Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടേയിക്കായി കാർ നിർമിച്ചു നൽകാൻ കിയ

hyundai-grandi10-4 Hyundai Grand I10

ഉപസ്ഥാപനമായ കിയ മോട്ടോഴ്സിന്റെ നിർദിഷ്ട നിർമാണശാല പ്രയോജനപ്പെടുത്താൻ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനു പദ്ധതി. ഇന്ത്യയ്ക്കായി കൂടുതൽ കാറുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഹ്യുണ്ടേയ് ആന്ധ്ര പ്രദേശിലെ അനന്തപൂരിൽ കിയ മോട്ടോഴ്സ് സ്ഥാപിക്കുന്ന പുതിയ ശാലയുടെ സാധ്യത പ്രയോജനപ്പെടുത്തുക. ഹ്യുണ്ടേയ് മോട്ടോഴ്സിനായി കരാർ വ്യവസ്ഥയിൽ കാറുകൾ നിർമിച്ചു നൽകാൻ കിയ മോട്ടോഴ്സിനെ ചുമതലപ്പെടുത്താനാണു നീക്കം. ആഗോളതലത്തിലെ വാഹന നിർമാതാക്കൾക്കിടയിൽ അഞ്ചാം സ്ഥാനത്താണു ഹ്യുണ്ടേയ് — കിയ മോട്ടോഴ്സ്.

ആന്ധ്രയിലെ പുതിയ ശാലയ്ക്കായി 12,000 കോടിയോളം രൂപ നിക്ഷേപിക്കാനാണു കിയ മോട്ടോഴ്സ് ഒരുങ്ങഉന്നത്. മൂന്നു ലക്ഷത്തോളം യൂണിറ്റ് വാർഷിക ഉൽപ്പാദനശേഷിയുള്ള ശാലയുടെ പകുതിയോളം കിയ മോട്ടോഴ്സ് ഉപയോഗിക്കും. അവശേഷിക്കുന്ന ഉൽപ്പാദനശേഷിയാണു ഹ്യുണ്ടേയിക്കായി കാറുകൾ നിർമിച്ചു നൽകാൻ കമ്പനി വിനിയോഗിക്കുക. ഇന്ത്യൻ കാർ വിപണിയിൽ ഹ്യുണ്ടേയ് മോട്ടോർ ശ്രേണിക്കു താഴെയുള്ള വിഭാഗമാവും കിയ മോട്ടോർ നോട്ടമിടുകയെന്നാണു സൂചന. ഭാവി മോഡലുകൾക്കായി പ്ലാറ്റ്ഫോം പങ്കിടാനുള്ള സാധ്യതകളും ഹ്യുണ്ടേയിയും കിയ മോട്ടോഴ്സും തേടുന്നുണ്ട്. പ്ലാറ്റ്ഫോം ഒന്നാവുമെങ്കിലും രൂപകൽപ്പനയിലുള്ള വ്യത്യസ്തതയിലൂടെ രാജ്യത്തെ കാർ വിപണിയുടെ എല്ലാ വിഭാഗത്തിലും ഇടം നേടാനാണു ഹ്യുണ്ടേയ് — കിയ മോട്ടോഴ്സ് സഖ്യത്തിന്റെ പദ്ധതി.

ഇന്ത്യൻ കാർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോറിന്റെ സപ്ലയർമാരുടെ സേവനം പ്രയോജനപ്പെടുത്താനും കിയ മോട്ടോഴ്സിനു പരിപാടിയുണ്ട്. അനന്തപൂരിലെ പുതിയ ശാലയിൽ നിന്ന് 2019ൽ ഉൽപ്പാദനം ആരംഭിക്കുമെന്നാണു പ്രതീക്ഷ. വിദേശ വിപണികളിൽ അടുത്തയിടെ അരങ്ങേറ്റം കുറിച്ച ഹാച്ച്ബാക്കായ ‘പികാന്റൊ’യാവും കിയ മോട്ടോഴ്സിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്ന ആദ്യ മോഡൽ. ‘റിയൊ’ സബ് കോംപാക്ട് പോലെ താതതമ്യേന വില കുറഞ്ഞ നിർമാതാക്കളെന്ന നിലയിലാണു കിയ മോട്ടോഴ്സിന്റെ പ്രശസ്തി. കഴിഞ്ഞ വർഷം 30.50 ലക്ഷം വാഹനങ്ങളാണു കമ്പനി ആഗോളതലത്തിൽ വിറ്റത്.