Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാകിസ്ഥാനിലെ ബൈക്ക് ഉൽപ്പാദനം ഇരട്ടിയാക്കാൻ ഹോണ്ട

Honda logo

ഇന്ത്യയ്ക്കു പിന്നാലെ പാകിസ്ഥാൻ ഇരുചക്രവാഹന വിപണിയിലും പിടിമുറുക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ഒരുങ്ങുന്നു. പാകിസ്ഥാനിലെ ഷെയ്ഖ്പുരയിലെ നിർമാണശാലയുടെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കാനാണു ഹോണ്ടയുടെ പദ്ധതി. നിലവിൽ ആറു ലക്ഷം യൂണിറ്റാണു ശാലയുടെ വാർഷിക ഉൽപ്പാദനശേഷി. പാകിസ്ഥാൻ മോട്ടോർ സൈക്കിൾ വിപണിയിൽ പ്രതീക്ഷിക്കുന്ന വളർച്ച മുതലെടുക്കാനായി ശെയ്ഖ്പുര ശാലയുടെ ശേഷി മൂന്നു വർഷത്തിനകം 12 ലക്ഷം യൂണിറ്റിലെത്തിക്കാനാണു ഹോണ്ടയുടെ നീക്കം. വികസന പദ്ധതിക്കായി അഞ്ചു കോടി ഡോളർ(ഏകദേശം 527.12 കോടി പാകിസ്ഥാനി രൂപ) ആണു ചെലവ് പ്രതീക്ഷിക്കുന്നത്. ഒപ്പം 1,800 പുതിയ തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പടുമെന്നാണു പ്രതീക്ഷ.'

വികസനത്തിന്റെ ആദ്യഘട്ടത്തിൽ ഷെയ്ഖ്പുര ശാലയിൽ പുതിയ പ്രൊഡക്ഷൻ ലൈൻ സ്ഥാപിക്കാനാണു ഹോണ്ടയുടെ തീരുമാനം; അടുത്ത ഒക്ടോബറോടെ ഈ ലൈൻ പ്രവർത്തനക്ഷമമാവുമെന്നാണു കരുതുന്നത്. തുടർന്ന് ഘട്ടം ഘട്ടമായിട്ടാവും ശാലയുടെ ഉൽപ്പാദന ശേഷി 12 ലക്ഷം യൂണിറ്റോളം ഉയർത്തുക. ശാലയിലെ വികസന പ്രവർത്തനം പൂർത്തിയാവുന്നതോടെ പാകിസ്ഥാനിലെ ഹോണ്ടയുടെ മൊത്തം ഇരുചക്രവാഹന ഉൽപ്പാദന ശേഷി 13.50 ലക്ഷം യൂണിറ്റായിട്ടാണ് ഇയരുക.

പാകിസ്ഥാനിൽ ഹോണ്ടയ്ക്കു രണ്ടു മോട്ടോർ സൈക്കിൾ നിർമാണശാലകളാണുള്ളത്: ദക്ഷിണ മേഖലയിലെ കറാച്ചിയിലും വടക്കുകിഴക്കൻ ഭാഗത്തെ ഷെയ്ഖ്പുരയിലും. കറാച്ചി ശാലയിൽ പ്രതിവർഷം 1.50 ലക്ഷം യൂണിറ്റാണു നിലവിലെ ഉൽപ്പാദനശേഷി; ഷെയ്ഖ്പുരയിൽ ആറു ലക്ഷം യൂണിറ്റും. ഹോണ്ട ‘സി ഡി 70’, ‘സി ഡി ഡ്രീം’, ‘പ്രൈഡർ’, ‘സി ജി 125’, ‘സി ജി ഡ്രീം’, ‘ഡീലക്സ്’ എന്നീ ബൈക്കുകളാണു ഹോണ്ട ഷെയ്ഖ്പുരയിൽ ഉൽപ്പാദിപ്പിക്കുന്നത്. അതേസമയം പുതുവർഷത്തിൽ ഗുജറാത്തിലെ ശാല കൂടി പ്രവർത്തനക്ഷമമാവുന്നതോടെ ഹോണ്ടയുടെ ഇന്ത്യൻ ഉപസ്ഥാപനമായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ മൊത്തം ഉൽപ്പാദന ശേഷി പ്രതിവർഷം 58 ലക്ഷം യൂണിറ്റിലെത്തും.

സ്കൂട്ടറുകൾക്കു മാത്രമായി ആഗോളതലത്തിൽ തന്നെ സ്ഥാപിതമാവുന്ന ഏറ്റവും വലിയ ഫാക്ടറിയാണു ഗുജറാത്തിലേതെന്നാണ് എച്ച് എം എസ് ഐയുടെ അവകാശവാദം. അഹമ്മദബാദിൽ നിന്ന് 80 കിലോമീറ്ററകലെ മണ്ഡൽ താലൂക്കിലെ വിത്തൽപൂറിൽ 250 ഏക്കർ വിസ്തൃതിയിൽ 1,100 കോടി രൂപ ചെലവിലാണു ഹോണ്ട പുതിയ ശാല സ്ഥാപിതമാവുന്നത്. നിലവിൽ ഹരിയാനയിലെ മനേസർ ശാലയിൽ നിന്ന് 16 ലക്ഷവും രാജസ്ഥാനിലെ തപുകര ശാലയിൽ നിന്ന് 12 ലക്ഷവും കർണാടകത്തിലെ നരസാപൂർ ശാലയിൽ നിന്ന് 18 ലക്ഷവുമാണു ഹോണ്ടയുടെ വാർഷിക ഉൽപ്പാദനം. ഗുജറാത്തിലെ ശാല സ്കൂട്ടറുകൾ മാത്രം ഉൽപ്പാദിപ്പിക്കുമ്പോൾ മറ്റു മൂന്നു പ്ലാന്റുകളിലും മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും ഉൽപ്പാദിപ്പിക്കാവുന്ന ഫ്ളെക്സി അസംബ്ലി ലൈനുകളാണുള്ളതെന്നതാണു വ്യത്യാസം.