Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രേറ്റയ്ക്കായുള്ള കാത്തിരുപ്പ് കുറയും

creta-main Hyundai Creta

അവതരണ വേള മുതൽ തന്നെ ചൂടപ്പം പോലെ വിറ്റഴിയുന്ന കഥയാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യുടേത്. 2015 ജൂലൈയിൽ വിൽപ്പനയ്ക്കെത്തിയ ‘ക്രേറ്റ’ ഇപ്പോൾ ഇന്ത്യയിൽ നിന്നു വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ആവേശകരമായ സ്വീകരണം ലഭിച്ചതോടെ ഒരു ലക്ഷത്തോളം ബുക്കിങ്ങുകളാണ് ഇന്ത്യയിലും വിദേശത്തുമായി ‘ക്രേറ്റ’ വാരിക്കൂട്ടിയത്. ഇതിൽ 45,000 യൂണിറ്റോളമാണ് ഹ്യുണ്ടേയ് ഇതുവരെ നിർമിച്ചു നൽകിയത്. എസ് യു വിക്കുള്ള ആവശ്യം കുത്തനെ ഉയർന്നതോടെ പുതിയ ‘ക്രേറ്റ’യ്ക്കായി മൂന്നു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യവുമുണ്ട്. ഈ സാഹചര്യം പരിഗണിച്ച് ജൂൺ മുതൽ ‘ക്രേറ്റ’യുടെ പ്രതിമാസ ഉൽപ്പാദനം 12,500 യൂണിറ്റായി ഉയർത്താനാണു ഹ്യുണ്ടേയിയുടെ തീരുമാനം.

creta-2 Hyundai Creta

ഇതിൽ 10,000 യൂണിറ്റ് ആഭ്യന്തര വിപണിയിലും ബാക്കി വിദേശ വിപണികളിലും വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം. കൊളംബിയ, കോസ്റ്ററിക്ക, പെറു, പാനമ, ഒമാൻ, യു എ ഇ, സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ, നൈജീരിയ തുടങ്ങി എഴുപത്തി ഏഴോളം രാജ്യങ്ങളിലേക്കാണു ഹ്യുണ്ടേയ് ഇന്ത്യയിൽ നിർമിച്ച ‘ക്രേറ്റ’ കയറ്റുമതി ചെയ്യുന്നത്. തുടക്കത്തിൽ പ്രതിമാസം 6,000 ‘ക്രേറ്റ’ വീതമാണു ഹ്യുണ്ടേയ് ഉൽപ്പാദിപ്പിച്ചിരുന്നത്; എന്നാൽ വിപണിയുടെ ആദ്യ പ്രതികരണം കണ്ടപ്പോൾതന്നെ ഉൽപ്പാദനം ഉയർത്താൻ കമ്പനി തീരുമാനിച്ചിരുന്നു. നിലവിൽ മാസം തോറും 10,000 യൂണിറ്റിനടുത്താണു ‘ക്രേറ്റ’ ഉൽപ്പാദനം. ഇതിൽ ഏഴായിരത്തോളം ‘ക്രേറ്റ’ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്കെത്തുന്നു; ബാക്കി കയറ്റുമതിക്കായും നീക്കിവച്ചിരിക്കുന്നു.

creta-5 Hyundai Creta

ഡൽഹി ഷോറൂമിൽ 8.69 — 13.80 ലക്ഷം രൂപ വിലനിലവാരത്തിൽ വിൽപ്പനയ്ക്കെത്തുന്ന ‘ക്രേറ്റ’യിൽ മൂന്ന് എൻജിൻ സാധ്യതകളാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്: 1.6 ഗാമ ഡ്യുവൽ വി ടി വി ടി, 1.6 യു ടു സി ആർ ഡി ഐ വി ജി ടി, 1.4 യു ടു സി ആർ ഡി ഐ. ‘ക്രേറ്റ’യിൽ ‘1.6 എസ് എക്സ് പ്ലസ് ഡീസൽ എ ടി’ എന്ന പേരിൽ ഡീസൽ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷനും ഹ്യുണ്ടേയ് ലഭ്യമാക്കുന്നുണ്ട്.

Your Rating: