Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്രേറ്റ’ ഉൽപ്പാദനം ഗണ്യമായി ഉയർത്താൻ ഹ്യുണ്ടായ്

creta-main

വിപണി നൽകിയ മികച്ച വരവേൽപ്പ് പൂർണമായും പ്രയോജനപ്പെടുത്താൻ പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്രേറ്റ’യുടെ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കുമെന്നു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). പ്രതിമാസ ഉൽപ്പാദനം 16 ശതമാനത്തോളം വർധിപ്പിച്ച് 7,000 യൂണിറ്റിലെത്തിക്കാനാണു കമ്പനിയുടെ നീക്കം. ജൂലൈയിൽ അരങ്ങേറ്റം കുറിച്ച ‘ക്രേറ്റ’യ്ക്ക് നാൽപതിനായിരത്തോളം ബുക്കിങ്ങുകളാണു ലഭിച്ചത്. ഉൽപ്പാദനം ഉയർത്തി ‘ക്രേറ്റ’ ലഭിക്കാനുള്ള കാത്തിരിപ്പിനു വിരാമമിടാനാണു ഹ്യുണ്ടായിയുടെ പദ്ധതി.

അവതരണ വേളയിൽ ജൂലൈ — ഡിസംബർ കാലത്തു പ്രതിമാസം 6,000 ‘ക്രേറ്റ’ ഉൽപ്പാദിപ്പിക്കാനാണു കമ്പനി ലക്ഷ്യമിട്ടിരുന്നതെന്നു ഹ്യുണ്ടായ് മോട്ടോർ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അറിയിച്ചു. എന്നാൽ വിപണിയിൽ ലഭിച്ച ഉജ്വല വരവേൽപ്പ് മുൻനിർത്തി സെപ്റ്റംബർ മുതൽ പ്രതിമാസ ഉൽപ്പാദനത്തിൽ 1,000 യൂണിറ്റിന്റെ വർധന വരുത്താനാണ് ഇപ്പോഴത്തെ തീരുമാനം. ‘ക്രേറ്റ’ ഉൽപ്പാദനം ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വാഹനഘടക നിർമാതാക്കളുടെ സഹകരണവും തേടിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വർധിപ്പിച്ച തലത്തിൽ ഉൽപ്പാദനം എത്തിയാലും ഡിസംബർ വരെ നിർമിക്കുന്ന ‘ക്രേറ്റ’ വിറ്റുകഴിഞ്ഞതും ഹ്യുണ്ടായിക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാഹനം ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് എത്രയും വേഗം ‘ക്രേറ്റ’ ലഭ്യമാക്കാനുള്ള ഊർജിത ശ്രമങ്ങളാണു കമ്പനി ആരംഭിച്ചിരിക്കുന്നത്. വാഹനം കാണുകയോ വില അറിയുകയോ ചെയ്യുംമുമ്പു തന്നെ പതിനയ്യായിരത്തോളം ബുക്കിങ്ങുകളാണു ‘ക്രേറ്റ’യെ തേടിയെത്തിയതെന്നു ശ്രീവാസ്തവ വിശദീകരിച്ചു. കഴിഞ്ഞ മാസം അവസാനിക്കുമ്പോൾ 40,000 പേർ ‘ക്രേറ്റ’യ്ക്കായി ബുക്കിങ് നടത്തി കാത്തിരിപ്പുണ്ട്.

അരങ്ങേറ്റ മാസമായ ജൂലൈയിൽ 6,783 ‘ക്രേറ്റ’യാണു ഹ്യുണ്ടായ് വിറ്റത്; കഴിഞ്ഞ മാസത്തെ വിൽപ്പനയാവട്ടെ 7,473 യൂണിറ്റായി ഉയർന്നു.‘ക്രേറ്റ’ ഇടംപിടിക്കുന്ന കോംപാക്ട് എസ് യു വി വിഭാഗത്തിൽ രാജ്യത്തെ പ്രതിമാസ വിൽപ്പന ശരാശരി 12,100 യൂണിറ്റായിരുന്നു. ഇതിൽ പകുതി സ്വന്തമാക്കുകയെന്ന മോഹത്തോടെയാണു ഹ്യുണ്ടായ് ‘ക്രേറ്റ’യെ പടയ്ക്കിറക്കിയത്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ‘ക്രേറ്റ’ വിജയിച്ചെന്നാണു പ്രാഥമിക വിൽപ്പന കണക്കുകൾ തെളിയിക്കുന്നതെന്നു ശ്രീവാസ്തവ അറിയിച്ചു. പോരെങ്കിൽ ‘ക്രേറ്റ’യുടെയും മറ്റും പിൻബലത്തിൽ റെക്കോർഡ് വിൽപ്പനയാണു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കഴിഞ്ഞ മാസം നേടിയത്: 2014 ഓഗസ്റ്റിൽ വിറ്റ 33,750 യൂണിറ്റിനെ അപേക്ഷിച്ച് 20.01% വർധനയോടെ 40,505 യൂണിറ്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.