Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെനെസിസിനു പ്രത്യേക ഷോറൂം തുറക്കാൻ ഹ്യുണ്ടേയ്

hyundai-genesis

കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനിയുടെ ആഡംബര വാഹന ബ്രാൻഡായ ജെനെസിസിന്റെ ആദ്യ ഷോറൂം ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ഇക്കൊല്ലം പ്രവർത്തനം തുടങ്ങും. ആഡംബര ബ്രാൻഡിനു വേറിട്ട വ്യക്തിത്വം നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹ്യുണ്ടേയ് മോട്ടോർ, ജെനെസിസിനായി പ്രത്യേക ഷോറൂം തുറക്കുന്നത്. മുടക്കുന്ന പണത്തിനൊത്ത മൂല്യം ഉറപ്പുനൽകുന്ന വാഹനങ്ങളുടെ നിർമാതാക്കൾ എന്നതാണ് ആഗോളതലത്തിൽ നിലവിൽ ഹ്യുണ്ടേയിക്കുള്ള വിലാസം. ലാഭസാധ്യതയേറിയ പ്രീമിയം വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു കഴിഞ്ഞ നവംബറിൽ ഹ്യുണ്ടേയ് പുതുബ്രാൻഡായ ജെനെസിസ് അവതരിപ്പിച്ചത്. നിലവിൽ ജർമനിയിൽ നിന്നുള്ള ബി എം ഡബ്ല്യുവും ഔഡിയും മെഴ്സിഡീസ് ബെൻസുമൊക്കെയാണ് ആഗോളതലത്തിൽ പ്രീമിയം വാഹന വിപണി വാഴുന്നത്.

കൊറിയൻ റീട്ടെയ്ൽ മേഖലയിലെ പ്രമുഖരായ ഷിൻസെഗെ ഗ്രൂപ് സ്ഥാപിക്കുന്നതും ആ രാജ്യത്തെ തന്നെ ഏറ്റവും വലുതുമായ ഷോപ്പിങ് മാളായയ സ്റ്റാർഫീൽഡ് ഹനത്തിലാവും ലോകത്തിലെ ആദ്യ ജെനെസിസ് ഷോറൂം പ്രവർത്തിക്കുക. മാൾ നിർമാണം ഇക്കൊല്ലം അവസാനത്തോടെ പൂർത്തിയാവുമെന്നാണു പ്രതീക്ഷ; മാൾ തുറക്കുന്നതിനൊപ്പം തന്നെ ജെനെസിസ് ഷോറൂമും പ്രവർത്തനക്ഷമമാവും.ജെനിസിസിനു പുറമെ യു എസിൽ നിന്നുള്ള ആഡംബര വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ല മോട്ടോഴ്സും പുതിയ സ്റ്റോറിനായി ഈ മാളിൽ ഇടംതേടുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ടെസ്ല ഷോറൂം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണു ഷിൻസെഗെ ഗ്രൂപ് വക്താവിന്റെ നിലപാട്. ജെനെസിസിനായി പ്രത്യേക ഷോറൂം തുറക്കുന്നതിനെക്കുറിച്ചു ഹ്യുണ്ടേയ് മോട്ടോറും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അടുത്ത വർഷത്തോടെ രാജ്യത്തു 10 ജെനെസിസ് സ്റ്റോർ തുറക്കാൻ ഹ്യുണ്ടേയിക്കു പദ്ധതിയുള്ളതായി ദക്ഷിണ കൊറിയൻ പത്രമായ ‘ഇലക്ട്രോണിക്സ് ടൈംസ്’ ആണു വാർത്ത പ്രസിദ്ധീകരിച്ചത്. തലസ്ഥാന നഗരത്തിൽ സമ്പന്നർ താമസിക്കുന്ന ഗൻഗ്നാം ജില്ലയിലും തെക്കുകിഴക്കൻ നഗരമായ ബുസാനിലുമൊക്കെ ജെനെസിസ് സ്റ്റോർ നിലവിൽവരുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. നിലവിൽ രണ്ടു മോഡലുകളാണു ജെനെസിസ് ശ്രേണിയിൽ വിൽപ്പനയ്ക്കുള്ളത്: ‘ജി 90’, ‘ജി 80’ എന്നിവ. 2020നകം എസ് യു വി അടക്കം നാലു പുതിയ മോഡലുകൾ കൂടി ജെനെസിസ് ശ്രേണിയിൽ അവതരിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. ഭാവിയിൽ ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളും ഈ ശ്രേണിയിൽ പുറത്തിറങ്ങുമെന്നു ഹ്യുണ്ടേയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.