Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടായ് കാറുകൾക്ക് 1 മുതൽ വിലയേറുന്നു

Hyundai to hike prices

കഴിഞ്ഞ ദിവസം വിപണിയിലെത്തിയ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’ ഒഴികെയുള്ള വാഹനങ്ങളുടെ വില വർധിപ്പിക്കാൻ കൊറിയയിൽ നിന്നുള്ള ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഒരുങ്ങുന്നു. ഓഗസ്റ്റ് ഒന്നു മുതലാണു ഹ്യുണ്ടായ് വാഹനങ്ങളുടെ വില ഉയരുക; മോഡൽ അടിസ്ഥാനത്തിൽ പരമാവധി 30,000 രൂപ വരെയാവും വർധന.

ചെറുകാറായ ‘ഇയോൺ’ മുതൽ സെഡാനുകളായ ‘വെർണ’യും ‘സൊനാറ്റ’യും പിന്നിട്ടു പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘സാന്റാ ഫെ’ വരെ നീളുന്നതാണു ഹ്യുണ്ടായിയുടെ മോഡൽ ശ്രേണി; ഡൽഹി ഷോറൂമിൽ 3.08 ലക്ഷം മുതൽ 30.21 ലക്ഷം രൂപ വരെയാണു വിവിധ മോഡലുകളുടെ വില.

പുതുമുഖമെന്ന നിലയിൽ ‘ക്രേറ്റ’യെ ഹ്യുണ്ടായ് ഇപ്പോഴത്തെ വില വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡൽഹി ഷോറൂമിൽ 8.59 ലക്ഷം മുതൽ 13.60 ലക്ഷം രൂപ വരെ വില നിശ്ചയിച്ചായിരുന്നു കമ്പനി ‘ക്രേറ്റ’ അവതരിപ്പിച്ചത്.

പതിവു ന്യായീകരണങ്ങൾ നിരത്തിയാണു ഹ്യുണ്ടായ് വാഹന വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്. ഉൽപ്പാദനചെലവിലെ വർധനയുടെ ഫലമായായണു വാഹന വില കൂട്ടേണ്ടി വന്നതെന്നു ഹ്യുണ്ടായ് മോട്ടോർ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ വിശദീകരിച്ചു. ഇത്രയും കാലം ഈ അധിക ബാധ്യത കമ്പനി ഏറ്റെടുത്തെങ്കിലും ഇനി വില ഉയർത്താതെ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണെന്നും അദ്ദേഹം അറിയിച്ചു.

വിൽപ്പന പ്രതീക്ഷിച്ച തലത്തിലേക്ക് ഉയരാത്ത സാഹചര്യത്തിൽ പല വാഹന നിർമാതാക്കളും കനത്ത വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതാവട്ടെ പല കമ്പനികളുടെയും ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലയിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ലെന്ന പൊതു വിലയിരുത്തലിനു വിരുദ്ധമാണ് ഹ്യുണ്ടായ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്നതും ശ്രദ്ധേയമാണ്.ഇന്ത്യൻ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാത്തുള്ള ഹ്യുണ്ടായ് വില വർധിപ്പിക്കാൻ തീരുമാനിച്ചതോടെ എതിരാളികളും ഇതേ പാത പിന്തുടരാൻ സാധ്യതയേറിയിട്ടുണ്ട്.