Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പനയിൽ 9 — 10 ലക്ഷം യൂണിറ്റ് വർധന മോഹിച്ച് എച്ച് എം എസ് ഐ

honda-activa

ഉൽപ്പാദന ശേഷി വർധിച്ച സാഹചര്യത്തിൽ ഇക്കൊല്ലത്തെ 10 ശതമാനത്തിലേറെ വളർച്ച നേടാനാവുമെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യ്ക്കു പ്രതീക്ഷ. 2016 — 17ൽ മൊത്തം 54.30 ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനമാണു കമ്പനി ലക്ഷ്യമിടുന്നത്; ഇതോടെ വിൽപ്പന കണക്കുകളിൽ മുൻപങ്കാളിയായ ഹീറോ മോട്ടോ കോർപുമായുള്ള അന്തരം ഗണ്യമായി കുറയ്ക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ഗീയർരഹിത സ്കൂട്ടറുകൾക്കുള്ള ആവശ്യം കുത്തനെ ഉയരുന്നതു മുതലെടുത്ത് ഇരുചക്രവാഹന വിപണിയുടെ മൂന്നിലൊന്നോളം വിഹിതം സ്വന്തമാക്കാമെന്നും കമ്പനി കരുതുന്നു. ഇക്കൊല്ലം ഇരുചക്രവാഹന വിപണി അഞ്ചു ശതമാനത്തിലേറെ വളർച്ച കൈവരിച്ചാൽ വിപണി വിഹിതം 30 — 33 ശതമാനത്തിലെത്തിക്കാനാവുമെന്നാണ് എച്ച് എം എസ് ഐയുടെ കണക്കുകൂട്ടൽ.

ഇതോടെ 2015 — 16ൽ 39% വിപണി വിഹിതമുണ്ടായിരുന്ന ഹീറോ മോട്ടോ കോർപുമായി കയ്യെത്തും ദൂരത്തെത്തുമെന്നും കമ്പനി സ്വപ്നം കാണുന്നു. അഞ്ചു വർഷം മുമ്പ് ഹീറോയും എച്ച് എം എസ് ഐയുമായി വിപണി വിഹിതത്തിൽ 30% അന്തരമുണ്ടായിരുന്നതാണ് ഇപ്പോൾ 10 ശതമാനത്തോളമായി കുറഞ്ഞിരിക്കുന്നത്. വായ്പകളുടെ പലിശ നിരക്ക് കുറയുകയും ശരാശരിയിലുമേറെ മഴ ലഭിക്കുകയും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മിഷൻ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുകയുമൊക്കെ ചെയ്തതോടെ വിപണി സാഹചര്യം അനുകൂലമാണെന്നാണ് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയയുടെ വിലയിരുത്തൽ. ‘ലിവൊ’, ‘ഷൈൻ എസ് പി’, ‘ഹോണറ്റ്’ തുടങ്ങിയവ ഉൾപ്പെടുന്ന പുത്തൻ മോട്ടോർ സൈക്കിൾ ശ്രേണിയുടെ പിൻബലത്തിൽ ഇക്കൊല്ലം 54.30 ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. സ്കൂട്ടർ വിപണിയിലെ ഉയർന്ന ആവശ്യം പരിഗണിക്കുമ്പോൾ ഈ വർഷം ശുഭകരമാവുമെന്ന് ഗുലേറിയ പ്രതീക്ഷ പ്രകടിപ്പിച്ചു.

വാർഷിക വിൽപ്പനയിൽ 2016 — 17ൽ ഒൻപതോ പത്തോ ലക്ഷം യൂണിറ്റിന്റെ വർധനയാണ് എച്ച് എം എസ് ഐ ഉന്നമിടുന്നത്. 2015 — 16ൽ മൊത്തം 42 ലക്ഷം യൂണിറ്റാണു കമ്പനി വിറ്റത്; ഇതിൽ 65 ശതമാനവും സ്കൂട്ടറുകളായിരുന്നു.
വരുന്ന മാർച്ചിനകം ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളിൽ മലിനീകരണ നിയന്ത്രണ ത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന എൻജിൻ ലഭ്യമാക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്. പരിഷ്കരിച്ച ‘ട്വിസ്റ്റർ’, ‘സ്റ്റണ്ണർ’ എന്നിവയും ഇക്കൊല്ലം പ്രതീക്ഷിക്കാം.  

Your Rating: