Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടേയ് ഹൈബ്രിഡ് കാറുകൾ അടുത്ത വർഷം ഇന്ത്യയിൽ

hyundai-sonata-hybrid Hyundai Sonata Hybrid

അടുത്ത വർഷത്തോടെ ഇന്ത്യയിൽ സങ്കര ഇന്ധന കാറുകൾ വിൽപ്പനയ്ക്കെത്തിക്കാൻ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)നു പദ്ധതി. അടുത്ത വർഷം അവതരിപ്പിക്കുന്ന മോഡലുകളിലൂടെ ‘സോഫ്റ്റ് ഹൈബ്രിഡ്’ സാങ്കേതികവിദ്യ ഇന്ത്യയിൽ ലഭ്യമാക്കാനാണു കമ്പനി ഒരുങ്ങുന്നത്. ഇടത്തരം വിഭാഗത്തിലെ മോഡലുകളിലാവും തുടക്കത്തിൽ സങ്കര ഇന്ധന സാങ്കേതികവിദ്യ ഇടംപിടിക്കുകയെന്നും ഹ്യുണ്ടേയ് സൂചിപ്പിച്ചു. അതേസമയം പരമ്പരാഗത വൈദ്യുത — പെട്രോൾ ഹൈബ്രിഡാണോ ‘ബ്ലൂ ഡ്രൈവ്’ എന്നു വിളിപ്പേരുള്ള വൈദ്യുത — ഡീസൽ പവർട്രെയ്നാണോ ഇന്ത്യയിലെത്തുകയെന്നു ഹ്യുണ്ടേയ് വ്യക്തമാക്കിയിട്ടില്ല.

ഈ വർഷത്തിന്റെ തുടക്കത്തിൽ ജനീവ മോട്ടോർ ഷോയിലാണു ഹ്യുണ്ടേയ് സങ്കര ഇന്ധന കൺസപ്റ്റ് മോഡലായ ‘അയോണിക്’ അനാവരണം ചെയ്തത്. ഈ മോഡൽ യൂറോപ്പിലാവും ആദ്യ വിൽപ്പനയ്ക്കെത്തുകയെന്നാണു കമ്പനി നൽകുന്ന സൂചന. ജനീവയിൽ പ്രദർശിപ്പിച്ച മൂന്നു പവർട്രെയ്നുകളിൽ ഇന്ത്യയിലെത്താനുള്ള സാധ്യത പ്ലഗ് ഇൻ ഹൈബ്രിഡിനാണ്. ഈ മോഡലിനു കരുത്തേകുന്നത് 8.9 കിലോവാട്ട് അവർ ലിതിയം അയോൺ പോളിമർ ബാറ്ററിയാണ്; ബാറ്ററിയെ മാത്രം ആശ്രയിച്ചു കാർ 50 കിലോമീറ്റർ ഓടുമെന്നാണു ഹ്യുണ്ടേയിയുടെ വാഗ്ദാനം. കാറിലെ 1.6 ലീറ്റർ, ജി ഡി ഐ, നാലു സിലിണ്ടർ പെട്രോൾ എൻജിൻ കൂടിയാവുന്നതോടെ മൊത്തം കരുത്ത് 165 പി എസ് വരെ ഉയരും.

ആഗോളതലത്തിൽ ബദൽ ഇന്ധനങ്ങൾക്കായുള്ള അന്വേഷണം ഊർജിതമാണെങ്കിലും കാറുകളുടെ വൈദ്യുതീകരണമാണ് മിക്ക നിർമാതാക്കളും പിന്തുടരുന്ന പോംവഴി. കേന്ദ്ര സർക്കാർ‘ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ്’ (ഫെയിം) പദ്ധതി പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയിലും ഈ മേഖലയിൽ ഉണർവ് ദൃശ്യമായി തുടങ്ങിയത്. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ ഹ്യുണ്ടേയ് ‘സൊനാറ്റ’ പ്ലഗ് ഇൻ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ബാറ്ററിയിൽ ഓടുന്ന മോഡലുകൾ വ്യാപകമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെങ്കിൽ ‘എലീറ്റ് ഐ 20’, ‘ക്രേറ്റ’ തുടങ്ങിയ വിപണന സാധ്യതയേറിയ മോഡലുകളിലും സങ്കരഇന്ധന പവർട്രെയ്നുകൾ പ്രതീക്ഷിക്കാം.