Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി സി സി ഐയുടെ പങ്കാളിയായി ഹ്യുണ്ടേയ് രംഗത്ത്

hyundai-motor

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡി(ബി സി സി ഐ)ന്റെ ഔദ്യോഗിക പങ്കാളിയാവാൻ ദക്ഷിണ കൊറിയയിൽ നിന്നുള്ള വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് രംഗത്ത്. ടെസ്റ്റ്, പരിമിത ഓവർ, ട്വന്റി 20 തുടങ്ങി അടുത്ത നാലു വർഷം ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിൽ ഔദ്യോഗിക കാർ പാർട്ണറാവാനാണു ബി സി സി ഐയും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയും ഒപ്പിട്ടത്. ഇതോടെ ഇന്ത്യയിലെ വിവിധ മത്സരവേദികളിൽ സംഘാടകരുടെയും ടീമുകളുടെയും യാത്രയ്ക്ക് ആവശ്യമായ പ്രീമിയം വാഹനങ്ങൾ ലഭ്യമാക്കാനുള്ള ചുമതല ഹ്യുണ്ടേയിക്കാവും. ഒപ്പം മത്സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളിൽ വാഹനങ്ങൾ പ്രദർശിപ്പിക്കാനും ട്വന്റി 20 മത്സരങ്ങളിൽ ടീം ഡഗ്ഔട്ടിലും പരസ്യം വയ്ക്കാനുമുള്ള അവകാശവും ഹ്യുണ്ടേയിക്കു ലഭിക്കും.കൂടാതെ ടൂർണമെന്റുകൾക്കു മുന്നോടിയായി സംഘടിപ്പിക്കുന്ന ട്രോഫി പര്യടനങ്ങളിലും കമ്പനി പങ്കാളിയായി രംഗത്തെത്തും. വരുന്ന നാലു വർഷത്തിനുള്ളിൽ ടെസ്റ്റ്, ഒ ഡി ഐ, ട്വന്റി 20 വിഭാഗങ്ങളിലായി 80 മത്സരങ്ങൾക്കെങ്കിലും ഇന്ത്യ ആതിഥ്യമരുളുമെന്നാണു പ്രതീക്ഷ.

പെപ്സിക്കു ശേഷം ഹ്യുണ്ടേയിയും ബി സി സി സി ഐയുടെ പങ്കാളിയാവാൻ രംഗത്തെത്തിയതായി സെക്രട്ടറി അനുരാഗ് താക്കുറാണു പ്രഖ്യാപിച്ചത്. നാലു വർഷത്തേക്കാണ് ഹ്യുണ്ടേയുമായുള്ള പങ്കാളിത്തമെന്നും ഇത്തരം ദീർഘകാല സഹകരണം എല്ലായ്പോഴും ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോരെങ്കിൽ മുമ്പ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലു(ഐ സി സി)മായി സഹകരിച്ച പരിചയവും ഹ്യുണ്ടേയിക്കുണ്ടെന്ന് താക്കൂർ വെളിപ്പെടുത്തി. ഇന്ത്യൻ ടീമിന്റെ നിലവിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഹ്യുണ്ടേയ് മോട്ടോറിനെ പോലുള്ള പങ്കാളികൾക്ക് പണത്തിനൊത്ത മൂല്യം ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇടപാടുകാരുമായുള്ള ആശയവിനിമയത്തിനും മൊത്തത്തിലുള്ള ബ്രാൻഡിങ്ങിനുമുള്ള മികച്ച അവസരമാണു ക്രിക്കറ്റ് നൽകുന്നതെന്നായിരുന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂവിന്റെ പ്രതികരണം.

Your Rating: