയർത്തുന്ന വിധത്തിലാണു കമ്പനി സോഫ്റ്റ്​വെയർ പരിഷ്കരിച്ചിരിക്കുന്നത്.

പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ വിശദാംശങ്ങൾ ഹോണ്ടയുടെ വെബ്സൈറ്റിലും ലഭ്യമാണ്; കാറിന്റെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ(വി ഐ എൻ) എന്ന 17 അക്ക ആൽഫ ന്യൂമറിക് കോഡ് ഉപയോഗിച്ചാണ് ഈ വിവരം അറിയാൻ കമ്പനി അവസരമൊരുക്കിയിരിക്കുന്നത്.

തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ സൃഷ്ടിക്കുന്ന ഭീഷണിയെ തുടർന്ന് കഴിഞ്ഞ മാസം 2.23 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഹോണ്ട കാഴ്സ് ഇന്ത്യ തീരുമാനിച്ചിരുന്നു. നിർമാണ പിഴവിന്റെ പേരിൽ രാജ്യത്തു നടക്കുന്ന ഏറ്റവും വിപുലമായ വാഹന പരിശോധനയ്ക്കാണു ഹോണ്ട തുടക്കമിട്ടത്. ‘ജാസ്’, ‘സിറ്റി’, ‘സിവിക്’, ‘സി ആർ വി’ തുടങ്ങി എച്ച് സി ഐ എല്ലിന്റെ പഴയ മോഡലുകൾക്കായിരുന്നു പരിശോധന ബാധകം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.