Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കൊല്ലം 1.65 ലക്ഷം കാർ കയറ്റുമതി ചെയ്യുമെന്നു ഹ്യുണ്ടേയ് ഇന്ത്യ

elite-i20

നടപ്പു സാമ്പത്തിക വർഷം 1.65 ലക്ഷം കാറുകൾ കയറ്റുമതി ചെയ്യുമെന്നു കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). കാർ കയറ്റുമതിയിൽ 2015 — 2016ലേതിനു സമാനമായ പ്രകടനം ആവർത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ഹ്യുണ്ടേയ് മോട്ടോർ മാനേജിങ് ഡയറക്ടർ വൈ കെ കൂ അറിയിച്ചു. ആഭ്യന്തര, കയറ്റുമതി വിപണികളിൽ മികച്ച വിജയമാണു കമ്പനി നേടിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2000 മുതൽ ഇന്ത്യൻ നിർമിത മോഡലുകൾ ഹ്യുണ്ടേയ് ലോക വിപണിയിൽ വിൽക്കുന്നുണ്ട്. നിലവിൽ 92 രാജ്യങ്ങളിലാണ് ഇന്ത്യയിൽ നിർമിച്ച കാറുകൾ ഹ്യുണ്ടേയ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, മധ്യ പൂർവ രാജ്യങ്ങൾ എന്നിവയാണു കമ്പനിയുടെ പ്രധാന കയറ്റുമതി വിപണികളെന്നും കൂ വെളിപ്പെടുത്തി.

ദശാബ്ദത്തോളം മുമ്പ് അൾജീരിയയിലേക്ക് 786 കാറുകൾ കപ്പൽ കയറ്റിയായിരുന്നു ചെന്നൈ തുറമുഖം വഴി ഹ്യുണ്ടേയ് മോട്ടോർ കയറ്റുമതി ആരംഭിച്ചത്. 2015 — 16 ആകുമ്പോഴേക്ക് കയറ്റുമതി 1.67 ലക്ഷം യൂണിറ്റോളമായി ഉയർന്നു. ഹ്യുണ്ടേയ് മോട്ടോറിന്റെ കയറ്റുമതി ഹബ്വായും എച്ച് എം ഐ എൽ മാറിയിട്ടുണ്ടെന്ന് കൂ വെളിപ്പെടുത്തി. 2004 മുതൽ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ ഹ്യുണ്ടേയിക്ക് ഒന്നാം സ്ഥാനവുമുണ്ട്.വാർഫേജ് ഇനത്തിലെ റീഫണ്ടായി ഹ്യുണ്ടേയ് മോട്ടോറിന് അവകാശപ്പെട്ട 19.69 കോടി രൂപയുടെ ചെക്ക് ചെന്നൈ പോർട്ട് ട്രസ്റ്റ് ചെയർമാൻ സിറിൽ സി ജോർജ് കമ്പനി എം ഡി: കൂവിനു കൈമാറി.

ചെന്നൈ തുറമുഖവുമായി കരാർ ഒപ്പിട്ട 2006 മുതൽ ഇതുവരെ 20 ലക്ഷത്തോളം കാറുകളാണു ഹ്യുണ്ടേയ് ഈ വഴി കയറ്റുമതി ചെയ്തത്; വാർഫേജ് റീഫണ്ടായി ഇതുവരെ 165 കോടി രൂപയാണു ഹ്യുണ്ടേയിക്കു ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തുറമുഖത്തെ സംഭരണ സൗകര്യം വിപുലീകരിക്കാൻ ചെന്നൈ പോർട്ട് ട്രസ്റ്റിനു പദ്ധതിയുണ്ടെന്നു സിറിൽ സി ജോർജ് അറിയിച്ചു. പ്രവർത്തന മേഖല ആധുനിക വൽക്കരിക്കുന്നതിനൊപ്പം വൃത്തിയുള്ള, ഹരിത തുറമുഖമായി മാറാനാണു ചെന്നൈയുടെ ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.  

Your Rating: