Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ രണ്ടാം ശാല സ്ഥാപിക്കാൻ ഹ്യുണ്ടായ്

Hyundai

ഇന്ത്യയിലെത്തി രണ്ടു പതിറ്റാണ്ടോളമാകുന്ന വേളയിൽ 4,500 കോടി രൂപയുടെ വികസന പദ്ധതികൾ ഏറ്റെടുക്കാൻ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് ഒരുങ്ങുന്നു. ഉൽപ്പാദനശേഷി 10 ലക്ഷം യൂണിറ്റിലെത്തിക്കാനായി പുതിയ നിർമാണശാല സ്ഥാപിക്കാനാണു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)ന്റെ പദ്ധതി.

ചെന്നൈയ്ക്കടുത്തു കാഞ്ചീപുരം ജില്ലയിലെ ഇരിങ്ങാട്ടുകോട്ടയിലുള്ള നിർമാണശാലയുടെ ശേഷി കമ്പനി പൂർണമായും വിനിയോഗിച്ച സാഹചര്യത്തിലാണു പുതിയ ഫാക്ടറിയെക്കുറിച്ചുള്ള ആലോചന. മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോൾ സന്ദർശന വേളയിൽ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ് ഗ്ലോബൽ ചെയർമാൻ ചുങ് മോങ് കൂവും ഇന്ത്യയിലെ രണ്ടാമത്തെ നിർമാണശാലയുടെ കാര്യം സ്ഥിരീകരിച്ചിരുന്നു. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും എച്ച് എം ഐ എല്ലിന്റെ പുതിയ ശാല സ്വന്തമാക്കാൻ ഗുജറാത്തും രാജസ്ഥാനും ആന്ധ്ര പ്രദേശുമൊക്കെ സജീവമായി രംഗത്തുണ്ട്. തൊഴിലാളി സമരങ്ങൾ അതിജീവിക്കാൻ ഏറെ ക്ലേശിക്കേണ്ടി വന്നതിനാൽ രണ്ടാമത്തെ ശാലയും തമിഴ്നാട്ടിൽ സ്ഥാപിക്കാൻ എച്ച് എം ഐ എല്ലിനു താൽപര്യമില്ലെന്നാണു സൂചന.

ഭാവിയുള്ള വിപണിയാണ് ഇന്ത്യയെന്നും അതുകൊണ്ടുതന്നെ ലഭ്യമായ സാധ്യതകൾ കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ബി എസ് സിയോ പറയുന്നു. ആദ്യഘട്ടത്തിൽ മൂന്നോ നാലോ ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ഫാക്ടറിയാണു കമ്പനി നിലവിൽ പരിഗണിക്കുന്നത്. ഭാവിയിലെ ആവശ്യത്തിനൊത്ത് ഉൽപ്പാദനം വർധിപ്പിക്കാവുന്ന വിധത്തിലാവും ശാലയുടെ രൂപകൽപ്പനയെന്നും സിയോ വ്യക്തമാക്കുന്നു.ഇതോടെ വിൽപ്പനയിലെന്നപോലെ ഉൽപ്പാദന ശേഷിയിലും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു തൊട്ടുപിന്നിലെത്തും. നിലവിൽ മാരുതി സുസുക്കിക്കു മാത്രമാണ് ഇന്ത്യയിൽ 10 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദനശേഷിയുള്ളത്.

പുതിയ മോഡലുകൾ അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ മുന്നേറാനാണു ഹ്യുണ്ടായ് നിരന്തരം ശ്രമിക്കുന്നത്. കഴിഞ്ഞയിടെ വിൽപ്പനയ്ക്കെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ‘എലീറ്റ് ഐ 20’, എൻട്രി ലവൽ സെഡാനായ ‘എക്സന്റ്’, കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’ എന്നിവയൊക്കെ ഈ തന്ത്രത്തിന്റെ ഭാഗമാണ്. വർഷം തോറും രണ്ടോ മൂന്നോ പുത്തൻ കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നു സിയോ വ്യക്തമാക്കുന്നു. ഹ്യുണ്ടായിൽ നിന്നുള്ള അടുത്ത അവതരണം വിവിധോദ്ദേശ്യ വാഹന(എം പി വി)മാകുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നിലവിൽ ഇന്ത്യൻ കാർ വിപണിയിൽ 16.6% വിഹിതമുള്ള ഹ്യുണ്ടായ് രണ്ടാം സ്ഥാനത്താണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.